22 Dec 2023 7:45 PM IST
Summary
- നിലവിലെ ഇറക്കുമതി തീരുവ ഇളവ് 2025 മാര്‍ച്ച് വരെ നീട്ടി
- ഉയര്‍ന്ന അളവില്‍ ഏലമെത്തുന്നു
ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവ ഇളവ് കാലാവധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ദീര്‍ഘിപ്പിച്ചു. നിലവിലെ ഇറക്കുമതി തീരുവ ഇളവ് കാലാവധി അടുത്ത മാര്‍ച്ചില്‍ അവസാനിക്കാനിരിക്കേയാണ് പുതുക്കിയ വിജ്ഞാപനത്തിലുടെ ഇളവ് 2025 മാര്‍ച്ച് വരെയായി നീട്ടിയത്. പുതിയ സാഹചര്യത്തില്‍ ക്രൂഡ് പാം ഓയില്‍, ക്രൂഡ് സണ്‍ഫ്‌ളവര്‍ ഓയില്‍, ക്രൂഡ് സോയോയില്‍ എന്നിവയുടെ പ്രവാഹം മുന്നിലുള്ള 15 മാസങ്ങളില്‍ തുടരും.
വ്യവസായികള്‍ക്ക് കുറഞ്ഞ ഡ്യൂട്ടിതീരുവയില്‍ കുടുതല്‍ ചരക്ക് എത്താനാവുമെന്നത് അവര്‍ക്ക് നേട്ടം തന്നെയെങ്കിലും ആഭ്യന്തര എണ്ണ കുരു കര്‍ഷകര്‍ക്ക് പുതിയ തീരുമാനം ഇരുട്ടടിയാവും. വിദേശ ഭക്ഷ്യയെണ്ണകള്‍ ആഭ്യന്തര വിപണി നിയന്ത്രിക്കുന്നതിനാല്‍ നാളികേര മേഖലയില്‍ എതാനും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മാന്ദ്യം വിട്ടുമാറില്ല.
ലേലത്തില്‍ ഏലക്ക പ്രവാഹം തുടരുകയാണ്. കര്‍ഷകര്‍ ചരക്ക് നീക്കം നിയന്ത്രിക്കുന്നതായി വ്യക്തമാക്കുമ്പോഴും ഉയര്‍ന്ന അളവില്‍ ചരക്ക് വില്‍പ്പനയ്ക്ക് എത്തിക്കുന്നതിന് പിന്നില്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നതായാണ് ഉല്‍പാദകരുടെ പക്ഷം. നേരത്തെ താഴ്ന്ന വിലയ്ക്ക് ശേഖരിച്ച ഏലക്ക വീണ്ടും ലേലത്തിന് ഇറക്കി വിലക്കയറ്റത്തെ തടയാനുള്ള നീക്കമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യമെങ്കിലും ലേലത്തില്‍ റീ പുളിങിനെ കുറച്ച് സ്‌പൈസ് ബോര്‍ഡ് നിശബ്ദത പാലിക്കുകയാണ്.
ഇന്നലെ ഇടുക്കിയില്‍ നടന്ന രണ്ട് ലേലങ്ങളിലായി മൊത്തം 1,61,790 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നു. കഴിഞ്ഞവാരത്തിലും ഡിസംബര്‍ ആദ്യ വാരത്തിലും ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ ചരക്ക് ലേലത്തിന് എത്തിയിരുന്നു. ക്രിസ്തുമസ്- ന്യൂ ഇയര്‍ ഡിമാന്റ്് നിലനില്‍ക്കുന്ന വേളയായതിനാല്‍ ഉല്‍പ്പന്നം കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ട അവസരമായിരുന്നു. ശരാശരി ഇനങ്ങള്‍ കിലോ 1650 - 1675 രൂപയിലാണ് കൈമാറ്റം നടന്നത്.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ ഏഷ്യന്‍ കറന്‍സികള്‍ കരുത്ത് കാണിച്ചു. ജപ്പാനീസ് യെന്നിന്റെ മൂല്യം ഉയര്‍തോടെ നിക്ഷേപകര്‍ റബറില്‍ നിന്നും പിന്‍തിരിഞ്ഞു. അതേ സമയം ചൈനീസ് മാര്‍ക്കറ്റില്‍ റബര്‍ മികവ് കാണിച്ചു. ടയര്‍ കമ്പനികളുടെ പിന്‍തുണ ഉറപ്പ് വരുത്താനാവാഞ്ഞത് ഇന്ത്യന്‍ റബറിനെ നിര്‍ജീവമാക്കി. നാലാം ഗ്രേഡ് റബര്‍ കിലോ 153 രൂപയില്‍ വ്യാപാരം നടന്നു.