image

1 Dec 2023 5:41 PM IST

Commodity

ഭക്ഷ്യയെണ്ണ ഇറക്കുമതി കുറയുന്നു; തലയെടുപ്പോടെ ഏലം

MyFin Desk

commodities market rate 01 12 23
X

Summary

  • ജനുവരി മുതല്‍ പാചകയെണ്ണകളുടെ ഇറക്കുമതിയില്‍ കുറവുണ്ടാകും
  • ഏലത്തിന് കൂടുതല്‍ ഓര്‍ഡറുകള്‍
  • റബര്‍വിലയില്‍ തളര്‍ച്ച


ഭക്ഷ്യയെണ്ണ ഇറക്കുമതിയില്‍ നിന്നും ഒരു വിഭാഗം വ്യവസായികള്‍ അല്‍പ്പം പിന്നോക്കം വലിഞ്ഞു. വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപയ്ക്ക് നേരിട്ട മൂല്യ തകര്‍ച്ചയാണ് ഇറക്കുമതിയില്‍ നിന്നും പിന്‍തിരിയാന്‍ ചില വ്യവസായികളെ നിര്‍ബന്ധിതരാക്കിയത്. നവംബര്‍ രണ്ടാം പകുതിയില്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഇന്ത്യന്‍ വ്യവസായികള്‍ അകന്നത് കണക്കിലെടുത്താല്‍ ജനുവരി മുതല്‍ പാചകയെണ്ണകളുടെ ഇറക്കുമതി തോതില്‍ കുറവ് സംഭവിക്കാം. ഉത്സവ സീസണ്‍ കഴിഞ്ഞതും തിരക്കിട്ടുള്ള പുതിയ കച്ചവടങ്ങളില്‍ നിന്നും പലരെയും പിന്‍തിരിപ്പിക്കുന്നു. പുതിയ സാഹചര്യത്തില്‍ ഭക്ഷ്യയെണ്ണ ഇറക്കുമതി കുറയുന്നത് ആഭ്യന്തര എണ്ണ കുരു കര്‍ഷകര്‍ക്ക് ആശ്വാസം പകരും. നാളികേരോല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന് ഇത് അവസരം ഒരുക്കാം. രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയായ 83.39 ലേയ്ക്ക് കഴിഞ്ഞ ദിവസം എത്തി.

ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിവാഹ സീസണിലേയ്ക്ക് തിരിഞ്ഞത് ഏലത്തിന് കൂടുതല്‍ ഓര്‍ഡറുകള്‍ക്ക് അവസരം ഒരുക്കി. ക്ഷേത്രങ്ങളില്‍ ഉത്സവ വേളയ്ക്ക് തുടക്കം കുറിച്ചതിനാല്‍ അവിടെ നിന്നുളള ആവശ്യക്കാരും രംഗത്ത് അണിനിരന്നത് ലേല കേന്ദ്രങ്ങളില്‍ ഏലത്തെ റാണിയാക്കി മാറ്റുകയാണ്. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും വലിപ്പം കൂടിയ ഇനങ്ങള്‍ക്ക് അന്വേഷണങ്ങളുണ്ട്. മികച്ചയിനങ്ങള്‍ കിലോ 2440 രൂപയിലും ശരാശരി ഇനങ്ങള്‍ 1581 രൂപയിലുമാണ് വില്‍പ്പന. ഇതിനിടയില്‍ ഹൈറേഞ്ചിലെ തോട്ടങ്ങളില്‍ ഏലക്ക വിളവെടുപ്പ് പുരോഗമിക്കുന്നു, കാലാവസ്ഥ അനുകൂലമായതിനാല്‍ മുന്നിലുള്ള രണ്ട് മാസകാലയളവില്‍ ഉല്‍പാദനം ഏറ്റവും ഉയരുന്ന സന്ദര്‍ഭമാണ്. ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ മൊത്തം 61,531 കിലോഗ്രാം ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 59,213 കിലോയും വിറ്റഴിഞ്ഞു.

മധ്യകേരളത്തിലെ വിപണികളില്‍ ജാതിക്ക വില വര്‍ധിച്ചതോടെ വ്യവസായികളും ആഭ്യന്തര വാങ്ങലുകാരും ചരക്ക് സംഭരണത്തിന് തിരക്കിട്ട നീക്കം തുടങ്ങി. ഓഫ് സീസണ്‍ കാലയളവായതിനാല്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ള ജാതിക്ക നീക്കം കുറവാണ്. ഡിസംബറായതോടെ ക്രിസ്തുമസ് ആവശ്യങ്ങള്‍ക്ക് പണം കണ്ടത്താന്‍ ഒരു വിഭാഗം കര്‍ഷകര്‍ ഉല്‍പ്പന്നവുമായി വിപണിയെ സമീപിക്കുമെന്ന കണക്ക് കൂട്ടുന്നവരുമുണ്ട്. വാങ്ങലുകാരുടെ നീക്കം വിലയിരുത്തിയാല്‍ പുതു വര്‍ഷം പിറന്ന ശേഷം വന്‍ കുതിച്ചു ചാട്ടം ജാതിക്ക, ജാതിപത്രി വിലകളില്‍ പ്രതീക്ഷിക്കാം. കയറ്റുമതി മേഖലയും ഉയര്‍ന്ന അളവില്‍ ചരക്ക് സംഭരിക്കുന്നുണ്ട്.

ടയര്‍ ലോബി റബര്‍ വില വീണ്ടും ഇടിച്ചു. വിദേശ മാര്‍ക്കറ്റുകളില്‍ റബറിന് നേരിട്ട തളര്‍ച്ചയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. നാലാം ഗ്രേഡ് തുടര്‍ച്ചയായ നാലാം ദിവസവും ഇടിഞ്ഞ് 151 രൂപയായി.