image

16 April 2025 5:20 PM IST

Commodity

റെക്കോർഡ് ഭേദിക്കാൻ റെഡിയായി കുരുമുളക് വില

MyFin Desk

commodity market rate
X

വിയെറ്റ്‌നാം കുരുമുളക്‌ വില വീണ്ടും ഉയർത്തി. അവിടെ മുളക്‌ വിളവെടുപ്പ്‌ പുരോഗമിച്ചെങ്കിലും വിദേശ ഡിമാൻറ്റിന്‌ അനുസൃതമായി ചരക്ക്‌ ചെറുകിട വിപണികളിൽ ലഭ്യമല്ലെന്നാണ്‌ കയറ്റുമതി മേഖല. പ്രതികൂല കാലാവസ്ഥയിൽ കുരുമുളക്‌ ഉൽപാദനം കുറഞ്ഞതായി കർഷകരും, എന്നാൽ ഉൽപാദനം എത്ര ശതമാനം കുറഞ്ഞുവെന്ന്‌ വ്യക്തമായ ഒരു കണക്കെടുപ്പ്‌ നടത്തിയിട്ടില്ല. ആദ്യഘട്ട വിളവെടുപ്പ്‌ അവസാനിക്കുന്നതോടെ ഉൽപാദനം സംബന്‌ധിച്ച്‌ ഏകദേശ ചിത്രം ലഭ്യമാവും. കാർഷിക മേഖലകളിൽ നിന്നും കൊച്ചിയിലേയ്‌ക്കുള്ള ചരക്ക്‌ വരവ്‌ കുറഞ്ഞ അളവിലാണ്‌. ഗാർബിൾഡ്‌ മുളക്‌ വില 73,500 ൽ നിന്നും 73,700 രൂപയായി.

സംസ്ഥാനത്ത്‌ പകൽ താപനില ഉയർന്നതിനാൽ ഉൽപാദകർ ടാപ്പിങിൽ നിന്നും വിട്ടു നിൽക്കുകയാണ്‌. അതേ സമയം ഈസ്‌റ്റർ ആവശ്യങ്ങൾക്കുള്ള പണം കണ്ടത്താൻ മദ്ധ്യകേരളത്തിലെ ചെറുകിട കർഷകർ ഷീറ്റും ലാറ്റക്‌സും വിൽപ്പന നടത്തി. ഇതിനിടയിൽ രാജ്യാന്തര റബർ വില താഴ്‌ന്നത്‌ കണ്ട്‌ ടയർ നിർമ്മാതാക്കൾ കൊച്ചിയിൽ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില 19,900 ൽ നിന്നും 19,600 ലേയ്‌ക്ക്‌ ഇടിച്ചു. അഞ്ചാം ഗ്രേഡ്‌ 19,300 രൂപയ്‌ക്ക്‌ ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ ശേഖരിച്ചു. ഏഷ്യൻ റബർ അവധി വ്യാപാര രംഗത്ത്‌ ചാഞ്ചാട്ടം നിലനിന്നു, മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്ക്‌ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രണ്ട്‌ ദിവസമായി പ്രവർത്തിക്കുന്നില്ല.

ഏലക്ക ലേലത്തിൽ വരവ്‌ കുറഞ്ഞു, ഇന്നലെ 70,000 കിലോയ്‌ക്ക്‌ മുകളിൽ ഏലക്ക വിൽപ്പനയ്‌ക്ക്‌ ഇറങ്ങിയ സ്ഥാനത്ത്‌ ഇന്ന്‌ വരവ്‌ 10,489 കിലോയിൽ ഒരുങ്ങിയിട്ടും 10,232 കിലോ ചരക്ക്‌ മാത്രമാണ്‌ ലേലം കൊണ്ടത്‌. ശരാശരി ഇനം ഏലക്ക കിലോ 2487 രൂപയിലും മികച്ചയിനങ്ങൾ 3158 രൂപയിലും കൈമാറി. ഉത്തരേന്ത്യൻ ഇടപാടുകാരും കയറ്റുമതിക്കാരും ലേലത്തിൽ സജീവമായിരുന്നു.

ഇന്നത്തെ കമ്പോള നിലവാരം