6 Aug 2025 6:01 PM IST
Summary
അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 66,900 രൂപ
കുരുമുളക് വില വീണ്ടും ഉയര്‍ന്ന് തുടങ്ങിയതോടെ ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ ഉത്സവകാല ആവശ്യങ്ങള്‍ക്കുള്ള സംഭരണം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. കര്‍ഷകര്‍ ഉയര്‍ന്ന വില പ്രതീക്ഷിച്ച് കുരുമുളക് നീക്കം നിയന്ത്രിച്ചത് മാര്‍ക്കറ്റില്‍ ചരക്ക് ക്ഷാമത്തിനും ഇടയാക്കി. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 66,900 രൂപയായി.
മുഖ്യ റബര്‍ ഉല്‍പാദന രാജ്യങ്ങളില്‍ മഴ കുറഞ്ഞതിനൊപ്പം അടുത്ത വാരത്തോടെ കാലാവസ്ഥ റബര്‍ ടാപ്പിങിന് അനുകുലമായി മാറുമെന്ന വിലയിരുത്തല്‍ അന്താരാഷട്ര റബര്‍ അവധി വിലകളെ ബാധിച്ചു. എന്നാല്‍ മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലാണ് റബറിന്റെ ഇടപാടുകള്‍ നടന്നത്. റബര്‍ വില കിലോ നാല് രൂപ കയറി 186 രൂപയായി. ഇതിനിടയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരീഫുകള്‍ അമേരിക്ക അടിച്ച് ഏല്‍പ്പിക്കുമെന്ന ആശങ്കയിലാണ് രാജ്യത്തെ ടയര്‍ ഉല്‍പാദകര്‍. കൊച്ചിയില്‍ നാലാം ഗ്രേഡ് കിലോ 203 രൂപയിലും അഞ്ചാം ഗ്രേഡ് 200 രൂപയിലുമാണ്.
ഹൈറേഞ്ചില്‍ ഏലം വിളവെടുപ്പ് ഊര്‍ജിതമായതിനൊപ്പം ലേല കേന്ദ്രങ്ങളില്‍ വരവ് ഉയര്‍ന്നത് അവസരമാക്കി നിരക്ക് ഉയര്‍ത്താതെ ചരക്ക് സംഭരണത്തിനുള്ള ശ്രമത്തിലാണ് ഇടപടുകാര്‍. ഉല്‍പാദന മേഖലയിലെ അനുകൂല കാലാവസ്ഥ വിലയിരുത്തിയാല്‍ ചിങ്ങത്തില്‍ ഏലക്ക ലഭ്യത ഉയരുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ഇടപാടുകാര്‍. അരലക്ഷം കിലോയ്ക്ക് മുകളില്‍ ഏലക്ക ഓരോ
ലേലത്തിലും വില്‍പ്പനയ്ക്ക് ഇറങ്ങുന്നതിനാല്‍ ഓണം വരെയുള്ള കാലയളവില്‍ ഡിമാന്റിന് അനുസൃതമായി ചരക്ക് ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് മൊത്ത വ്യാപാരികള്‍. ഇടുക്കിയില്‍ നടന്ന ലേലത്തില്‍ 53,550 കിലോ എലക്കയുടെ വില്‍പ്പന ദഡന്നു. ശരാശരി ഇനങ്ങള്‍ കിലോ 2592 രൂപയില്‍ ഇടപാടുകള്‍ നടന്നു.