1 May 2025 12:43 PM IST
Summary
രണ്ടാഴ്ചയ്ക്കിടെ കിലോയ്ക്ക് 21 രൂപയുടെ ഇടിവ്
സംസ്ഥാനത്ത് കുരുമുളക് വില കുറയുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ അൺഗാർബിൾഡ് വില കിലോഗ്രാമിന് 21 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ അൺഗാർബിൾഡ് വില 698 രൂപയിലും ഗാർബിൾഡ് 718 രൂപയിലുമാണ് വ്യാപാരം നടന്നത്.
രണ്ടാഴ്ച മുമ്പ് അൺഗാർബിൾഡിന്റെ വില കിലോയിന് 721 രൂപ വരെ എത്തിയിരുന്നു. 2014-ന് ശേഷം കുരുമുളക് ഈ നിലവാരത്തിലെത്തുന്നത് ആദ്യമായിരുന്നു. റെക്കോർഡ് വിലയായ ക്വിൻറ്റലിന് 71,100 രൂപയിൽ നിന്നും കുരുമുളക് ഇപ്പോൾ 69,800 രൂപയായി കുറഞ്ഞിട്ടുണ്ട്. ക്വിൻറ്റലിന് 1300 രൂപയുടെ കുറവാണ് ഉണ്ടായത്.
വില കുറഞ്ഞതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ഉത്തരേന്ത്യൻ വിപണിയിൽ ശ്രീലങ്കൻ കുരുമുളകിന്റെ വരവാണ് കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നത്. കിലോയിന് 690 രൂപയ്ക്ക് ലഭ്യമായ ശ്രീലങ്കൻ മുളകിന് മസാല കമ്പനിയുകളിൽ നിന്നും വലിയ ആവശ്യകതയാണ് കാണുന്നത്. ഇതും ഇന്ത്യൻ കുരുമുളകിന്റെ വില താഴാൻ കാരണമായി.
അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും ഉയർന്ന വില ഇന്ത്യൻ കുരുമുളകിന്റേതാണ്. ടണ്ണിന് 8700 ഡോളറാണ് വില. അതേസമയം ശ്രീലങ്കൻ മുളകിന് 7300 ഡോളറും വിയറ്റ്‌നാം മുളകിന് 7200 ഡോളറും ഇന്തോനേഷ്യൻ മുളകിന് 7800 ഡോളറുമാണ് വില.