21 Dec 2023 6:03 PM IST
Summary
- കൊക്കോ വിളവ് കുറഞ്ഞത് ചൊക്ലേറ്റ് വ്യവസായികളെ പ്രതിസന്ധിയിലാക്കി
- ഹൈറേഞ്ചില്‍ കാര്യമായി കൊക്കോ സ്റ്റോക്കില്ല
- കുരുളകുവില വീണ്ടും ഇടിഞ്ഞു
എല്‍നിനോ പ്രതിഭാസം മൂലം ആഗോള തലത്തില്‍ കൊക്കോ ഉല്‍പാദനത്തില്‍ ഇടിവ് സംഭവിച്ചു. മുഖ്യ ഉല്‍പാദന രാജ്യങ്ങിലെല്ലാം വിളവ് ചുരുങ്ങിയത് ചൊക്ലേറ്റ് വ്യവസായികളെ സമ്മര്‍ദ്ദത്തിലാക്കുന്നു. പശ്ചിമ ആഫ്രിക്കയിലെ കനത്ത മഴ, കൊക്കോയില്‍ കറുത്ത പോഡ് രോഗം പടരാന്‍ കാരണമായി. കൊക്കോയുടെ നിറം കറുപ്പായി മാറുന്നതിന് ഒപ്പം കായ ചീഞ്ഞഴുകുന്നതും വ്യാപകമായതിനൊപ്പം കൊക്കോയുടെ ഗുണനിലവാരവും കുറഞ്ഞു. സംസ്ഥാനത്ത് കൊക്കോ സീസണ്‍ അവസാനിച്ചതിനാല്‍ ഹൈറേഞ്ചില്‍ കാര്യമായി കൊക്കോ സ്റ്റോക്കില്ല. വിദേശത്ത് വില ഉയര്‍ന്നതോടെ ചോക്കേളേറ്റ് നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തി ചരക്ക് എടുത്തു. ആവശ്യാനുസരണം ചരക്ക് ലഭിക്കാതെ വന്നതോടെ കൊക്കോ വില കിലോ 245 ല്‍ നിന്നും 300 ലേയ്ക്ക് ഉയര്‍ത്തി. പച്ചക്കായ വില 50 ല്‍ നിന്നും ഇരട്ടിയായി.
കുരുമുളകിന്റെ വില ഇടിവ് കണ്ട് കര്‍ഷകരും ഇടനിലക്കാരും ചരക്ക് നീക്കം നിയന്ത്രിക്കുന്നു. ചുരുങ്ങിയ ദിവസങ്ങളില്‍ ഉല്‍പ്പന്ന വില ക്വിന്റലിന് 800 രൂപ ഇടിഞ്ഞ പശ്ചാത്തലത്തിലാണ് കാര്‍ഷിക മേഖല മുളകില്‍ പിടിമുറുക്കിയത്. കഴിഞ്ഞ വാരം ഇതേ ദിവസങ്ങളില്‍ ശരാശരി 38 മുതല്‍ 48 ടണ്‍ വരെ ചരക്ക് വില്‍പ്പനയ്ക്ക് എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വരവ് ചുരുങ്ങി. നിരക്ക് ഇനിയും ഇടിക്കാന്‍ ശ്രമം നടന്നാല്‍ വരവ് ചുരുങ്ങുന്നത് വിപണി ചൂടുപിടിക്കാനും അവസരം ഒരുക്കാം. അന്തര്‍സംസ്ഥാന വ്യാപാരികള്‍ രംഗത്തുണ്ട്. അതേസമയം ഇറക്കുമതി ചരക്ക് ഉത്തരേന്ത്യന്‍ വിപണികളില്‍ സ്റ്റോക്കുള്ളത് ഉല്‍പ്പന്നത്തില്‍ സമ്മര്‍ദ്ദം ഉളവാക്കുന്നു.
പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണയ്ക്ക് ഇനിയും ആവശ്യകാര്‍ കുറവ്, ക്രിസ്തുമസ് മുന്‍ നിര്‍ത്തി എണ്ണ വില്‍പ്പന ചൂടുപിടിക്കുമെന്ന നിഗമനത്തിലായിരുന്നു മില്ലുകാര്‍. എന്നാല്‍ വില്‍പ്പന തോത് ഉയരാഞ്ഞത് വരും ദിനങ്ങളില്‍ വിലയെ ബാധിക്കാം. വെളിച്ചെണ്ണ മൊത്തം 13,900 രൂപ.