7 Nov 2023 5:45 PM IST
Summary
- ഇറക്കുമതി എണ്ണകളുടെ വില താഴ്ന്നത് കേരളത്തിലെ ഇടപാടുകാരിലും സമ്മര്‍ദ്ദമുണ്ടാക്കുന്നു
ഭക്ഷ്യയെണ്ണ വിപണികളില്‍ വില്‍പ്പന സമ്മര്‍ദ്ദം. പ്രതിസന്ധി മുന്നില്‍ കണ്ട് എണ്ണ വിറ്റുമാറാന്‍ കൊപ്രയാട്ട് വ്യവസായികള്‍ നീക്കം തുടങ്ങി. എണ്ണയുടെ വന്‍ ശേഖരം എത്രയും വേഗത്തില്‍ ഉത്സവ ദിനങ്ങളില്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് വ്യവസായികള്‍. ഇറക്കുമതി എണ്ണകളുടെ വില താഴ്ന്നത് കേരളത്തിലെ ഇടപാടുകാരിലും സമ്മര്‍ദ്ദം ഉളവാക്കുന്നു. ഇതിനിടയില്‍ വെളിച്ചെണ്ണയ്ക്ക് തിരിച്ചടി നേരിടുമോയെന്ന ആശങ്കയില്‍ കൊപ്രയാട്ട് മില്ലുകാര്‍ കൊച്ചിയില്‍ വെളിച്ചെണ്ണ വില 13,400 രൂപയായും കൊപ്ര 9100 രൂപയായും താഴ്ത്തി. വില ഇടിവ് ഭയന്ന് ഗ്രാമീണ മേഖലയില്‍ ചെറുകിട കര്‍ഷകര്‍ വിളവെടുപ്പിനുള്ള നീക്കത്തിലാണ്. അതേ സമയം ഉത്സവ ദിനങ്ങള്‍ക്ക് ശേഷവും പാചകയെണ്ണ വിപണികള്‍ മികവ് നിലനിര്‍ത്തുമെന്ന ഒരു വിഭാഗം മില്ലുകാര്‍ അവകാശപ്പെടുന്നു.
ചരക്ക് നീക്കം നിയന്ത്രിക്കാന്‍ ഏലം കര്‍ഷകര്‍
ഹൈറേഞ്ചിലെ ഏലതോട്ടങ്ങള്‍ സജീവമാമെങ്കിലും നിരക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യതോടെ ചരക്ക് നീക്കം നിയന്ത്രികാന്‍ കര്‍ഷകര്‍ ലേലത്തില്‍ ഏലക്കയുടെ വില്‍പ്പന തോത് കുറച്ചു. ഉല്‍പാദന മേഖലയില്‍ ഇന്ന് നടന്ന ലേലത്തില്‍ ആകെ 14,188 കിലോഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 13,706 കിലോയും ഇടപാടുകാര്‍ ശേഖരിച്ചു. ദീപാവലിക്ക് ആവശ്യമായ ചരക്കില്‍ ഏറിയ പങ്കും ഇതിനകം വാങ്ങലുകാര്‍ സംഭരിച്ചു. മികച്ചയിനങ്ങള്‍ കിലോ 2091 രൂപയിലും ശരാശരി ഇനങ്ങള്‍ 1483 രൂപയിലും കൈമാറ്റം നടന്നു. ആഭ്യന്തര വാങ്ങലുകാര്‍ക്ക് ഒപ്പം കയറ്റുമതിക്കാരും ലേലത്തില്‍ പങ്കെടുത്തു.
നിരക്ക് ഉയര്‍ത്തി റബര്‍
റബര്‍ കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും താഴ്ന്ന വിലയ്ക്ക് ചരക്ക് കൈമാറാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് വ്യക്തമായതോടെ വ്യവസായികള്‍ നിരക്ക് ഉയര്‍ത്തി. സീസണ്‍ കാലയളവിലും റബര്‍ ഷീറ്റ് ലഭ്യത ചുരുങ്ങിയതാണ് വില വര്‍ദ്ധിപ്പിക്കാന്‍ വ്യവസായികളെ നിര്‍ബന്ധിതരാക്കിയത്. നാലാം ഗ്രേഡ് റബര്‍ കിലോ 153 രൂപയിലും അഞ്ചാം ഗ്രേഡ് 151 രൂപയായും ഉയര്‍ന്നു.