20 May 2025 5:57 PM IST
കാലവര്‍ഷത്തിന്റെ വരവ് മുന്നില്‍ കണ്ട് ഏലക്ക വിറ്റുമാറാനുള്ള തിടുക്കത്തിലാണ് മലയോര മേഖലയിലെ വന്‍കിട കര്‍ഷകര്‍. ചെറുകിടക്കാര്‍ വിളവെടുപ്പ് വേളയില്‍ തന്നെ അന്പത് ശതമാനത്തില്‍ അധികം കായകള്‍ വിറ്റഴിച്ചിരുന്നു. അതേ സമയം ലേല കേന്ദ്രങ്ങള്‍ വാങ്ങലുകാര്‍ സജീവമായത് മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കി. ഇന്ന് രണ്ട് ലേലങ്ങളിലായി മൊത്തം 85,000 കിലോ ഏലക്ക വില്‍പ്പനയ്ക്ക് എത്തി. മണ്‍സൂണിന്റെ വരവ് മുന്‍ നിര്‍ത്തി മദ്ധ്യവര്‍ത്തകള്‍ കരുതല്‍ ശേഖരം ഇറക്കുന്നുണ്ട്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഗ്വാട്ടിമല ഏലക്കയുടെ സാന്നിധ്യം കുറഞ്ഞതിനാല്‍ വിവിധ വിദേശ രാജ്യങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേയ്ക്ക് തിരിച്ചു. ഉത്തരേന്ത്യന്‍ ആവശ്യകാരും വിപണിക്ക് താങ്ങായി. കാലാവസ്ഥ മാറ്റം കണക്കിലെടുത്താല്‍ ഒരു മാസത്തിനകം പുതിയ ഏലക്ക രംഗത്ത് ഇറങ്ങും.
സംസ്ഥാനത്ത് കാലവര്‍ഷം വരുന്ന നാല് ദിവസങ്ങളില്‍ എത്തിചേരുമെന്ന വിലയിരുത്തലുകള്‍ റബര്‍ മേഖലയ്ക്ക് ആശ്വാസം പകരും. മാസങ്ങളായി നിര്‍ത്തിവെച്ച റബര്‍ ടാപ്പിങ് വൈകാതെ പുനരാരംഭിക്കാമെന്ന നിഗമനത്തിലാണ് തോട്ടം മേഖലയെങ്കിലും ഒട്ടുമിക്ക തോട്ടങ്ങളിലും ഇനിയും റെയിന്‍ ഗാര്‍ഡുകള്‍ ഘടിപ്പിച്ചിട്ടില്ല. ഷീറ്റിന്റ വില ആകര്‍ഷകണമല്ലെന്ന നിലപാടിലാണ് മഴ മറ ഒരുക്കുന്നതില്‍ നിന്നും ചെറുകിട ഉല്‍പാദകര്‍ വിട്ടു നില്‍ക്കുന്നത്. മണ്‍സൂണ്‍ വേളയില്‍ തടസമില്ലാതെ റബര്‍ വെട്ടിന് അവസരം ഒരുക്കാന്‍ വന്‍കിട തോട്ടങ്ങള്‍ മുന്നിലുള്ള ദിവസങ്ങളില്‍ നീക്കം നടത്താം. കൊച്ചിയില്‍ നാലാം ഗ്രേഡ് 19,800 രൂപയില്‍ വിപണനം നടന്നു, മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കില്‍ റബര്‍ കിലോ 19,900 രൂപയാണ്.
അന്താരാഷ്ട്ര ഭക്ഷ്യയെണ്ണ വിപണിയില്‍ പാം ഓയില്‍ സോയാ ഓയില്‍ വിലകളില്‍ അനുഭവപ്പെട്ട ഉണര്‍വ് വെളിച്ചെണ്ണയുടെ മുന്നേറ്റത്തിന് വേഗത പകരുമെന്ന നിഗമനത്തിലാണ് കൊപ്രയാട്ട് വ്യവസായ രംഗം. മഴ ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് തടസപ്പെടുമെന്നത് മികച്ചയിനം കൊപ്രയുടെ ലഭ്യത കുറയാന്‍ ഇടയാക്കും. ഉണക്ക് കൂടിയ കൊപ്ര കരുതല്‍ ശേഖരത്തിലുള്ളവര്‍ക്ക് കാലാവസ്ഥ മാറ്റം മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കാം. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റ്റലിന് 300 രൂപ ഉയര്‍ന്ന് 27,900 രൂപയായി. കൊപ്ര 200 രൂപ വര്‍ദ്ധിച്ച് 18,600 രൂപയിലെത്തി.
ഇന്നത്തെ കമ്പോള നിലവാരം