image

16 May 2025 5:14 PM IST

Commodity

നാളികേരോല്‍പ്പന്നങ്ങളുടെ വില റെക്കോർഡിൽ; വെളിച്ചെണ്ണ @ 27400

MyFin Desk

നാളികേരോല്‍പ്പന്നങ്ങളുടെ വില റെക്കോർഡിൽ; വെളിച്ചെണ്ണ @ 27400
X

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വന്‍കിട വാങ്ങലുകാര്‍ ചുക്ക് സംഭരണത്തില്‍ നിന്നും അല്‍പ്പം പിന്‍വലിഞ്ഞത് വില കുറയാന്‍ ഇടയാക്കി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡിമാന്റ് മങ്ങിയത് മൂലം വിവിധയിനം ചുക്ക് വില ക്വിന്റ്റലിന് 10,000 രൂപ കുറഞ്ഞു. മീഡിയം ചുക്ക് 22,500 രൂപയിലും ബെസ്റ്റ് ചുക്ക് 25,000 രൂപയിലും വിപണനം നടന്നു. ചുക്ക് വില ഇടിഞ്ഞതോടെ ചരക്ക് സംഭരണത്തിന് കയറ്റുമതി സമൂഹം നീക്കം തുടങ്ങി. ഗള്‍ഫ് മേഖലയില്‍ നിന്നും ചുക്കിന് വന്‍ ഓര്‍ഡറുകള്‍ക്ക് അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം കയറ്റുമതിക്കാര്‍, എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്തുവിടുന്നില്ല. ആഭ്യന്തര വില വീണ്ടും ഉയരുമെന്ന ഭീതിയും കയറ്റുമതിക്കാരിലുണ്ട്.

നാളികേരോല്‍പ്പന്നങ്ങളുടെ റെക്കോര്‍ഡ് വില തുടരുന്നു. മുണ്‍സൂണ്‍ എത്തുന്നതോടെ സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് തടസപ്പെടും. ഓഫ് സീസണില്‍ മികച്ചയിനം കൊപ്രയ്ക്ക് ക്ഷാമം ഇരട്ടിക്കുമെന്ന് നിഗനമത്തിലാണ് ഒരു വിഭാഗം. കേരളത്തില്‍ ലഭ്യത ചുരുങ്ങുന്ന സന്ദര്‍ഭത്തില്‍ ആകര്‍ഷകമായ വിലയ്ക്ക് കൈവശമുള്ള കൊപ്ര വിറ്റുമാറാമെന്ന കണക്ക് കൂട്ടലിലാണ് തമിഴ്നാട്, കര്‍ണാടക

സംസ്ഥാനങ്ങളിലെ വന്‍കിട സ്റ്റോക്കിസ്റ്റുകള്‍. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നാളികേര വിളവെടുപ്പ് പുരോഗമിച്ചെങ്കിലും വിപണികളില്‍ ചരക്ക് ക്ഷാമം വിട്ടുമാറിയില്ല. കൊച്ചിയില്‍ വെളിച്ചെണ്ണ 27400 രുപയിലും കൊപ്ര 18300 രൂപയിലുമാണ്.

കാര്‍ഷിക മേഖലയില്‍ നടന്ന ഏലക്ക ലേലത്തില്‍ ആകെ 34,361 കിലോ ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ 33,527 കിലോയും ഇടപാടുകാര്‍ മത്സരിച്ച് വാങ്ങി. ബക്രീദ് വില്‍പ്പന മുന്നില്‍ കണ്ട് ഏലക്ക ശേഖരിക്കാന്‍ ആഭ്യന്തര ഇടപാടുകാര്‍ രംഗത്തുണ്ട്. അറബ് രാജ്യങ്ങളില്‍ നിന്നുളള അന്വേഷണങ്ങളുടെ മികവില്‍ മികച്ചയിനങ്ങള്‍ കിലോഗ്രാമിന് 3004 രൂപയായി കയറിയപ്പോള്‍ ശരാശരി ഇനങ്ങള്‍ 2478 രൂപയില്‍ ലേലം നടന്നു.

ഇന്നത്തെ കമ്പോള നിലവാരം