23 April 2025 5:26 PM IST
ഉത്തരേന്ത്യൻ വ്യവസായികൾ കുരുമുളകിൻെറ റെക്കോർഡ് വിലക്കയറ്റം കണ്ട് ചരക്ക് സംഭരണം അൽപ്പം കുറച്ചത് ഉൽപ്പന്ന വില ക്വിൻറ്റലിന് 200 രൂപ കുറയാൻ ഇടയാക്കി. ദക്ഷിണേന്ത്യയിലെ വൻകിട തോട്ടങ്ങൾ സ്‌റ്റോക്കുള്ള കുരുമുളക് കാര്യമായി വിൽപ്പനയ്‌ക്ക് ഇറക്കിയില്ല, അതേസമയം ചെറുകിട കർഷകരും മദ്ധ്യവർത്തികളും റെക്കോർഡ് വിലയുടെ മാധുര്യം നുകരാൻ ശ്രമം നടത്തി. കൊച്ചിയിൽ മൊത്തം 59 ടൺ മുളക് വിൽപ്പനയ്‌ക്ക് എത്തി. ഉത്തരേന്ത്യയിൽ ഉത്സവ സീസൺ വേളയിൽ കൂടുതൽ ആകർഷകമായ വിലയ്‌ക്ക് അവസരം ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഒരുവിഭാഗം സ്‌റ്റോക്കിസ്‌റ്റുകൾ. അൺ ഗാർബിൾഡ് 71,900 രൂപ.
നാളികേരോൽപ്പന്നങ്ങളുടെ വില വീണ്ടും വർദ്ധിച്ച് പുതിയ റെക്കോർഡ് രേഖപ്പെടുത്തി. തമിഴ്‌നാട്ടിൽ കൊപ്ര ലഭ്യത മില്ലുകളുടെ പ്രതീക്ഷയ്‌ക്ക് ഒത്ത് ഉയർന്നില്ല. അവിടെ കൊപ്ര ക്വിൻറ്റലിന് 18,475 രൂപയായി കയറി, കൊച്ചിയിൽ വില 17,900 രൂപയാണ്. തമിഴ്‌നാട്ടിൽ വെളിച്ചെണ്ണ വില ക്വിൻറ്റലിന് 200 രൂപ വർദ്ധിച്ചു, കൊച്ചിയിൽ 100 രൂപയുടെ മികവിൽ 26,900 രൂപയായി.
തായ്‌ലൻറ്റിൽ റബർ വില അൽപ്പം കുറഞ്ഞിട്ടും പുതിയ വാങ്ങലുകൾക്ക് ടയർ നിർമ്മാതാക്കൾ താൽപര്യം കാണിച്ചില്ല. ജപ്പാൻ റബർ അവധിവിലകൾ നേരിയ തോതിൽ ചാഞ്ചാടിയതിനാൽ ഇതര വിപണികളിലും വിലയിൽ കാര്യമായ മാറ്റം സംഭവിച്ചില്ല. പലരാജ്യങ്ങളും ടാപ്പിങ് സീസണിന് ഒരുങ്ങുകയാണ്, അടുത്ത മാസം മുതൽ റബർ വെട്ട് ഊർജിതമാകുമെന്നും വിലക്കയറ്റത്തിന് തടസമാവും. സംസ്ഥാനത്ത് വേനൽ മഴസജീവമായി, ഉൽപാദന മേഖലകളിൽ തുടർ മഴലഭിച്ചാൽ റബർ വെട്ടിന് ചെറുകിട കർഷകർ നീക്കം തുടങ്ങും. നാലാംഗ്രേഡ് 19,800 രൂപയിൽ വിപണനം നടന്നു.
ഇന്നത്തെ കമ്പോള നിലവാരം