17 April 2025 5:36 PM IST
Summary
- അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റലിന് 200 രൂപ വര്‍ധിച്ചു
- പ്രമുഖ വിപണികളില്‍ കാപ്പി വില ഉയര്‍ന്നു
ഈസ്റ്റര്‍ കഴിയുന്നതോടെ യുഎസ്,യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കുരുമുളകിന് ആവശ്യക്കാരെത്തുമെന്ന പ്രതീക്ഷയിലാണ് വിയറ്റ്‌നാം. അവിടെ വിളവെടുപ്പ് പുരോഗമിച്ചെങ്കിലും കാര്‍ഷിക മേഖലകളില്‍ ലഭ്യത ചുരുങ്ങിയത് മുന്‍ നിര്‍ത്തി കയറ്റുമതിക്കാര്‍ വില ഉയര്‍ത്തി. ഉല്‍പാദന കുറവ് കണക്കിലെടുത്താല്‍ ഉത്സവ ദിനങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കുരുമുളക് മികവിന് ശ്രമിക്കാം. അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ കേരളത്തില്‍ നിന്നും ചരക്ക് വാങ്ങുന്നുണ്ട്. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റലിന് 200 രൂപ വര്‍ധിച്ച് 71,900 രൂപയായി.
സംസ്ഥാനത്തെ പ്രമുഖ വിപണികളില്‍ കാപ്പി വില ഉയര്‍ന്നു. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ചരക്ക് സംഭരണ രംഗത്തുണ്ടെങ്കിലും ഉല്‍പാദകരില്‍ നിന്നുള്ള ചരക്ക് നീക്കം ശക്തമല്ല. വയനാട്ടില്‍ കാപ്പി പരിപ്പ് കിലോ 460 രൂപയിലും 54 കിലോ ഉണ്ട 14,000 രൂപയിലുമാണ്. ഇതിനിടയില്‍ കാപ്പി ഉല്‍പാദനത്തില്‍ മുന്‍പന്തിയിലുള്ള ബ്രസീലില്‍ വേനല്‍ കടുത്തതോടെ കര്‍ഷകര്‍ പ്രതിസന്ധിലാണ്. മഴ ചുരുങ്ങിയത് അടുത്ത വിളവിനെ ബാധിക്കുമെന്നാണ് വിവരം. 1981 ന് ശേഷമുള്ള ഏറ്റവും വരണ്ട കാലാവസ്ഥയാണ് ബ്രസീലിയന്‍ കാപ്പി ഉല്‍പാദന മേഖല അഭിമുഖീകരിക്കുന്നത്.
റബര്‍ വിലയില്‍ മാറ്റമില്ല, കയര്‍ കമ്പനികളും ഉത്തരേന്ത്യയില്‍ നിന്നുള്ള ചെറുകിട വ്യവസായികളും ഇനി ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ശേഷം മാത്രമാകും പുതിയ കച്ചവടങ്ങള്‍ക്ക് താല്‍പര്യം കാണിക്കുക. വ്യവസായികള്‍ രംഗത്ത് നിന്നും പിന്‍വലിഞ്ഞത് മൂലം വിവിധയിനം ഷീറ്റ് വിലകള്‍ സ്റ്റെഡി നിലവാരത്തിലാണ്. കൊച്ചിയില്‍ നാലാം ഗ്രേഡ് കിലോ 196 രൂപയിലും അഞ്ചാം ഗ്രേഡ് 193 രൂപയിലുമാണ്.
ഉത്സവ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ഗ്രാമീണ മേഖല നാളികേരം വില്‍പ്പനയ്ക്ക് ഇറക്കി. പച്ചതേങ്ങയുടെയും കൊപ്രയുടെ ഉയര്‍ന്ന വില കാര്‍ഷിക മേഖലയുടെ ആത്മവിശ്വാസം ഉയര്‍ത്തി. കൊച്ചിയില്‍ നാളികേരോല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്റ്റെഡിയായി നീങ്ങി. അതേ സമയം തമിഴ്‌നാട് വിപണിയായ കാങ്കയത്ത് വെളിച്ചെണ്ണയ്ക്ക് 150 രൂപയും കൊപ്രയ്ക്ക് 100 രൂപയും ഉയര്‍ന്നു.