31 Jan 2024 5:45 PM IST
Summary
- പ്രാദേശിക വിപണികളില്‍ പ്രതീക്ഷയോടെ വെളിച്ചെണ്ണ
- കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റ്റലിന് 100 രൂപ ഉയര്‍ന്ന് 13,900 രൂപയായി
- ചരക്ക് നീക്കം കുറച്ച് ഏലം വിപണി
കൊച്ചിയില്‍ കുരുമുളകിന് നേരിട്ട വില തകര്‍ച്ച കാര്‍ഷിക മേഖലയെ ഞെട്ടിച്ചു, ഇന്നലെ മുളക് വില ഒറ്റയടിക്ക് ക്വിന്റലിന് 1200 രൂപ ഇടിഞ്ഞ വിവരം പുറത്തുവന്നതോടെ വിളവെടുപ്പില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കര്‍ഷകര്‍ പിരിമുറുക്കത്തിലായി. വിളവെടുത്ത പുതിയ പച്ച കുരുമുളക് ഉണക്കി സംസ്‌കരിക്കുന്ന തിരക്കിലാണ് വലിയോരു വിഭാഗം ഉല്‍പ്പാദകര്‍. പല ഭാഗങ്ങളിലും ചെറുകിട കര്‍ഷകര്‍ കുടുംബ സമേതമാണ് വിളവെടുപ്പിനായി തോട്ടങ്ങളില്‍ ഇറങ്ങിയത്. അടുത്ത വാരം പുതിയ ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കണമോ അതോ വിലക്കയറ്റത്തിനായി കാത്ത് നില്‍ക്കണമോയെന്ന ആശയകുഴപ്പത്തിലാണ് കാര്‍ഷിക മേഖല. ഇന്ന് 400 രൂപ കുറഞ്ഞ് അണ്‍ ഗാര്‍ബിള്‍ഡ് മുളക് 55,600 രൂപയായി.
ക്ഷാമത്തില്‍ ഏലക്ക
ജനുവരിയിലെ അവസാന ഏലക്ക ലേലത്തില്‍ വരവ് കുത്തനെ കുറഞ്ഞു. ഏലം വിളവെടുപ്പ് അവസാനഘട്ടത്തിലാണ്, അതുകൊണ്ട് തന്നെ കര്‍ഷകര്‍ ചരക്ക് നീക്കം കുറച്ചതിനൊപ്പം മദ്ധ്യവര്‍ത്തികളും വില്‍പ്പനയില്‍ നിന്നും അല്‍പ്പം പിന്‍വലിഞ്ഞതായാണ് വിലയിരുത്തുന്നത്. കാല്‍ ലക്ഷം കിലോഗ്രാം ഏലക്ക മാത്രമാണ് വില്‍പ്പനയ്ക്ക് വന്നത്. മികച്ചയിനങ്ങള്‍ 2130 രൂപയിലും ശരാശരി ഇനങ്ങള്‍ 1573 രൂപയിലും ലേലം കൊണ്ടു.
പ്രതീക്ഷ വിടാതെ വെളിച്ചണ്ണ
മാസാരംഭമായതിനാല്‍ പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണ വില്‍പ്പന ചൂടുപിടിക്കുമെന്ന നിഗമനത്തില്‍ മില്ലുകാര്‍ എണ്ണ വില വീണ്ടും ഉയര്‍ത്തി. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റ്റലിന് 100 രൂപ ഉയര്‍ന്ന് 13,900 രൂപയായി കയറി. കൊപ്ര വില 9400 രൂപ.