3 Sept 2025 4:57 PM IST
കേരളം ഓണ ലഹരിയിലേയ്‌ക്ക് ശ്രദ്ധതിരിച്ചതിനാൽ കാർഷിക മേഖലകളിൽ നിന്നും റബറിന് വിൽപ്പനക്കാർ ചുരുങ്ങി. ഉത്സവഘോഷങ്ങളിലേയ്‌ക്ക് കാർഷിക മേഖല മുഖം തിരിച്ച സാഹചര്യത്തിൽ ഇനി ഒണാഘോഷങ്ങൾക്ക് ശേഷം മാത്രമേ വ്യാപാര രംഗവും സജീവമാകു. നാലാം ഗ്രേഡ് റബർ 19,300 രൂപയിൽ വ്യാപാരം നടന്നു. രാജ്യാന്തര റബർ വില തുടർച്ചയായ മുന്നാം ദിവസവും നേട്ടത്തിൽ വ്യാപാരം നടന്നത് ഇന്ത്യ അടക്കമുള്ള ഉൽപാദന രാജ്യങ്ങൾക്ക് പ്രതീക്ഷ പകർന്നു. ബാങ്കോക്കിൽ റബർ കിലോ 189 രൂപയിലാണ്.
ആഭ്യന്തര വ്യാപാരികളും കയറ്റുമതി സമൂഹവും ഏലക്ക സംഭരണത്തിന് ഉത്സാഹിക്കുന്നത് മെച്ചപ്പെട്ട വിലയ്‌ക്ക് അവസരം ഒരുക്കുന്നു. ശരാശരി ഇനങ്ങളെ കിലോ 2500 രൂപയ്‌ക്ക് മുകളിൽ നിലനിർത്തി. ഉത്സവ സീസണായതിനാൽ ഇടപാടുകാർ പരമാവധി ചരക്ക് ശേഖരിക്കാൻ രംഗത്തുണ്ട്. ഉൽപാദന മേഖലയിൽ ഇന്നലെ നടന്ന രണ്ട് ലേലങ്ങളിലായി മൊത്തം 1,85,000 കിലോ ഏലക്ക വിൽപ്പനയ്‌ക്ക് ഇറങ്ങി. ഇന്നത്തെ ലേലത്തിൽ വരവ് ഒന്നര ലക്ഷം കിലേയ്‌ക്ക് മുകളിലാണ്. ദീപാവലി ദസറ ആഘോഷ വേളയിലെ ഡിമാൻറ് മുൻ നിർത്തി ആഭ്യന്തര വ്യാപാരികളും ഉയർന്ന അളവിൽ ചരക്ക് സംഭരിക്കുന്നുണ്ട്. അറബ് രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ വിപണികളിൽ നിന്നും ഇന്ത്യൻ ഏലത്തിന് ആവശ്യകാരുണ്ട്.
ഉത്തരേന്ത്യൻ വ്യവസായികളും ചില കയറ്റുമതിക്കാരും ജാതിക്ക സംഭരണത്തിൽ കാണിച്ച തണുപ്പൻ മുനോഭാവം ഉൽപ്പന്ന വിലയിൽ നേരിയ ചാഞ്ചാട്ടത്തിന് ഇടയാക്കി. സംഭരണ രംഗത്ത് നിന്ന് അകന്ന് വിപണിയുടെ അടിയോഴുക്ക് വിലയിരുത്തുകയാണ് ഇടപാടുകാർ. വ്യവസായികൾ കഴിഞ്ഞവാരം വരെ ഉയർന്ന അളവിൽ ജാതിക്കയും ജാതിപത്രിയും ശേഖരിച്ചിരുന്നു. വിദേശ ഓർഡർ മുൻ നിർത്തിയുള്ള വാങ്ങലുകളും നേരത്തെ നടന്നിരുന്നു. ജാതിക്ക തൊണ്ടൻ കിലോ 280 രൂപയിയും ജാതിപ്പതിപ്പ് 570 രൂപയിലും വിപണം നടന്നു.