image

8 Aug 2025 5:43 PM IST

Commodity

വെളിച്ചെണ്ണവില താഴോട്ട്; കുരുമുളക് വരവ് കുറഞ്ഞു

MyFin Desk

commodities market rate 08 08 2025
X

Summary

ജാതിക്കാവിപണി സജീവമാകുന്നു


ജാതിക്ക, ജാതിപത്രി തുടങ്ങിയവ ശേഖരിക്കാന്‍ ഔഷധ നിര്‍മ്മാതാക്കളും വിവിധ കറിമസാല വ്യവസായികളും കേരളത്തിലെ വിപണികളില്‍ താല്‍പര്യം കാണിച്ചു. മികച്ചയിനം ചരക്കിന് വിദേശ വിപണികളില്‍ നിന്നും അന്വേഷണങ്ങള്‍ എത്തിയത് മധ്യകേരളത്തിലെയും ഹൈറേഞ്ചിലെയും വിപണികളില്‍ ചെറിയ ഉണര്‍വിന് അവസരം ഒരുക്കുമെന്ന കണക്ക് കൂട്ടലിലാണ് സ്റ്റോക്കിസ്റ്റുകള്‍. കാലടി വിപണിയില്‍ മികച്ചയിനം ജാതിക്ക തൊണ്ടന്‍ കിലോ 300 രൂപ വരെയും ജാതിപരിപ്പ് 590 രൂപ വരെയും കയറി ഇടപാടുകള്‍ നടന്നു. എന്നാല്‍ ഗുണനിലവാരം കുറഞ്ഞ ചരക്ക് നിരക്ക് ഉയര്‍ത്തി ശേഖരിക്കാന്‍ ഉത്തരേന്ത്യന്‍ വ്യവസായികള്‍ തയ്യാറായില്ല.

നാളികേരോല്‍പ്പന്ന വിപണിയിലെ തളര്‍ച്ച തുടരുന്നു. തമിഴ്നാട്ടില്‍ ഇന്ന് വെളിച്ചെണ്ണ വില ക്വിന്റലിന് 675 രൂപ ഇടിഞ്ഞതിന്റെ ചുവട് പിടിച്ച് കൊച്ചി മാര്‍ക്കറ്റിലും എണ്ണ വില താഴ്ന്നു. വന്‍കിട സ്റ്റോക്കിസ്റ്റുകള്‍ പച്ചതേങ്ങയും കൊപ്രയും വില്‍പ്പനയ്ക്ക് തിടുക്കം കാണിച്ചു. ഇത് വിപണിയെ കൂടുതല്‍ തളര്‍ത്തുമെന്ന ഭീതിയില്‍ വന്‍കിട മില്ലുകാര്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 32,675 രൂപയായി ഇടിച്ച് പരമാവധി വിറ്റുമാറാനുള്ള ശ്രമത്തിലായിരുന്നു. കൊച്ചിയില്‍ എണ്ണ വില 36,900 രൂപയായി താഴ്ന്നു.

നടപ്പ് വര്‍ഷം ആദ്യ പകുതിയില്‍ വിയറ്റ്നാമിന്റെ കുരുമുളക് കയറ്റുമതിയില്‍ വര്‍ദ്ധന. യൂറോപും അറബ് രാജ്യങ്ങളും അവിടെ നിന്നും കുടുതല്‍ കുരുമുളക് ശേഖരിച്ചതാണ് ഇതിന് കാരണമായത്. ഉല്‍പാദന കുറവ് വിലയിരുത്തിയാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ആകര്‍ഷകമായ വിലയ്ക്ക് അവസരം ഒരുങ്ങുമെന്നാണ് കണക്ക് കൂട്ടല്‍. കേരളത്തില്‍ കുരുമുളകിന് വില്‍പ്പനക്കാര്‍ കുറവാണ്. ഇടുക്കി വയനാട് പത്തനംതിട്ട ഭാഗങ്ങളില്‍ നിന്നും കൊച്ചി വിപണിയിലേയ്ക്കുള്ള ചരക്ക് വരവ് ചുരുങ്ങി. അണ്‍ ഗാര്‍ബിള്‍ഡ് 67,000 രൂപയില്‍ വ്യാപാരം നടന്നു.