image

27 Jun 2023 5:45 PM IST

Market

മഴയില്‍ കുതിര്‍ന്ന് റബര്‍, താരമായി കാപ്പി

Kochi Bureau

commodities market rate
X

Summary

  • വരവ് ചുരുങ്ങി ഏലം


ഗുണമേന്മ കുറവെന്ന പേരില്‍ രാജ്യത്തെ ഒരു പ്രമുഖ അവധി വ്യാപാര എക്സ്ചേഞ്ച് ഗോഡൗണില്‍ പത്ത് വര്‍ഷമായി കെട്ടികിടന്ന കുരുമുളക് വില കുറച്ച് വിറ്റഴിക്കാനുള്ള അണിയറ നീക്കം പുരോഗമിക്കുന്നു. വിയറ്റ്നാമില്‍ നിന്നും ഇറക്കുമതി നടത്തി, നാടന്‍ ചരക്കെന്ന വ്യാജേന കൈമാറാനുള്ള കുരുമുളകാണ് അന്ന് തടഞ്ഞുവെച്ചത്. ഗുണമേന്മ തന്നെയായിരുന്നു അന്ന് ഉത്പന്ന ഡെലിവറിക്ക് തടസമായത്. കാലപ്പഴക്കവും വേണ്ട വിധം സംരക്ഷിക്കാഞ്ഞത് മൂലം കൂടുതല്‍ മോശമായ ഈ ചരക്ക് രംഗത്ത് ഇറക്കുന്നതിന് പിന്നില്‍ ഉത്തരേന്ത്യന്‍ വന്‍ ശക്തികളാണ്. പിന്നിട്ട

ഒരുമാസമായി ടെര്‍മിനല്‍ മാര്‍ക്കറ്റ് കുരുമുളക് ക്ഷാമത്തിന്റെ പിടിയിലാണ്. ഈ അവസരത്തില്‍ സ്റ്റോക്ക് ഇറക്കിയാല്‍ വിറ്റഴിക്കാനാവുമെന്ന കണക്ക് കൂട്ടലിലാണവര്‍. ഗുണനിലവാരത്തിന്‍ പേരില്‍ 6000 ടണ്‍ കുരുമുളകാണ് തടഞ്ഞുവെച്ചത്, അതില്‍ 900 ടണ്‍ ഭക്ഷയോഗ്യമല്ലാത്തിനാല്‍ ഉടന്‍ നശിപ്പിക്കണമെന്ന ഉത്തരവ് അന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഇറക്കിയിരുന്നു.

മഴയില്‍ പ്രതീക്ഷയോടെ കാപ്പി

കാപ്പി ഉത്പാദന മേഖലകളില്‍ നിലവില്‍ മഴ അനുകൂലമായാണ് നീങ്ങുന്നത്. കാലാവസ്ഥയുടെ ആനുകൂല്യം ലഭ്യമായാല്‍ മികച്ച വിളവിന് സാഹചര്യം ഒരുങ്ങുമെന്ന നിലപാടിലാണ് കര്‍ഷകര്‍. സര്‍വകാല റെക്കോര്‍ഡ് വിലയില്‍ കാപ്പി വില്‍പ്പന പുരോഗമിക്കുന്നതിനാല്‍ തോട്ടങ്ങളിലെ ഓരോ ചലനങ്ങളെയും ഉത്പാദകര്‍ സസുക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വയനാട്ടില്‍ 54 കിലോ ഉണ്ട കാപ്പി 7600 രൂപയിലും കാപ്പി പരിപ്പ് ക്വിന്റ്റലിന് 25,000 രൂപയിലുമാണ്. ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ തിങ്കളാഴ്ച്ച രാത്രി റോബസ്റ്റ കാപ്പി വില പതിനഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ്. ആഗോള കാപ്പി കയറ്റുമതിയിലുണ്ടായ കുറവാണ് രാജ്യാന്തര തലത്തില്‍ കാപ്പിയെ സര്‍വകാല റെക്കോര്‍ഡ് വിലയിലേയ്ക്ക് ഉയര്‍ത്തിയത്.

തകര്‍ന്ന് റബ്ബര്‍

വടക്ക് -പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉടലെടുത്ത ന്യൂനമര്‍ദ്ദ ഫലമായി കേരള തീരം വരെ ന്യൂനമര്‍ദ്ദ പാദ രൂപം കൊണ്ട സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരാനുള്ള സാധ്യത റബര്‍ ടാപ്പിങ് രംഗം താറുമാറാക്കും. കാറ്റും മഴയും ശക്തമായതിനാല്‍ വെട്ട് നടത്താനാവാത്ത അവസ്ഥയിലായിരുന്നു ഇന്ന് ഒട്ട് മിക്ക തോട്ടങ്ങളിലും.

പുലര്‍ച്ചെ ടാപ്പിംഗിന് ഒരുങ്ങിയ പല കര്‍ഷകരും പ്രതികൂല കാലാവസ്ഥ മൂലം പിന്‍മാറി. അതേ സമയം ഉല്‍പാദന രംഗത്തെ പ്രതിസന്ധികള്‍ക്കിടയിലും ഷീറ്റ് വില ഉയര്‍ത്താന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ താല്‍പര്യം കാണിച്ചില്ല.

വരവ് ചുരുങ്ങി ഏലം

ലേല കേന്ദ്രത്തിലേയ്ക്കുള്ള ഏലക്ക വരവില്‍ ഗണ്യമായ ഇടിവ്. ഇന്ന് ലേലത്തിന് വന്നത് ആകെ 11,719 കിലോ ചരക്ക് മാത്രമാണ്, അതില്‍ 5519 കിലോ മാത്രമാണ് വിറ്റഴിഞ്ഞത്, പിന്നിട്ട നാല് മാസത്തിനിടയില്‍ ഇടപാടുകള്‍ ഇത്ര മാത്രം ചുരുങ്ങുന്നത് ഒരു പക്ഷേ ആദ്യമായാവാം. മികച്ചയിനങ്ങള്‍ കിലോ 1684 രൂപയിലും ശരാശരി ഇനങ്ങള്‍ 1156 രൂപയിലുമാണ്.