20 Aug 2025 5:31 PM IST
Summary
ലേല കേന്ദ്രങ്ങളില്‍ ഏലക്ക വരവ് കൂടുന്നു
അന്താരാഷ്ട്ര റബര്‍ വിപണിയില്‍ വില തകര്‍ച്ച. ലേല കേന്ദ്രങ്ങളില്‍ ഏലക്ക വരവ് കൂടുന്നു. മാറ്റമില്ലാതെ വെളിച്ചണ്ണ വില.
അന്താരാഷ്ട്ര റബര്‍ വിപണിയില്‍ വില ഇടിഞ്ഞു. പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളില്‍ അലയടിച്ച വില്‍പ്പന സമ്മര്‍ദ്ദം റെഡി മാര്‍ക്കറ്റിലേയ്ക്കും വ്യാപിച്ചു. തായ്‌ലാന്‍ഡിലും ഇതര ഉല്‍പാദന രാജ്യങ്ങളില്‍ ടാപ്പിങ് സീസണ്‍ സജീവമായതും, ക്രൂഡ് ഓയില്‍ വില കുറച്ചതും റബറിനെ തളര്‍ത്തി. ബാങ്കോക്കില്‍ റെഡീ ഷീറ്റ് വില കിലോ നാല് രൂപ ഇടിഞ്ഞ് 181 രൂപയായി. കൊച്ചിയില്‍ നാലാം ഗ്രേഡ് 195 രൂപയില്‍ നിന്നും 191 ലേയ്ക്ക് ഇടിഞ്ഞു.
ലേല കേന്ദ്രങ്ങളില്‍ പുതിയ ഏലക്ക വരവ് ശക്തം. അഞ്ച് ദിവസങ്ങളില്‍ ഏഴ് ലക്ഷം കിലോ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങി. ഉയര്‍ന്ന കാര്‍ഷിക ചിലവുകള്‍ മൂലം പുതിയ ചരക്ക് ചെറുകിട കര്‍ഷകര്‍ തിരക്കിട്ട് വില്‍പ്പന നടത്തുന്നുണ്ട്. ശരാശരി ഇനങ്ങള്‍ കിലോ 2353 രൂപയിലും മികച്ചയിനങ്ങള്‍ 2910 രൂപയിലും കൈമാറി.
അറബ് രാജ്യങ്ങള്‍ ഉല്‍പ്പന്നം ശേഖരിക്കാന്‍ ഉത്സാഹിക്കുന്നതിനാല്‍ ലേലത്തില്‍ കയറ്റുമതിക്കാര്‍ സജീവമാണ്. ഉത്സവ ഡിമാന്റ് മുന്‍ നിര്‍ത്തി ആഭ്യന്തര വാങ്ങലുകാരും ഏലക്ക ശേഖരിച്ചു. ചെറുകിട കര്‍ഷകര്‍ ഓഫ് സീസണിലേയ്ക്ക് നീക്കിയിരിപ്പിന് തുടക്കം കുറിച്ചാല്‍ വില്‍പ്പന സമ്മ്ദദം നിയന്ത്രിക്കാനാവും. ഉത്സവ ഡിമാന്റ് മുന്‍ നിര്‍ത്തി ആഭ്യന്തര വാങ്ങലുകാരും ഏലക്ക സംഭരിക്കുന്നുണ്ട്.
നാളികേരോല്‍പ്പന്നങ്ങളുടെ വില കൊച്ചിയില്‍ നാലാം ദിവസവും സ്റ്റെഡി. തമിഴ്‌നാട്ടില്‍ ഇന്ന് വെളിച്ചെണ്ണ വില ക്വിന്റലിന് 325 രൂപയും കൊപ്രയ്ക്ക് 200 രൂപയും കുറഞ്ഞു. കാങ്കയത്തെ വന്‍കിട മില്ലുകാര്‍ കൊപ്ര സംഭരണം നിയന്ത്രിച്ചത് നിരക്ക് 20,900 ലേയ്ക്ക് താഴാന്‍ ഇടയാക്കി എന്നാല്‍ കൊച്ചിയില്‍ കൊപ്ര 22,400 രൂപയില്‍ വിപണനം നടന്നു.