3 May 2023 5:30 PM IST
Summary
- ഇന്ത്യന്‍ കുരുമുളക് വില ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഇറക്കുമതികാരെ ഇതിലേയ്ക്ക് ആകര്‍ഷിക്കുന്നത്
ശ്രീലങ്കയില്‍ നിന്നും 2500 ടണ്‍ കുരുമുളക് ഇന്ത്യയിലേയ്ക്ക് കയറ്റുമതിക്കുള്ള നടപടികള്‍ പൂര്‍ത്തിയായി. നികുതി രഹിതമായുള്ള ചരക്ക് വരവ് കേരളത്തിലെ കര്‍ഷകരുടെ താല്‍പര്യങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ഉത്പാദന മേഖല. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഉടമ്പടിയുടെ ഭാഗമായാണ് കൊളംബോ തുറമുഖത്ത് നിന്നും ചരക്ക് കയറ്റുമതിക്ക് ഒരുങ്ങുന്നത്. ഏകദേശം 800 കമ്പനികള്‍ ഇറക്കുമതിക്കായി ശ്രീലങ്കന്‍ വാണിജ്യമന്ത്രാലയത്തെ സമീപിച്ചെങ്കിലും 303 സ്ഥാപനങ്ങള്‍ക്കാണ് ഇറക്കുമതിക്ക് അനുമതി ലഭിച്ചത്. ഇതില്‍ സുഗന്ധവ്യഞ്ജന വ്യാപാരവുമായി പുലബന്ധം പോലും ഇല്ലാത്ത ബിനാമി സ്ഥാപനങ്ങളാണ് ഏറെയുമെന്നാണ് ലഭ്യമാവുന്ന സൂചന. ഏകദേശം എട്ട് ടണ്‍ വീതം കുരുമുളക് ഓരോ സ്ഥാപനത്തിനും ലഭിക്കും. ഇന്ത്യയുമായി ശ്രീലങ്ക വാണിജ്യ ഉടമ്പടിക്ക് തുടക്കം കുറിച്ച ആദ്യ വര്‍ഷങ്ങളില്‍ അര ഡസന്‍ സ്ഥാപനങ്ങള്‍ മാത്രമായിരുന്നു ഇറക്കുമതിക്കാരായി രംഗത്ത് ഉണ്ടായിരുന്നത്. ഇന്ത്യന്‍ കുരുമുളക് വില ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഇറക്കുമതികാരെ ഇതിലേയ്ക്ക് ആകര്‍ഷിക്കുന്നത്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 508 രൂപ.
മഴ തുടര്‍ന്നാല്‍ റബര്‍ ചുരത്തും
വേനല്‍ മഴ ഒരാഴ്ച്ച കൂടി തുടര്‍ന്നാല്‍ ഏതാനും മാസങ്ങളായി സ്തംഭിച്ച റബര്‍ വെട്ട് പുനരാരംഭിക്കാനാവുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ചെറുകിട കര്‍ഷകര്‍. റബര്‍ ഷീറ്റ് വില അടിക്കടി ഉയര്‍ത്തിയിട്ടും വ്യവസായികള്‍ക്ക് ആവശ്യാനുസരണം ചരക്ക് ലഭിക്കാത്തിനാല്‍ അവര്‍ വില വീണ്ടും വര്‍ധിപ്പിക്കുമെന്ന സൂചനകളും കര്‍ഷകരെ ടാപ്പിംഗിന് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. നിലവില്‍ നാലാം ഗ്രേഡ് കിലോ 155 രൂപ വരെ ഉയര്‍ന്നു. നിരക്ക് 162 ലേയ്ക്ക് മുന്നേറുമെന്ന വിപണി വൃത്തങ്ങളുടെ വിലയിരുത്തലും ഉത്പാദകരില്‍ പ്രതീക്ഷ പകരുന്നു. പല ജില്ലകളിലും വേനല്‍ മഴ ലഭ്യമായത് കണക്കിലെടുത്താല്‍ മാസത്തിന്റെ രണ്ടാം പകുതിയില്‍ ലാറ്റക്സ് വില്‍പ്പനയ്ക്ക് ഇറങ്ങാം. നിലവില്‍ കിലോ 97 രൂപയിലാണ് ലാറ്റക്സ് വ്യാപാരം നടക്കുന്നത്.
ശക്തമായ മത്സരത്തില്‍ ഏലം
ഏലക്ക ശേഖരിക്കാന്‍ വാങ്ങലുകാര്‍ ശക്തമായ മത്സരം ഇന്ന് കാഴ്ച്ചവെച്ചു. രാവിലെ കുമളിയില്‍ നടന്ന ലേലത്തിന് എത്തിയ 48,000 കിലോ ചരക്കില്‍ വലിയ പങ്ക് കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ചേര്‍ന്ന് കൈക്കലാക്കി. മികച്ചയിനങ്ങള്‍ കിലോ 1814 രൂപയിലും ശരാശരി ഇനങ്ങള്‍ 1174 രൂപയിലും ലേലം നടന്നു.
വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല
കൊപ്ര താഴ്ന്ന് വിലയ്ക്ക് കൈമാറാന്‍ ഉത്പാദകര്‍ വിസ്സമതിച്ചതോടെ മില്ലുകാര്‍ ക്വിന്റ്റലിന് 200 രൂപ ഉയര്‍ത്തി 8600 ന് ശേഖരിച്ചു. കൊച്ചിയില്‍ കൊപ്ര വില ഉയര്‍ന്നെങ്കിലും വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല.