21 April 2025 5:56 PM IST
Summary
വെളിച്ചെണ്ണവിലയും ഉയര്‍ന്നു
ഉത്സവ ദിനങ്ങള്‍ക്ക് ശേഷം വിപണിയില്‍ തിരിച്ചെത്തിയ ടയര്‍ വ്യവസായികളും ഉത്തരേന്ത്യയില്‍ നിന്നുള്ള ചെറുകിട വ്യാപാരികളും വില ഉയര്‍ത്താതെ ഷീറ്റും ലാറ്റക്‌സും ശേഖരിക്കാന്‍ നീക്കം നടത്തി. കാര്‍ഷിക മേഖല ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ശേഷം വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞിട്ടില്ല. ലഭ്യത ചുരുങ്ങിയത് വിപണി നേട്ടമാക്കുമെന്ന് ഒരുവിഭാഗം സ്റ്റോക്കിസ്റ്റുകള്‍ കണക്ക് കൂട്ടിയെങ്കിലും കമ്പനികള്‍ നിരക്ക് ഉയര്‍ത്തുന്ന കാര്യത്തില്‍ നിശബ്ദത പാലിച്ചു. ആര്‍ എസ് എസ് നാലാംഗ്രേഡ് 19,700 രൂപയിലും ലാറ്റക്‌സ് 13,300 രൂപയിലും വ്യാപാരം നടന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വേനല്‍ മഴലഭ്യമായി. എന്നാല്‍ നിര്‍ത്തിവെച്ച റബര്‍ ടാപ്പിങ് പുനരാരംഭിക്കാന്‍ കൂടുതല്‍ മഴ ലഭ്യമാവണം. ബാങ്കോക്കില്‍ റബര്‍ വിലകിലോ 189 രൂപയായി ഉയര്‍ന്നു.
ഇറക്കുമതി നടത്തിയ കുരുമുളകിന് ആവശ്യക്കാര്‍ കുറഞ്ഞങ്കിലും ഹൈറേഞ്ച്, വയനാടന്‍ മുളകിന് ശക്തമായ ഡിമാന്റ്. വിപണിയിലെ ഡിമാന്റിന് അനുസൃതമായി ചരക്ക് കണ്ടെത്താന്‍ വാങ്ങലുകാര്‍ കാര്‍ഷിക ഉല്‍പാദന മേഖലകളില്‍ നേരിട്ട് ഇറങ്ങിയിട്ടും കാര്യമായി ചരക്ക് ശേഖരിക്കാനായില്ല. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റലിന് 100 രൂപ വര്‍ദ്ധിച്ച് സര്‍വകാല റെക്കോര്‍ഡ് വിലയായ 72,100 രൂപയായി ഉയര്‍ന്നു. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളകിന് വിലടണ്ണിന് 8800 ഡോളറായി.
നാളികേരോല്‍പ്പന്നങ്ങളും മികവ് കാണിച്ചു. സംസ്ഥാനത്ത് എണ്ണയ്ക്ക് പ്രദേശിക ആവശ്യം വര്‍ദ്ധിച്ചു. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 100 രൂപഉയര്‍ന്ന് 26,700 രൂപയിലും കൊപ്ര 17,700 ലും വ്യാപാരംനടന്നു. കാങ്കയത്ത് എണ്ണവില 25,650 രൂപ.