13 May 2025 5:58 PM IST
Summary
വെളിച്ചെണ്ണയ്ക്ക് മൂന്ന് ദിവസംകൊണ്ട് 500 രൂപ വര്‍ധിച്ചു
നാളികേരോല്‍പ്പന്ന വിപണി ചൂടുപിടിച്ചു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് ഉയര്‍ന്നവില ഉറപ്പ് വരുത്താനായി. വില ഉയരുന്ന തക്കത്തിന് സ്റ്റോക്കുള്ള ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കിയാല്‍ മെച്ചപ്പെട്ട വിലയ്ക്ക് കൈമാറാന്‍ അവസരം ലഭിക്കുമെന്നത് ഇന്നലെ സൂചന നല്‍കിയതാണ് . കൊച്ചിയില്‍ വെളിച്ചെണ്ണയ്ക്ക് 200 രൂപ ഉയര്‍ന്ന് ക്വിന്റലിന് 27,100 രൂപയായി, മൂന്ന് ദിവസംകൊണ്ട് 500 രൂപയാണ് വര്‍ധിച്ചത്. കാങ്കയം അടക്കമുള്ള വിപണികളില്‍ കൊപ്രയ്ക്കും പച്ചതേങ്ങയ്ക്കും രുക്ഷമായ ക്ഷാമം തുടരുകയാണ്. കാങ്കയത്ത് വെളിച്ചെണ്ണ 25,850 രൂപയിലും കൊപ്ര 17,700 രൂപയിലുമാണ് വ്യാപാരം.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും അല്‍പ്പം നേരത്തെ കേരളത്തില്‍ വിരുന്നെത്തുമെന്ന സൂചന റബര്‍ മേഖലയില്‍ ആവേശം ജനിപ്പിച്ചു. ജനുവരിക്ക് ശേഷം കനത്ത വരള്‍ച്ചയില്‍ സ്തംഭിച്ച റബര്‍ ടാപ്പിങ് രംഗം അടുത്ത രണ്ടാഴ്ച്ചകള്‍ പിന്നിടുന്നതോടെ വീണ്ടും സജീവമാകും. അന്താരാഷ്ട്ര റബര്‍ മാര്‍ക്കറ്റിന് നേരിയ ഉണര്‍വ് അനുഭവപ്പെട്ടു. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വിപണനം പുനരാരംഭിച്ച ബാങ്കോക്കില്‍ ഷീറ്റ് വില 20,800 രൂപയായി ഉയര്‍ന്നു. സംസ്ഥാനത്ത് ഷീറ്റ് ക്ഷാമം രൂക്ഷമായതോടെ ടയര്‍ നിര്‍മ്മാതാക്കള്‍ നാലാം ഗ്രേഡ്ഷീറ്റ് വില 100 രൂപ ഉയര്‍ത്തി 19,600 രൂപയായും അഞ്ചാംഗ്രേഡ് 19,300രൂപയിലും ശേഖരിച്ചു. ഇതിനിടയില്‍ യുഎസ് - ചൈന വ്യാപാര യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം പുറത്തുവന്നതോടെ ഇന്ത്യന്‍ കയറ്റുമതി മേഖല പുതിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ട അവസ്ഥയിലാണ്. ചൈനീസ് ഉല്‍പ്പന്നങ്ങളുമായി കടുത്ത മത്സരങ്ങളില്‍ നാം ഏര്‍പ്പെടേണ്ടിവരുന്ന സാഹചര്യമാണ് മുന്നിലുള്ളത്. പ്രതിസന്ധിമറികടക്കാന്‍ അമേരിക്കയുമായുള്ള ഉഭയകക്ഷിവ്യാപാര കരാര്‍ വേഗത്തിലാക്കാന്‍ വാണിജ്യമന്ത്രാലയം നീക്കംനടത്താം.
ഉല്‍പാദന മേഖലയില്‍ നടന്ന ഏലക്കലേലത്തില്‍ അരലക്ഷം കിലോചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങി. കാലവര്‍ഷത്തിന്റെ വരവ്് മുന്നില്‍ കണ്ട് സ്റ്റോക്കുള്ള ചരക്ക് വിറ്റുമാറാന്‍ ചിലകേന്ദ്രങ്ങള്‍ നീക്കം തുടങ്ങി. മൊത്തം 52,991 കിലോ ഏലക്കയാണ് ലേലത്തിന് എത്തിയത്. അതില്‍ 49,949 കിലോയും വിറ്റഴിഞ്ഞു. ഗള്‍ഫ് ഓര്‍ഡര്‍ മുന്നില്‍ കണ്ട് ഏലക്ക സംഭരിക്കാന്‍ കയറ്റുമതി മേഖല ഉത്സാഹിച്ചു. ആഭ്യന്തര വ്യാപാരികളും രംഗത്ത് സജീവമായിരുന്നു. മികച്ചയിനങ്ങള്‍ കിലോഗ്രാമിന് 3028 രൂപയായി കയറി, ശരാശരി ഇനങ്ങള്‍ 2104 രൂപയില്‍ കൈമാറി.