28 April 2025 5:45 PM IST
അന്തർസംസ്ഥാന വാങ്ങലുകാർ കുരുമുളക് സംഭരണം കുറച്ചത് വിലയെ ബാധിച്ചു,കൊച്ചിയിൽ ചരക്ക് വരവ് 36 ടണ്ണിൽ ഒതുങ്ങിയിട്ടും കുരുമുളക് വില ക്വിൻറ്റലിന് 700 രൂപ ഇടിഞ്ഞു. അൺ ഗാർബിൾഡ് മുളക് വില 70,500 രൂപ.
ദക്ഷിണേന്ത്യയിൽ വെളിച്ചെണ്ണ, കൊപ്ര വിലകളിൽ നേരിയ കുറവ്.പച്ചതേങ്ങയുടെ ഉയർന്ന വില നേട്ടമാക്കാൻ തമിഴ്‌നാട്ടിലെ തോട്ടങ്ങളിൽ വിളവെടുപ്പ് ഊർജിതമാക്കിയത് വിപണിയിൽ ലഭ്യത ഉയർത്തുമെന്ന ഭീതിയിൽ സ്‌റ്റോക്കിസ്‌റ്റുകൾ കൊപ്ര വിൽപ്പനയ്‌ക്ക് ഇറക്കി. കാങ്കയത്ത് കൊപ്ര വില ക്വിൻറ്റലിന് 150 രൂപയും കൊച്ചിയിൽ 100 രൂപയും ഇന്ന് കുറഞ്ഞു. മാസാരംഭ ഡിമാൻറ് മുന്നിൽ കണ്ട് കേരളത്തിലേയ്‌ക്ക് കനത്ത തോതിൽ വെളിച്ചെണ്ണ തമിഴ്‌നാട്ടിൽ നിന്നും കയറ്റി വിടുന്നുണ്ട്. മില്ലുകാർ കൈവശമുള്ള എണ്ണ പരമാവധി ലാഭത്തിൽ വിറ്റഴിക്കാനുള്ള നീക്കത്തിലാണ്.
അടുത്ത മാസം രണ്ടാം പകുതിയിൽ ഏലം വിളവെടുപ്പിന് അവസരം ഒരുങ്ങുമെന്നാണ് ചിലഭാഗങ്ങളിൽ നിന്നുള്ള സൂചന. സ്‌റ്റോക്ക് വിറ്റുമാറാൻ മദ്ധ്യവർത്തികൾ രംഗത്ത് എത്തി. ഇന്ന് നടന്ന രണ്ട് ലേലങ്ങളിലായി ഒന്നരലക്ഷം കിലോ ഏലക്ക വിൽപ്പനയ്‌ക്ക് ഇറങ്ങി. മികച്ചയിനങ്ങൾ കിലോ 2903 രൂപയിലും ശരാശരി ഇനങ്ങൾ 2300 രൂപയിലും ഏറ്റവും താഴ്‌ന്ന ഇനങ്ങൾ 1802 രൂപയിലുമാണ്.
കൊച്ചി, കോട്ടയം വിപണികളിൽ റബർ ഷീറ്റ് വരവ് കുറഞ്ഞിട്ടും നിരക്ക് ഉയർത്താൻ ടയർ കമ്പനികൾ തയ്യാറായില്ല. നാലാംഗ്രേഡ് 19,900 രൂപയിലും അഞ്ചാം ഗ്രേഡ് 19,600 രൂപയിലും വ്യാപാരം നടന്നു. ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ ഉൽപ്പന്ന വില നേരിയറേഞ്ചിൽ നീങ്ങി.
ഇന്നത്തെ കമ്പോള നിലവാരം