image

24 April 2023 5:30 PM IST

Market

കാലവര്‍ഷം ദുര്‍ബലം; കളം പിടിച്ച് വിദേശ ഏലം

Kochi Bureau

കാലവര്‍ഷം ദുര്‍ബലം; കളം പിടിച്ച് വിദേശ ഏലം
X

Summary

  • ഉണര്‍വ്വോടെ കുരുമുളക്


അമേരിക്കന്‍ കാലാവസ്ഥ ഏജന്‍സിയായ നോവയുടെ വിലയിരുത്തലില്‍ ഇന്ത്യയില്‍ കാലവര്‍ഷം ദുര്‍ബലമാക്കുമെന്ന വിലയിരുത്തല്‍ റബര്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി മാറും. ജൂണിലാണ് ഇവിടെ റബര്‍ സീസണ്‍ ആരംഭം. എന്നാല്‍ കാലവര്‍ഷം പതിവിലും നേരത്തെ പിന്‍വലിഞ്ഞാല്‍ കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് റബര്‍ ഉത്പാദനം ഉയര്‍ത്താനാവില്ല. ഈ വര്‍ഷം കനത്ത ചുടിനെ തുടര്‍ന്ന് ജനുവരിക്ക് ശേഷം ടാപ്പിംഗ് നിലച്ചതിനാല്‍ ഷീറ്റിനും ലാറ്റക്‌സിനും കടുത്ത ക്ഷാമം നേരിടുന്നു. ഇതിനിടയില്‍ മഴയും കുറഞ്ഞാല്‍ വ്യവസായികള്‍ ആഭ്യന്തര മാര്‍ക്കറ്റിനെ തഴഞ്ഞ് ഇറക്കുമതിയിലേയ്ക്ക് തിരിയാന്‍ നിര്‍ബന്ധിതരാവും. കാലാവസ്ഥ നിര്‍ണായക ഘടകമാവുന്ന ജൂണ്‍-ജൂലൈയില്‍ കര്‍ഷകര്‍ പുതിയ ഷീറ്റ് കരുതല്‍ ശേഖരത്തിലേയ്ക്ക് നീക്കിയാല്‍ മെച്ചപ്പെട്ട വിലയ്ക്ക് അവസരം ലഭിക്കും. മുഖ്യ വിപണികളില്‍ നാലാം ഗ്രേഡ് കിലോ 152 ലും അഞ്ചാം ഗ്രേഡ് 150 ലും വിപണനം നടന്നു.

കളം പിടിച്ച് വിദേശ ഏലം

വിദേശ ഏലക്ക ഇറക്കുമതി വ്യാപകമായത് വിലക്കയറ്റത്തിന് തടസം സൃഷ്ടിച്ചതായുള്ള ആക്ഷേപം ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നു. ഗ്വാട്ടിമല ഏലം ലേല കേന്ദ്രങ്ങളില്‍ എത്തുന്നത് വിലക്കയത്തെ പിടിച്ചു നിര്‍ത്തിയയെന്നാണ് ഉത്പാദകരുടെ പക്ഷം. ഓഫ് സീസണിലും ഏലം മുന്നേറാന്‍ ക്ലേശിക്കുന്നതിനിടയില്‍ പല അവസരത്തിലും കനത്താതോതില്‍ ചരക്ക് എത്തുന്നതും കര്‍ഷകരുടെ സംശയം ബലപ്പെടുത്തുന്നു. ഇന്ന് നെടുക്കണ്ടത്ത് നടന്ന ലേലത്തില്‍ 48,000 കിലോ ഏലക്ക ലേലത്തിന് വന്നതില്‍ 43,523 കിലോ വിറ്റഴിഞ്ഞു. മികച്ചയിനങ്ങള്‍ കിലോ 1683 രൂപയിലും ശരാശരി ഇനങ്ങള്‍ 1143 രൂപയിലും ലേലം നടന്നു.

മാറ്റമില്ലാതെ നാളികേരം

നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. മില്ലുകാര്‍ കൊപ്ര സംഭരണത്തില്‍ കാണിച്ച തണുപ്പന്‍ മനോഭാവം വിലക്കയറ്റത്തിന് തടസമായി. വ്യവസായികള്‍ വെളിച്ചെണ്ണ വില്‍പ്പനയ്ക്ക് തിടുക്കം കാണിച്ചാല്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്.

ഉണര്‍വ്വോടെ കുരുമുളക്

അന്താരാഷ്ട്ര വിപണിയില്‍ മുഖ്യ ഉത്പാദന രാജ്യങ്ങള്‍ കുരുമുളക് വില ഉയര്‍ത്തിയ വിവരം പുറത്തുവന്നതോടെ ഇന്ത്യന്‍ മാര്‍ക്കറ്റിലും ഉണര്‍വ്. ഉത്തരേന്ത്യന്‍ വാങ്ങലുകാരില്‍ നിന്നുളള ഡിമാന്റില്‍ ഗാര്‍ബിള്‍ഡ് മുളക് വില കിലോ 501 രൂപയായി കയറി.