image

19 May 2023 5:30 PM IST

Market

കുരുമുളക് വ്യാപാരത്തില്‍ തീ പാറുന്ന പോരാട്ടം, കൊപ്ര നിരാശയില്‍

Kochi Bureau

commodity market updation 19 05
X

Summary

  • കൊച്ചി ലേലത്തില്‍ ഏലക്ക ശേഖരിക്കാന്‍ വാങ്ങലുകാര്‍ ഉത്സാഹിച്ചത് വലിപ്പം കൂടി ഇനങ്ങളുടെയും ശരാശരി ഇനങ്ങളുടെയും വില ഉയര്‍ത്തി


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുരുമുളകിന് കൂടുതല്‍ ആവശ്യക്കാരെത്തിയത് വ്യാപാര രംഗം ചുടുപിടിക്കാന്‍ അവസരം ഒരുക്കി. ഒരാഴ്ച്ചയില്‍ ഏറെ തളര്‍ച്ചയില്‍ നീങ്ങിയ മുളക് വിപണിയുടെ തിരിച്ച് വരവിന് വഴിതെളിച്ചത് അന്തര്‍സംസ്ഥാന വാങ്ങലുകാരില്‍ നിന്നുള്ള ഡിമാന്റാണ്. ഉത്തരേന്ത്യകാര്‍ ഉത്സവകാല വേളയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള ചരക്ക് സംഭരണത്തിന് തുടക്കം കുറിച്ചത് വിപണിയുടെ അടിഒഴുക്കില്‍ തന്നെ മാറ്റം വരുത്താന്‍ ഇടയുണ്ട്.

വന്‍കിട പൗഡര്‍ യൂണിറ്റുകളും മുളക് വിപണിയിലേയ്ക്ക് തിരിയാനുള്ള സാധ്യതകള്‍ ഉത്പന്നത്തെ കൂടുതല്‍ ശക്തമാക്കാം. കേരളത്തിലെയും കര്‍ണാടകത്തിലെയും കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും കുരുമുളക് വില്‍പ്പനയില്‍ അടുത്ത വാരം സ്വീകരിക്കുന്ന നിലപാടിനെ ആസ്പദമാക്കിയാവും ഇനിയുള്ള മുന്നേറ്റം. ഇന്ത്യന്‍ കുരുമുളക് വിപണിയിലെ ചലനങ്ങളെ ഇതര ഉത്പാദന രാജ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 490 രൂപ.

കൊപ്ര നിരാശയില്‍

സംസ്ഥാന സര്‍ക്കാരിന്റെ കൊപ്ര സംഭരണം കടലാസില്‍ മാത്രമായി ഒതുങ്ങിയത് നാളികേര കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിലാക്കുന്നു. കൊപ്രയ്ക്ക് 10,860 രൂപ കേന്ദ്രം താങ്ങ് വില പ്രഖ്യാപിച്ചെങ്കിലും അതിന്റെ നേട്ടം ഉത്പാദകരില്‍ എത്തിക്കുന്നില്‍ സംസ്ഥാന കൃഷി വകുപ്പിന് വന്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. സംഭരണത്തിന്റെ അഭാവം മൂലം കെപ്രയുടെ വിപണി വില 8350 രൂപയിലേയ്ക്ക് ഇടിഞ്ഞു. 2510 രൂപയുടെ നഷ്ടത്തിലാണ് ഉത്പാദകര്‍ ചരക്ക് കൈമാറുന്നത്. അതേ സമയം അയല്‍ സംസ്ഥാനമായ തമിഴ്നാട് ഉത്പാദകരില്‍ നിന്നും കനത്തതോതില്‍ കൊപ്ര സംഭരിച്ച് കാര്‍ഷിക മേഖലയ്ക്ക് അവര്‍ കരുത്ത് പകരുകയാണ്. ചുരുങ്ങിയ ആഴ്ച്ചകളില്‍ ഏകദേശം 5000 ടണ്‍ കൊപ്ര താങ്ങ് വില പ്രകാരം കര്‍ഷകരില്‍ നിന്നും സംഭരിച്ചതായി അറിയുന്നു.

ഏലം പ്രതീക്ഷയില്‍

കൊച്ചി ലേലത്തില്‍ ഏലക്ക ശേഖരിക്കാന്‍ വാങ്ങലുകാര്‍ ഉത്സാഹിച്ചത് വലിപ്പം കൂടി ഇനങ്ങളുടെയും ശരാശരി ഇനങ്ങളുടെയും വില ഉയര്‍ത്തി. ഏകദേശം 40,000 കിലോ ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 39,900 കിലോയും വിറ്റഴിഞ്ഞു. ശക്തമായ വാങ്ങല്‍ താല്‍പര്യത്തില്‍ മികച്ചയിനം ഏലക്ക വില കിലോ 1662 രൂപയിലും ശരാശരി ഇനങ്ങള്‍ 1117 രൂപയിലും കൈമാറി. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ ഏലക്കയില്‍ താല്‍പര്യം കാണിക്കുന്നുണ്ട്, അതേ സമയം സൗദി അറേബ്യയുടെ അസാന്നിധ്യം വിലക്കയറ്റത്തിന് ആക്കം കുറച്ചു.