12 Aug 2025 6:03 PM IST
Summary
തമിഴ്‌നാട്ടില്‍ കൊപ്ര സംഭരണം കുറച്ചു
ആഭ്യന്തര വിദേശ വാങ്ങലുകാര്‍ ഏലക്ക ശേഖരിക്കാന്‍ ഉത്സാഹിച്ചത് കര്‍ഷകര്‍ക്ക് പ്രതീക്ഷയായി. നെടുങ്കണ്ടത്ത് നടന്ന ലേലത്തില്‍ അരലക്ഷം കിലോയില്‍ അധികം ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങി. ഹൈറേഞ്ചില്‍ വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ മാസത്തിന്റെ രണ്ടാം പകുതിയില്‍ ഏലത്തിന്റെ വരവ് ശക്തിയാര്‍ജിക്കാം. ശരാശരിഇനങ്ങള്‍ കിലോ 2410 രൂപയിലും മികച്ചയിനങ്ങള്‍ 3001 രൂപയിലും ലേലം നടന്നു. മൊത്തം 51,675 കിലോ ഏലക്കയുടെ കൈമാറ്റമാണ് നടന്നത്.
പലഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥ ലഭ്യമായി. ഇതോടെ മഴമറ ഒരുക്കിയ റബര്‍ തോട്ടങ്ങളില്‍ പുലര്‍ച്ചെ ടാപ്പിങിന് ചെറുകിട കര്‍ഷകര്‍ ഉത്സാഹിച്ചു. കൊച്ചി, കോട്ടയം വിപണികളില്‍ ഷീറ്റ് വരവ് ചുരുങ്ങിയെങ്കിലും ചിങ്ങം പിറക്കുന്നതോടെ ലാറ്റക്‌സ് ലഭ്യത വര്‍ദ്ധിക്കുമെന്ന സൂചനയാണ് ലഭ്യമാവുന്നത്. ലാറ്റക്‌സ് കിലോ 130 രൂപയിലും നാലാംഗ്രേഡ് റബര്‍ 200 രൂപയിലും ഇന്ന് വിപണനംനടന്നു.
വെളിച്ചെണ്ണയുടെ വിലത്തകര്‍ച്ചയില്‍ പരിഭ്രാന്തരായ കൊപ്ര സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് വില്‍പ്പനയ്ക്ക് പരക്കം പായുന്നു, ജനുവരിമുതല്‍ വിപണിയെ നിയന്ത്രിച്ച അയല്‍ സംസ്ഥാനങ്ങളിലെ ഇടപാടുകാര്‍ കൈവശമുള്ള കൊപ്ര താഴ്ന്ന വിലയ്ക്ക് വിറ്റുമാറുകയാണ്. തമിഴ്‌നാട്ടിലെ മില്ലുകാര്‍ കൊപ്ര പ്രവാഹംകണ്ട് സംഭരണം കുറച്ചത് വിപണിയെ പരുങ്ങലിലുമാക്കി. കാങ്കയം ആസ്ഥാനമായുള്ള മില്ലുകാര്‍ പലരും കൊപ്ര സംഭരണം കുറച്ചതോടെ കൊപ്ര 19,700രൂപയായി താഴ്ന്നു. കൊച്ചിയില്‍ നിരക്ക് 224 രൂപയാണ്.