image

4 Dec 2023 7:45 PM IST

Commodity

വിളവെടുപ്പിനൊരുങ്ങി കുരുമുളക്; ഷീറ്റ് വില താഴോട്ട്

Kochi Bureau

commodities market rate 04 12 23
X

Summary

  • ഒറ്റ ദിവസം 1,30,000 കിലോ ഏലക്ക ഇറങ്ങിയത് വിലക്കയറ്റ സാധ്യത തടഞ്ഞു


തെക്കന്‍ കേരളത്തിലെ കുരുമുളക് കര്‍ഷകര്‍ മൂപ്പ് കുറഞ്ഞ മുളക് മണികളുടെ വിളവെടുപ്പിലേയ്ക്ക് ശ്രദ്ധതിരിച്ചു. കൊല്ലം തിരുവനന്തപുരം മേഖലകളിലെ കുരുമുളക് തോട്ടങ്ങളില്‍ വിളയുന്ന എണ്ണയുടെ അംശം ഉയര്‍ന്ന ചരക്കാണ് വിളവെടുപ്പ് നടത്തുന്നത്. സത്ത് നിര്‍മ്മാതാക്കളും അച്ചാര്‍ വ്യവസായികളുമാണ് ഈ ചരക്ക് ശേഖരിക്കുന്നത്. സാധാരണ നവംബര്‍ പകുതിയില്‍ തന്നെ വിളവെടുപ്പ് ഊര്‍ജിതമാകാറുണ്ടങ്കിലും ഇക്കുറി കാലാവസ്ഥ വ്യതിയാനം മൂലം വിളവെടുപ്പിന് കാലതാമസം നേരിട്ടു. കിലോ നൂറ് രൂപയില്‍ വിപണനം തുടങ്ങിയ ഈ ലൈറ്റ് പെപ്പറിന്റ ലഭ്യത വാങ്ങലുകാരുടെ പ്രതീക്ഷയ്ക്കൊത്ത് വില്‍പ്പനയ്ക്ക് എത്താഞ്ഞതിനാല്‍ നിരക്ക് അടിക്കടി ഉയര്‍ത്തി 150 രൂപയിലാണ് ഇന്ന് ഇടപാടുകള്‍ നടന്നത്. രാജ്യാന്തര വിപണിയില്‍ കുരുമുളക് സത്തിന് ഡിമാന്റുള്ളതിനാല്‍ ഒലിയോറസിന്‍ വ്യവസായികള്‍ മൂപ്പ് കുറഞ്ഞ മുളകിന്റെ ലഭ്യത ഉറപ്പ് വരുത്താന്‍ വില വീണ്ടും ഉയര്‍ത്തുമെന്ന സൂചനയാണ് തെക്കന്‍ കേരളത്തിലെ വിപണികളില്‍ നിന്നും ലഭ്യമാവുന്നത്.

വിലക്കയറ്റം പിടിച്ചു നിര്‍ത്തി ടയര്‍ ലോബി

ടയര്‍ ലോബി രാജ്യാന്തര വിപണിയില്‍ സംഘടിത നീക്കത്തിലുടെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തി. ചൈനയും ജപ്പാനിലും റബര്‍ അവധി നിരക്കുകളില്‍ സംഭവിച്ച ഇടിവ് പ്രമുഖ കയറ്റുമതി രാജ്യമായ തായ് വിപണിയെയും പിന്നോക്കം വലിച്ചു. ബാങ്കോക്കില്‍ ഷീറ്റ് വില താഴ്ന്നത് അവസരമാക്കി ഇന്ത്യന്‍ വ്യവസായികള്‍ കൊച്ചി കോട്ടയം വിപണികളെ കഴിഞ്ഞ വാരം സമ്മര്‍ദ്ദത്തിലാക്കി. ക്രിസ്തുമസ് അടുത്ത സാഹചര്യത്തില്‍ മദ്ധ്യകേരളത്തിലെ കര്‍ഷകര്‍ വൈകശമുള്ള റബറുമായി വിപണിയെ സമീപിക്കുന്ന അവസരത്തില്‍ വില വീണ്ടും ഇടിക്കാന്‍ ശ്രമം നടത്താം. ഉല്‍പാദന രംഗത്തെ ഉണര്‍വും വാങ്ങലുകാരെ നിരക്ക് ഉയര്‍ത്തുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നു. നാലാം ഗ്രേഡ് കിലോ 150 രൂപയായി ഇന്ന് കുറഞ്ഞു.

വിലക്കയറ്റ സാധ്യതകളെ തടഞ്ഞ് ഏലം

വാരാന്ത്യം ഒറ്റ ദിവസം മൂന്ന് ലേലങ്ങളിലായി മൊത്തം 1,30,000 കിലോ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങിയത് വിലക്കയറ്റ സാധ്യതകളെ തടഞ്ഞു. ക്രിസ്തുമസ് വേളയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ചെറുകിട കര്‍ഷകര്‍ ചരക്ക് വിറ്റുമാറാന്‍ തിടുക്കം കാണിക്കുന്നത്. ആഭ്യന്തര വിദേശ വിപണികളില്‍ ഏലത്തിന് ശക്തമായ ഡിമാന്റ് നിലനില്‍ക്കുന്ന അവസരത്തില്‍ ഉല്‍പ്പന്ന നീക്കം നിയന്ത്രിക്കാനായാല്‍ മാത്രമേ മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവു. മികച്ചയിനങ്ങള്‍ കിലോ 2230 രൂപയിലും ശരാശരി ഇനങ്ങള്‍ 1568 രൂപയിലും ഇടപാടുകള്‍ നടന്നു.