image

12 May 2025 5:30 PM IST

Commodity

നാളികേര വിപണി സജീവം; വില ഉയരാതെ ഏലം

MyFin Desk

commodity market updates
X

നാളികേരോൽപ്പന്ന വിപണി കുടുതൽ ചൂടുപിടിക്കാൻ സാധ്യത തെളിയുന്നു. കൊച്ചി ടെർമിനൽ മാർക്കറ്റിൽ വെളിച്ചെണ്ണ വില ഇന്ന്‌ ക്വിൻറ്റലിന്‌ 26,700 രൂപയിൽ നിന്നും 26,900 ലേയ്‌ക്ക്‌ ഉയർന്നപ്പോൾ കൊപ്രയ്‌ക്ക്‌ 100 രൂപ വർദ്ധിച്ച്‌ 18,000 രൂപയായി. തമിഴ്‌നാട്‌ വിപണിയായ കാങ്കയത്ത്‌ വെളിച്ചെണ്ണ വില 25,650 രൂപയായി, ഒറ്റയടിക്ക്‌ 350 രൂപയാണ്‌ അവിടെ ഇന്ന്‌ വർദ്ധിച്ചത്‌. വിപണിയിലെ പുതിയ സംഭവികാസങ്ങൾ കണക്കിലെടുത്താൽ സ്‌റ്റോക്കുള്ള നാളികേരം നാളെ ഉയർന്ന വിലയ്ക്ക്‌ കൈമാറാനുള്ള അവസരം ഒത്ത്‌വരാം.

രാജ്യാന്തര റബർ വിപണിയായ ബാങ്കോക്ക്‌ ഇന്ന്‌ പ്രദേശിക അവധികൾ മൂലം പ്രവർത്തിച്ചില്ല. ഇത്‌ മൂലം കേരളത്തിലെ റബർ കർഷകർക്കും ഉയർന്ന വിലയ്‌ക്ക്‌ ഇന്ന്‌ അവസരം ലഭിച്ചില്ല. ഓഫ്‌ സീസണായതിനാൽ സംസ്ഥാത്തെ പ്രമുഖ വിപണികളിൽ വിവിധയിനം ഷീറ്റ്‌ വരവ്‌ നാമമാത്രമാണ്‌. ഇതിനിടയിൽ തെക്ക്‌ പടിഞ്ഞാറൻ കാലവർഷം ആൻറ്റമാൻ നിക്കോബാർ ദ്വീപ്‌ സമൂഹത്തിലേയ്‌ക്ക്‌ അടുക്കുന്നത്‌ കണക്കിലെടുത്താൽ അടുത്ത വാരം കേരളത്തിലും മഴ മേഘങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കാം.

നാലാം ഗ്രേഡ്‌ റബർ കിലോ 195 രൂപയിലും ലാറ്റക്‌സ്‌ 132, രൂപയിലും മാറ്റമില്ലാതെ വിപണനം നടന്നു. അതേ സമയം ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ ശക്തമായ വാങ്ങൽ താൽപര്യം ദൃശ്യമായി. അമേരിക്ക‐ ചൈന ഇറക്കുമതി തീരുവ വിഷയത്തിൽ യോജിപ്പിലേയ്‌ക്ക്‌ നീങ്ങുന്ന വിവരം റബർ വില മെച്ചപ്പെടുത്താം.

ഉൽപാദന മേഖലയിൽ നടന്ന എലക്ക ലേലത്തിൽ 43,377 കിലോഗ്രാം ചരക്ക്‌ വന്നതിൽ 40,277 കിലോയും വിറ്റഴിഞ്ഞു. വാങ്ങൽ താൽപര്യം ശക്തമെങ്കിലും ഉൽപ്പന്ന വില ഉയർത്താൻ ഇടപാടുകാർ തയ്യാറായില്ല, ശരാശരി ഇനങ്ങൾക്ക്‌ കിലോ 2040 രൂപ ഉറപ്പ്‌ വരുത്താനായി. മികച്ചയിനങ്ങൾ 2536 രൂപയിൽ കൈമാറി.