28 April 2023 5:15 PM IST
Summary
- വിദേശത്ത് നിന്നും ജാതിക്കയ്ക്ക് ഏറെ ആവശ്യകാരുണ്ട്
ടെര്‍മിനല്‍ വിപണിയില്‍ കുരുമുളക് വരവ് ചുരുങ്ങിയത് ഉത്തരേന്ത്യന്‍ വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. പിന്നിട്ട ഏതാനും ദിവസങ്ങളായി കാര്‍ഷിക മേഖല കുരുമുളക് വില്‍പ്പന കുറച്ച് വിലക്കയറ്റ സാധ്യതകള്‍ക്ക് പിന്‍തുണ നല്‍കിയതോടെ അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ വിപണിയില്‍ നേരിട്ട് ഇറങ്ങാതെ കാര്‍ഷിക മേഖലകളില്‍ നിന്നും ചരക്ക്
സംഭരണ ശ്രമത്തിലാണ്. അതേ സമയം അഞ്ച് ദിവസങ്ങളില്‍ തുടര്‍ച്ചയായി കുരുമുളക് വില ഉയരുന്നത് ഓഫ് സീസണിലെ വിലക്കയറ്റത്തിനുള്ള തുടക്കമായാണ് ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകള്‍ കണക്ക് കൂട്ടുന്നത്. ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളില്‍ വില്‍പ്പനക്കാര്‍ കുറഞ്ഞതിനാല്‍ നാടന്‍ ചരക്കിന് ഡിമാന്റ് പ്രതീക്ഷിക്കാം. ഇതര ഉല്‍പാദന
രാജ്യങ്ങള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മലബാര്‍ മുളക് വില ഇനിയും ഉയരാം. ഈ വാരം ഇതിനകം ക്വിന്റ്റലിന് 500 രൂപ വര്‍ദ്ധിച്ച് അണ്‍ ഗാര്‍ബിള്‍ഡ് 48,500 രൂപയായി.
കറിമസാല വിപണി ഉണര്‍വില്‍
ഉത്തരേന്ത്യയില്‍ നിന്നുള്ള ഔഷധ വ്യവസായികള്‍ക്ക് ഒപ്പം കറിമസാല നിര്‍മ്മാതാക്കളും ജാതിക്ക, ജാതിപത്രി തുടങ്ങിയവ സംഭരിക്കാന്‍ ഉത്സാഹിച്ചു. കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലം ഇക്കുറി ഒട്ടുമിക്ക തോട്ടങ്ങളിലും ഉല്‍പാദനത്തില്‍ കുറവ് സംഭവിച്ചു. അതുകൊണ്ട് തന്നെ കാര്‍ഷിക മേഖലയില്‍ സ്റ്റോക്ക് നില ചുരുങ്ങിയെന്നാണ് കര്‍ഷകരുടെ പക്ഷം.
വിദേശത്ത് നിന്നും ജാതിക്കയ്ക്ക് ഏറെ ആവശ്യകാരുണ്ട്. പെരുന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞ സാഹചര്യത്തില്‍ അറബ് രാജ്യങ്ങള്‍ പുതിയ ഓര്‍ഡറുമായി രംഗത്ത് ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതിക്കാര്‍. ജാതിപ്പരിപ്പ് കിലോ 520 രൂപയിലും ജാതിപത്രി 1400 രൂപയിലും വിപണനം നടന്നു.
ഏലം വരവ് കുറഞ്ഞു
വിദേശ ഏലക്ക ലേലത്തില്‍ ഇറങ്ങുന്നതായുള്ള ആക്ഷേപങ്ങള്‍ക്കിടയില്‍ ഇന്ന് ഉത്പാദന മേഖലയില്‍ നടന്ന ലേലത്തില്‍ വരവ് കുറഞ്ഞു. ആകെ 20,369 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 19,690 കിലോയും വിറ്റഴിഞ്ഞു. ചരക്ക് വരവില്‍ കുറവ് സംഭവിച്ചെങ്കിലും വില ഉയര്‍ത്താന്‍ വാങ്ങലുകാര്‍ ഉത്സാഹം കാണിച്ചില്ല. മികച്ചയിനം ഏലക്ക 1707 രൂപയിലും ശരാശരി ഇനങ്ങള്‍ 1198 രൂപയിലും ലേലം നടന്നു.
വില ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയില്‍ വെളിച്ചെണ്ണ
നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. മാസാരംഭം അടുത്ത സാഹചര്യത്തില്‍ പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണ വില്‍പ്പന ഉയരുമെന്ന നിമനത്തിലാണ് മില്ലുകാര്‍.