image

18 April 2023 5:15 PM IST

Market

ആഗോള വിപണിയില്‍ പിടിമുറുക്കി ഇന്ത്യന്‍ തേയില, റബര്‍ വിലയില്‍ ആശ്വാസം

Kochi Bureau

ആഗോള വിപണിയില്‍ പിടിമുറുക്കി ഇന്ത്യന്‍ തേയില, റബര്‍ വിലയില്‍ ആശ്വാസം
X

Summary

  • ഉയര്‍ന്ന താപനിലയില്‍ കരുതലോടെ ഏലം കര്‍ഷകര്‍


കയറ്റുമതി വിപണിയില്‍ ഇന്ത്യന്‍ തേയില മുന്നേറ്റം തുടരുകയാണ്. ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ആഘാതം രാജ്യാന്തര വിപണിയില്‍ നിന്നും അവരെ പിന്‍തിരിപ്പിച്ച തക്കത്തിനാണ് ഇന്ത്യന്‍ കയറ്റുമതി സമൂഹം ആഗോളതലത്തില്‍ പിടിമുറുക്കിയത്. മാര്‍ച്ചില്‍ അവസാനിച്ച ഒരു വര്‍ഷകാലയളവില്‍ ഇന്ത്യന്‍ തേയില കയറ്റുമതി 17.65 ശതമാനം ഉയര്‍ന്ന് 6582 കോടി രൂപയിലെത്തി. അറബ് രാജ്യങ്ങളും യുറോപ്പും ഇന്ത്യന്‍ ചായ കുടിക്കാന്‍ കാണിച്ച താല്‍പര്യം വിദേശ വിപണികളില്‍ വന്‍ ഡിമാന്റിന് അവസരം ഒരുക്കി. ഓര്‍ത്തഡോക്സ് ഇനം തേയിലയാണ് കയറ്റുമതിയില്‍ മുന്‍പന്തിയില്‍. കൊച്ചി ലേലത്തില്‍ ലീഫ്, ഡസ്റ്റ് ഇനങ്ങളുടെ വിലയില്‍ കാര്യമായ വ്യതിയാനമില്ല. ആഭ്യന്തര പാക്കറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഒപ്പം കയറ്റുമതിക്കാരും തേയില ശേഖരിക്കാന്‍ താല്‍പര്യം കാണിച്ചു.

റബര്‍ വിലയില്‍ ആശ്വാസം

റബര്‍ വില നീണ്ട ഇടവേളയ്ക്ക് ശേഷം കിലോഗ്രാമിന് 151 രൂപയിലേയ്ക്ക് പ്രവേശിച്ചത് ഉത്പാദന കേന്ദ്രങ്ങളില്‍ വന്‍ ആവേശം ഉളവാക്കി. അതേ സമയം സ്റ്റോക്കുള്ള ഷീറ്റ് വില്‍പ്പനയ്ക്ക് ഇറക്കാന്‍ കാര്‍ഷിക മേഖല കാര്യമായ ഉത്സാഹം കാണിച്ചില്ല. കാലവര്‍ഷത്തിന് തുടക്കം കുറിക്കാന്‍ ഇനിയും കാത്തിരിക്കമെന്നതിനാല്‍ ടാപ്പിങ് പുനരാംഭിക്കാന്‍ ഏറെ നാള്‍ വേണ്ടിവരുമെന്ന കണക്ക് കൂട്ടലിലാണ് കര്‍ഷകര്‍. അതുകൊണ്ട് റബര്‍ വില പുതിയ ഉയരങ്ങളിലേയ്ക്ക് ചുവടുവെക്കുമെന്ന നിഗമനത്തിലാണ് സ്റ്റോക്കിസ്റ്റുകള്‍. അതേസമയം തല്‍ക്കാലം കിലോ 300 ലേയ്ക്ക് ഉയരാനുള്ള സാഹചര്യമില്ലെന്ന റബര്‍ ബോര്‍ഡിന്റെ വെളിപ്പെടുത്തല്‍ വിപണിയിലെ കുതിപ്പിനെ തടയാന്‍ ഉപകരിക്കുമെന്ന നിഗമനത്തിലാണ് ടയര്‍ വ്യവസായികള്‍.

ഉയര്‍ന്ന താപനിലയില്‍ കരുതലോടെ ഏലം കര്‍ഷകര്‍

തേക്കടിയില്‍ നടന്ന ഏലക്ക ലേലത്തില്‍ വീണ്ടും ചരക്ക് വരവ് ഉയര്‍ന്നു. കൂടുതല്‍ ചരക്ക് എത്തിയത് മുന്‍ നിര്‍ത്തി ആഭ്യന്തര വ്യാപാരികള്‍ക്ക് ഒപ്പം കയറ്റുമതി രംഗത്തുള്ളവരും ഉത്പന്നത്തില്‍ താല്‍പര്യം കാണിച്ചു. മൊത്തം 61,414 കുലോ ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 56,827 കിലോയും വിറ്റഴിഞ്ഞു, ശരാശരി ഇനങ്ങള്‍ കിലോ 1296 രൂപയിലും മികച്ചയിനങ്ങള്‍ 1953 രൂപയിലും ലേലം കൊണ്ടു. ഉയര്‍ന്ന താപനില തുടരുന്നതിനാല്‍ കരുതലോടെയാണ് കര്‍ഷകര്‍ കൈവശമുള്ള ഏലക്ക വില്‍പ്പനയ്ക്ക് ഇറക്കുന്നത്.