image

29 May 2023 5:30 PM IST

Market

വാടിവീണ് തേയില, കുരുമുളക് വിപണി ചൂട് പിടിച്ചേക്കും

Kochi Bureau

commodity market update
X

Summary

  • മഴയുടെ വരവ് മുന്നില്‍ കണ്ട് സ്റ്റോക്കിസ്റ്റുകള്‍ ഏലക്ക ലേലത്തില്‍ ഇറക്കാന്‍ തിടുക്കം കാണിക്കുന്നു.


കൊച്ചി വിപണിയില്‍ കുരുമുളക് വരവ് ഗണ്യമായി കുറഞ്ഞു. വിപണി ഓഫ് സീസണിലെ വിലക്കയറ്റത്തിന് ഒരുങ്ങുന്നുവെന്ന സൂചനയാണ് കര്‍ഷകരെ ചരക്ക് വില്‍പ്പനയില്‍ നിന്നും പിന്തിരിപ്പിച്ചത്. ഇടുക്കി, വയനാട്, പത്തനംതിട്ട മേഖലയിലെ സ്റ്റോക്കിസ്റ്റുകളും രംഗത്ത് നിന്നും അല്‍പ്പം അകന്നു. വിപണി ചൂടുപിടിക്കുമെന്ന് വ്യക്തമായതോടെ വിലക്കയറ്റത്തിന് തുരങ്കം വെക്കാന്‍ വാങ്ങലുകാര്‍ സംഘടിത നീക്കത്തിലാണ്. വിയറ്റ്‌നാം, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുമായി കഴിഞ്ഞ മാസം 1600 ടണ്‍ കുരുമുളക് ഇറക്കുമതി നടന്നുവെന്നും അതില്‍ ഒരു പങ്ക് കൊച്ചിയിലെത്തിയെന്നും അവര്‍ പ്രചരിപ്പിച്ചു.

എന്നാല്‍ ഈ ചരക്ക് ഇറക്കുമതി നടത്തിയത് എക്‌സ്‌പോര്‍ട്ട് ഓറിയന്റ്റല്‍ യൂണിറ്റുകളാണ്. മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റുകയെന്ന ലക്ഷ്യതോടെയുള്ള ഇറക്കുമതിയാണ് അവര്‍ നടത്തിയത്. കൊച്ചിയുടെ സമീപ പ്രദേശങ്ങളിലും ഈരാറ്റുപേട്ട, മാനന്തവാടി മേഖലകളിലെ ഗോഡൗണുകളിലുമാണ് ഇറക്കുമതി കുരുമുളക് എത്തിയത്. കാര്‍ഷിക മേഖലയില്‍ പരിഭ്രാന്തി പരത്തി താഴ്ന്ന വിലയ്ക്ക് ചരക്ക് കൈക്കലാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് കര്‍ഷകര്‍ ആരോപിച്ചു. ശക്തമായ ആഭ്യന്തര ഡിമാന്റുള്ളതിനാല്‍ വരും മാസങ്ങളിലും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കുരുമുളക് മികവ് കാണിക്കുമെന്ന നിഗമനത്തിലാണ് കര്‍ഷകര്‍. അണ്‍ ഗാര്‍ബിള്‍ഡ് മുളക് കിലോ 511 രൂപ.

വാടിവീണ് തേയില

തേയില ലേലത്തില്‍ വില ഇടിയുന്ന പ്രവണത ദൃശ്യമായി. കഴിഞ്ഞ ദിവസം കൊച്ചിയിലും കുന്നുരിലും നടന്ന ലേലങ്ങളില്‍ നിന്നും വാങ്ങലുകാര്‍ അല്‍പ്പം പിന്നോക്കം വലിഞ്ഞത് ഇല തേയിലകളുടെയും പൊടി തേയിലകളുടെയും വിലയെ ബാധിച്ചു. വന്‍കിട പാക്കറ്റ് നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഡിമാന്റ് മങ്ങിയത് മൂലം ഓര്‍ത്തഡോക്സ് പൊടി തേയില വില കിലോ രണ്ടു മുതല്‍ നാലു രൂപ വരെ ഇടിഞ്ഞു. കയറ്റുമതിക്കാര്‍ രംഗത്തുണ്ടെങ്കിലും നിരക്ക് ഉയര്‍ത്തി ലഭ്യത ഉറപ്പ് വരുത്താന്‍ അവരും തയ്യാറായില്ല. കേരളത്തിലും തമിഴ്നാട്ടിലും അനുകൂല കാലാവസ്ഥ ലഭ്യമായതോടെ തേയില ഉത്പാദനം ഉയരുന്നുണ്ട്. ലേല കേന്ദ്രങ്ങളില്‍ ഉത്പന്നത്തിന് വീണ്ടും തിരിച്ചടി നേരിട്ടാല്‍ ചരക്ക് നീക്കം കുറക്കാനുള്ള ഒരുക്കത്തിലാണ് പ്ലാന്റര്‍മാര്‍.

ബക്രീദ് മുന്നില്‍ കണ്ട് ഏലം

മഴയുടെ വരവ് മുന്നില്‍ കണ്ട് സ്റ്റോക്കിസ്റ്റുകള്‍ ഏലക്ക ലേലത്തില്‍ ഇറക്കാന്‍ തിടുക്കം കാണിക്കുന്നു. വാരാന്ത്യം 52,483 കിലോ ഏലക്ക ലേലത്തിന് എത്തിയതില്‍ 48,902 കിലോ ചരക്ക് മാത്രമേ വിറ്റഴിഞ്ഞുള്ളു. വരവ് ഉയരുമെന്ന നിഗമനത്തില്‍ വാങ്ങലുകാര്‍ ലേലത്തില്‍ അമിതാവേശം കാണിക്കുന്നില്ല. വിദേശ രാജ്യങ്ങളില്‍ നിന്നും ഏലത്തിന് ഓര്‍ഡറുകളുണ്ടെങ്കിലും കരുതലോടെയാണ് കയറ്റുമതിക്കാര്‍ ചരക്ക് സംഭരിക്കുന്നത്. ബക്രീദ് മുന്നില്‍ കണ്ടുള്ള ഏലക്ക സംഭരണ തിരക്കിലാണ് അറബ് രാജ്യങ്ങള്‍. മികച്ചയിനങ്ങള്‍ കിലോ 1616 രൂപയിലും ശരാശരി ഇനങ്ങള്‍ 1038 രൂപയിലും ലേലം കൊണ്ടു.

പ്രതീക്ഷയറ്റ വെളിച്ചെണ്ണ വിപണി

മാസാരംഭം അടുത്തങ്കിലും പ്രദേശിക വിപണികളില്‍ നിന്നും വെളിച്ചെണ്ണയ്ക്ക് അന്വേഷണങ്ങളില്ല. പാം ഓയില്‍ വില 9400 ലേയ്ക്ക് താഴ്ന്നതോടെ ഇതര പാചകയെണ്ണകള്‍ക്ക് ഡിമാന്റ് മങ്ങിയ അവസ്ഥയാണ്. അയല്‍ സംസ്ഥാനത്ത് നിന്നുള്ള വില്‍പ്പന സമ്മര്‍ദ്ദം വെളിച്ചെണ്ണ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. കാങ്കയത്ത് വെളിച്ചെണ്ണ 10,875 രൂപയായി ഇടിഞ്ഞു, കൊച്ചിയില്‍ നിരക്ക് 12,550 രൂപയാണ്.