17 May 2023 6:00 PM IST
Summary
- കൊപ്ര സംഭരണ സംബന്ധിച്ച് കൃഷി വകുപ്പ് മൗനം പാലിക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവും.
വറ്റല്‍മുളക് ഉത്പാദനത്തിലെ റെക്കോര്‍ഡ് കുതിപ്പ് ഉത്പന്ന വിലയില്‍ ഇടിവ് സൃഷ്ടിക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. ആന്ധ്രയിലും തെലങ്കാനയിലും മാത്രമല്ല, അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലും ബംബര്‍ വിളവാണ് വറ്റല്‍മുളകിന്റെ കാര്യത്തില്‍. പിന്നിട്ട ഏതാനും മാസങ്ങളായ സംസ്ഥാനത്ത് വറ്റല്‍മുളക് ക്വിന്റ്റലിന് 27,500 രൂപയിലാണ് ഇടപാടുകള്‍ പുരോഗമിക്കുന്നത്. മൊത്തം ഉത്പാദനത്തില്‍ 35 ശതമാനം വര്‍ധനവാണ് ഇക്കുറി കണക്കാക്കുന്നത്. കീടബധകള്‍ മുളക് ചെടികളെ വന്‍തോതില്‍ കടന്നാക്രമിച്ചെങ്കിലും കര്‍ഷകരുടെ ശക്തമായ ചെറുത്ത് നില്‍പ്പും, മികച്ച കാലാവസ്ഥയും വിളവ് ഉയരാന്‍ അവസരം ഒരുക്കി. അനുകൂല കാലാവസ്ഥയില്‍ കര്‍ണാടകത്തില്‍ വിളവ് മികച്ച വിധം കുതിച്ചു കയറിയെന്നാണ് കാര്‍ഷിക മേഖലകളില്‍ നിന്നുള്ള വിലയിരുത്തല്‍. ആഭ്യന്തര കറിമസാല വ്യവസായികളും കയറ്റുമതിക്കാരും മുളക് ശേഖരിക്കുന്നുണ്ടങ്കിലും അധികോത്പാദനം വില തകര്‍ച്ചയ്ക്ക് വഴിഒരുക്കുമെന്ന കണക്ക് കൂട്ടലിലാണ് വിദേശ വ്യാപാരികള്‍. ഉത്പാദന കേന്ദ്രങ്ങളിലെ ഗോഡൗണുകള്‍ നിറഞ്ഞ് കവിഞ്ഞ സാചര്യത്തില്‍ വില്‍പ്പന സമ്മര്‍ദ്ദം വിലയില്‍ പ്രതിഫലിക്കാന്‍ ഇടയാക്കും. ഇതിന്റെ ചുവട് പിടിച്ച് കേരളത്തില്‍ വറ്റല്‍മുളക് വില 18,00020,000 ലേയ്ക്ക് അടുക്കാനാണ് സാധ്യത.
കാങ്കയം വിപണിയില്‍ കൊപ്ര 8000 രൂപയിലെ നിര്‍ണായക താങ്ങ് ഉത്പന്നത്തിന് നിലനിര്‍ത്താനാവുമോ അതോ നിരക്ക് വീണ്ടും ഇടിയുമോയെന്ന ആശങ്കയിലാണ് കാര്‍ഷിക മേഖല. ഗ്രാമീണ മേഖലകളില്‍ നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ ചെറുകിട വിപണികളില്‍ പച്ചതേങ്ങ ലഭ്യത ഉയര്‍ന്ന തലത്തിലാണ്. കൊപ്ര വന്‍തോതില്‍ വില്‍പ്പനയ്ക്ക് ഇറങ്ങുന്നത് മുന്‍ നിര്‍ത്തി മില്ലുകാര്‍ 11,200 ലേയ്ക്ക് താഴ്ന്നു. കൊച്ചി വിപണിയെ അപേക്ഷിച്ച് 1700 രൂപ താഴ്ന്നതിനാല്‍ സംസ്ഥാനത്തെ ചെറുകിട കര്‍ഷകര്‍ കൈവശമുള്ള എണ്ണ വിറ്റഴിക്കാന്‍ തിടുക്കം കാണിച്ചു. ഇതിനിടയില്‍ കൊപ്ര സംഭരണ സംബന്ധിച്ച് കൃഷി വകുപ്പ് മൗനം പാലിക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവും.
വിലയിടിഞ്ഞ് ചുക്ക്
ചുക്കിന് മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ നിലനില്‍ക്കെ ഉത്പന്ന വിലയില്‍ ഇടിവ്. 27,500 രൂപ വരെ കയറി ഇടപാടുകള്‍ നടന്ന മികച്ചയിനം ചുക്ക് വില പൊടുന്നനെ 24,000 ലേയ്ക്ക് താഴ്ന്നു. കയറ്റുമതി മേഖല സംഭരണ വില കുറച്ചത് സ്റ്റോക്കിസ്റ്റുകളെ വില്‍പ്പനയിലേയ്ക്ക് തിരിക്കുമെന്ന കണക്ക് കൂട്ടിലായിരുന്നു വാങ്ങലുകാര്‍. എന്നാല്‍ ഉത്പാദന മേഖല ചുക്ക് വില്‍പ്പനയ്ക്ക് താല്‍പര്യം കാണിച്ചില്ല. പച്ച ഇഞ്ചി വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ കുറഞ്ഞ വിലയ്ക്ക് ചുക്ക് വില്‍പ്പന നടത്തുന്നത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നാണ് ചുക്ക് ഉത്പാദകരുടെ പക്ഷം.
ലേല വിപണിയില്‍ പതറാതെ ഏലം
കുമളിയില്‍ ഇന്ന് നടന്ന ഏലക്ക ലേലത്തില്‍ 42,000 കിലോയില്‍ അധികം ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 38,800 കിലേയും വിറ്റഴിഞ്ഞു. കയറ്റുമതികകാരും ആഭ്യന്തര വാങ്ങലുകാരും ലേലത്തില്‍ താല്‍പര്യം കാണിച്ചിട്ടും മികച്ചയിനങ്ങള്‍ കിലോ 1498 രൂപയിലും ശരാശരി ഇനങ്ങള്‍ 1018 രൂപയിലും കൈമാറി.