image

2 April 2025 5:12 PM IST

Commodity

കുതിപ്പ് തുടർന്ന് കുരുമുളക് വില: ക്വിൻറ്റലിന്‌ 72,500 രൂപ

MyFin Desk

കുതിപ്പ് തുടർന്ന് കുരുമുളക് വില: ക്വിൻറ്റലിന്‌ 72,500 രൂപ
X

നാളികേരോൽപ്പന്നങ്ങൾ ശക്തമായ നിലയിൽ. വിളവെടുപ്പ്‌ വേളയിലും പച്ചതേങ്ങ ലഭ്യത ചുരുങ്ങിയത്‌ ഡിമാൻറ്‌ അനുദിനം ഉയർത്തി. കേരളത്തിലും തമിഴ്‌നാട്ടിലും പച്ചതേങ്ങ, കൊപ്ര വരവ്‌ കുറവാണ്‌. മാസാരംഭമായതിനാൽ വെളിച്ചെണ്ണ വിൽപ്പന ചൂടുപിടിച്ചത്‌ വിപണിക്ക്‌ താങ്ങായി. മില്ലുകാരിൽ നിന്നുള്ള വർദ്ധിച്ച ഡിമാൻറ്റിൽ തമിഴ്‌നാട്ടിൽ കൊപ്ര ക്വിൻറ്റലിന്‌ സർവകാല റെക്കോർഡായ 18,100 രൂപയിലെത്തി. കൊച്ചിയിൽ കൊപ്ര 17,500 ലും വെളിച്ചെണ്ണ 26,200 രൂപയിലുമാണ്‌.

സംസ്ഥാനത്ത്‌ റബർ ടാപ്പിങ്‌ പുർണമായി സ്‌തംഭിച്ചതിനാൽ വിപണികളിൽ ഷീറ്റ്‌ വരവ്‌ ചുരുങ്ങി. ടയർ കന്പനികൾ നാലാം ഗ്രേഡിന്‌ കിലോ 207 രൂപയും അഞ്ചാം ഗ്രേഡിന്‌ 204 രൂപയുമാണ്‌ രേഖപ്പെടുത്തിയത്‌. ഇതിനിടയിൽ വിദേശത്തെ തളർച്ചയും ആഭ്യന്തര റബറിൻറ മുന്നേറ്റത്തിന്‌ തിരിച്ചടിയായി. ബാങ്കോക്കിൽ റബർ കിലോ 201 രൂപയിലാണ്‌. അതേ സമയം ഏഷ്യയിലെ പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. അമേരിക്കൻ ഇറക്കുമതി തീരുവ വിഷയത്തിൽ ചൈനീസ്‌ വ്യവസായികൾ റബർ സംഭരണം കുറച്ചത്‌ ആഗോള റബറിനെ ബാധിച്ചു.

തേക്കടിയിൽ ഏലക്ക ലേലത്തിൽ ആഭ്യന്തര വിദേശ വ്യാപാരികൾ മത്സരിച്ച്‌ ചരക്ക്‌ സംഭരിച്ചു. വരണ്ട കാലാവസ്ഥയിൽ ഇടപാടുകാർ പരമാവധി ചരക്ക്‌ ശേഖരിക്കാൻ ഉത്സാഹിക്കുന്നുണ്ടെങ്കിലും ഉൽപ്പന്ന വില താഴ്‌ത്താനാണ്‌ ഇന്ന്‌ അവർ ശ്രമം നടത്തിയത്‌. അതേ സമയം വരും മാസങ്ങളിൽ ആകർഷകമായ വിലയ്‌ക്ക്‌ ഏലക്ക വിറ്റുമാറാനാവുമെന്ന കണക്ക്‌ കൂട്ടലിലാണ്‌ ഉത്തരേന്ത്യയിലെ വൻകിട സുഗന്‌ധവ്യഞ്‌ജന സ്‌റ്റോക്കിസ്‌റ്റുകൾ. ലേലത്തിൽ മൊത്തം 50,874 കിലോ ഏലക്ക വിറ്റു. മികച്ചയിനങ്ങൾ കിലോഗ്രാമിന്‌ 2997 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 2704 രൂപയിലും കൈമാറി.

ഇന്നത്തെ കമ്പോള നിലവാരം