6 Nov 2023 5:44 PM IST
Summary
- വിദേശ ചരക്ക് ഉത്തരേന്ത്യയില്‍ കുമിഞ്ഞ് കൂടിയതും കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
ഉത്തരേന്ത്യന്‍ ഡിമാന്റ് കുറഞ്ഞതോടെ കുരുമുളകിന് വില തകര്‍ച്ച. ചുരുങ്ങിയ ദിവസങ്ങളില്‍ കുരുമുളകിന് കിലോ ഗ്രാമിന് 21 രൂപ കുറഞ്ഞു. ഉത്തരേന്ത്യന്‍ ആവശ്യം കുറയുന്ന അവസ്ഥ തുടര്‍ന്നാല്‍ വിലയിലെ ചാഞ്ചാട്ടം നിലനില്‍ക്കും. ഉത്സവകാല ആവശ്യങ്ങള്‍ക്കുള്ള ചരക്ക് സംഭരണം അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ പുര്‍ത്തിയാക്കി രംഗം വിട്ടതാണ് തളര്‍ച്ചയ്ക്ക് കാരണം. വിദേശ ചരക്ക് ഉത്തരേന്ത്യയില്‍ കുമിഞ്ഞ് കൂടിയതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കാര്‍ഷിക മേഖലയുടെ ആവശ്യത്തിന് നേരത്തെ വാണിജ്യമന്ത്രാലയം മുഖം തിരിച്ചു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില കിലോ 588 രൂപയായി താഴ്ന്നു.
ക്രൂഡ് വിലയില്‍ ഭയന്ന് ടയര്‍ കമ്പനികള്‍
ഇസ്രായേല്‍-ഹമാസ് യുദ്ധം രാജ്യാന്തര ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുമെന്ന് മുന്‍ നിര ടയര്‍ കമ്പനി. വില വര്‍ദ്ധന ടയര്‍ വ്യവസായത്തെ ബാധിക്കുമെന്നാണ് വ്യവസായികളുടെ പക്ഷം. എന്നാല്‍ റബര്‍ വില ഉയരാന്‍ ഇത് അവസരം ഒരുക്കുമെന്ന് വ്യക്തമാക്കാന്‍ അവര്‍ തയ്യാറായില്ല.ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ സ്വാഭാവികമായും അതിന് അനുസൃതമായി കൃത്രിമ റബര്‍ വിലയും വര്‍ദ്ധിക്കും. അതേസമയം സ്വാഭാവിക റബര്‍ വില ഉയര്‍ത്തി ശേഖരിക്കില്ലെന്ന നിലപാട് വ്യവസായികള്‍ തുടരുമെന്ന് സാരം. 35 ദശലക്ഷം ടയര്‍ നിര്‍മ്മിക്കുന്ന ഒരു വന്‍കിട കമ്പനി മേധാവിയുടെ വിലയിരുത്തല്‍ കണക്കിലെടുത്താല്‍ റബര്‍ ഷീറ്റ് വിലയില്‍ വന്‍ കുതിപ്പ് വരും മാസങ്ങളില്‍ പ്രതീക്ഷിക്കാനാവില്ല. അതേ സമയം ഉല്‍പാദനം ഉയര്‍ന്നെങ്കിലും കാര്‍ഷിക മേഖല കരുതലോടെയാണ് റബര്‍ വില്‍പ്പനയ്ക്ക് ഇറക്കുന്നത്. നാലാം ഗ്രേഡ് റബര്‍ കിലോ 152 രൂപ 50 പൈസയില്‍ വിപണനം നടന്നു.
അവസാനഘട്ട വില്‍പ്പനയില്‍ ഏലം
ഗ്രീന്‍ ഹൗസ് കാര്‍ഡമത്തില്‍ ഇന്ന് നടന്ന ഏലക്ക ലേലത്തില്‍ 47,642 കിലോഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ 47,558 കിലോയും വിറ്റഴിഞ്ഞു. ചരക്ക് സംഭരിക്കാന്‍ ഇടപാടുകാര്‍ മത്സരിക്കുന്ന കാഴ്ച്ചയാണ് പിന്നിട്ട ഏതാനും ദിവസങ്ങളായി വിവിധ കേന്ദ്രങ്ങളില്‍ ദൃശ്യമാവുന്നത്. ദീപാവലിഡിമാന്റ് മുന്നില്‍ കണ്ടുള്ള അവസാനഘട്ട വാങ്ങലുകളാണ് നടക്കുന്നത്. മികച്ചയിനങ്ങള്‍ കിലോ 2233 രൂപയിലും ശരാശരി ഇനങ്ങള്‍ 1490 രൂപയിലും കൈമാറി.
നാളികേരോല്‍പ്പന്നങ്ങളുടെ വില കുറഞ്ഞു. ദീപാവലി മന്നേ മില്ലുകാര്‍ വെളിച്ചെണ്ണ വിറ്റുമാറാന്‍ നടത്തിയ മത്സരമാണ് വിപണിയെ തളര്‍ത്തിയത്.