16 Jun 2023 5:30 PM IST
Summary
- പാം ഓയില്‍ അടക്കമുള്ള അസംസ്‌കൃത എണ്ണകളുടെ ഇറക്കുമതി തീരുവ 5% ആയി കുറക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
നാളികേര മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രുക്ഷമാകും. വിദേശ പാചകയെണ്ണ ഇറക്കുമതി തീരൂവയില്‍ കേന്ദ്രം വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചത് ഫലത്തില്‍ ദക്ഷിണേന്ത്യയിലെ നാളികേര കര്‍ഷകരെ കടക്കെണിയിലാക്കും. സൂര്യകാന്തി, സോയാ എണ്ണകളുടെ ഇറക്കുമതി തീരുവ 17.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി കുറച്ച് കേന്ദ്രം പുതിയ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ രാത്രി മുതല്‍ ഇത് പ്രാബല്യത്തിലായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ രാജ്യത്തെ എണ്ണ കുരു കര്‍ഷകര്‍ക്ക് ഇനി കണ്ണീരിന്റെ ദിനങ്ങളാവും. ഇതിനിടയില്‍ പാം ഓയില്‍ അടക്കമുള്ള അസംസ്‌കൃത എണ്ണകളുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനമായി കുറക്കണമെന്ന ആവശ്യവും ശുദ്ധീകരണ ശാലകളില്‍ നിന്നും ഉയരുന്നുണ്ട്. എട്ട് മാസത്തെ താഴ്ന്ന നിലവാരത്തിലാണ് കൊപ്രയുടെ ഇടപാടുകള്‍ കേരളത്തില്‍ നടക്കുന്നത്. വാങ്ങല്‍ താല്‍പര്യം കുറഞ്ഞതും ഉത്പന്നതിന്റെ ലഭ്യത ഉയര്‍ന്നതും കൊപ്രയ്ക്ക് ഒപ്പം വെളിച്ചെണ്ണയിലും സമ്മര്‍ദ്ദമുളവാക്കുന്നു. കൊച്ചിയില്‍ എണ്ണ 12,200 ലും കൊപ്ര 7600 രൂപയിലുമാണ്, കാങ്കയത്ത് കൊപ്ര 7300 ലേയ്ക്ക് അടുത്തു.
ജാതിക്കയ്ക്ക് തിരിച്ചടി
ഉത്തരേന്ത്യയിലെ വന്‍കിട കറിമസാല വ്യവസായികള്‍ക്ക് ഒപ്പം ഔഷധ നിര്‍മ്മാതാക്കളും സംയുക്തമായി ജാതിക്ക, ജാതിപത്രി തുടങ്ങിയവ സംഭരിക്കാനിറങ്ങി. വ്യവസായികളുടെ വരവ് വിലക്കയറ്റത്തിന് വഴിതെളിക്കുമെന്ന വില്‍പ്പനക്കാര്‍ കണക്ക് കൂട്ടിയെങ്കിലും ചില കേന്ദ്രങ്ങളുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദഫലമായി വിപണിയില്‍ ജാതിക്കയ്ക്ക് തിരിച്ചടി നേരിട്ടു. പുതിയ ചരക്ക്, വില്‍പ്പനയ്ക്ക് ഇറങ്ങുന്ന അവസരം നോക്കിയുള്ള വ്യവസായികളുടെ വരവ് വിലക്കയറ്റത്തിന് വഴിതെളിച്ചില്ലന്ന് മാത്രമല്ല നിരക്ക് ഇടിയാനും ഇടയാക്കി. കാലടി വിപണിയില്‍ ജാതിക്ക കിലോ 220-260 രൂപയിലേയ്ക്ക് താഴ്ന്ന് കൈമാറ്റം നടന്നു. അതേ സമയം കൊച്ചിയില്‍ ഉത്പന്നം കരുത്ത് നിലനിര്‍ത്തി. വിദേശ കച്ചവടങ്ങള്‍ ഉറപ്പിച്ച കയറ്റുമതി സ്ഥാപനങ്ങള്‍ ഉണക്കും വലിപ്പവും കൂടിയ ചരക്കാണ് ശേഖരിക്കുന്നത്. ജാതിപരിപ്പ് കിലോ 500 രൂപയില്‍ വിപണനം നടന്നു.
കളം വിടാതെ ഏലം
കൊച്ചി ലേലത്തിലും ഏലക്ക വരവ് ശക്തമായിരുന്നു. വീണ്ടും അരലക്ഷം കിലോയ്ക്ക് മുകളില്‍ ഏലക്ക ലേലത്തിന് ഇറങ്ങിയത് കണക്കിലെടുത്താല്‍ അടുത്ത സീസണിന് മുന്നേ സ്റ്റോക്ക് വിറ്റുമാറാനുള്ള തിരക്കിട്ട് നീക്കം കാര്‍ഷിക മേഖലയില്‍ ഉടലെടുത്തതായി വിലയിരുത്താം. ഇന്നത്തെ ഏലക്ക ലേലത്തിന് വന്ന 55,276 കിലോ ഗ്രാം ചരക്കില്‍ 54,782 കിലോ ഏലക്കയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 1161 രൂപയിലും വലിപ്പം കൂടിയവ 1769 രൂപയിലും ലേലം നടന്നു.