31 July 2025 6:04 PM IST
Summary
തേങ്ങ സംഭരണത്തിന് സര്‍ക്കാര്‍ ശ്രമം
തായ്ലാന്‍ഡില്‍ മഴ മാറി കാലാവസ്ഥ തെളിഞ്ഞതിനാല്‍ അടുത്തവാരം റബര്‍ ഉല്‍പാദകര്‍ തോട്ടങ്ങളിലേയ്ക്ക് ശ്രദ്ധതിരിക്കുമെന്ന നിഗമനത്തിലാണ് വ്യവസായികള്‍. കാലാവസ്ഥ മാറ്റം മുന്‍ നിര്‍ത്തി ഏഷ്യന്‍ റബര്‍ അവധി വിപണികളില്‍ വില്‍പ്പന സമ്മര്‍ദ്ദം ഉയരുന്നുണ്ട്. മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിലെ മാന്ദ്യം മുന്നില്‍ കണ്ട് നിക്ഷേപകര്‍ വില്‍പ്പനയ്ക്ക് തിരിഞ്ഞത് ജപ്പാന്‍ അടക്കമുള്ള മുന്‍ നിര അവധി വ്യാപാര കേന്ദ്രങ്ങളില്‍ റബറിനെ തളര്‍ത്തി. വാരാരംഭത്തില്‍ കിലോ 334 യെന്‍ വരെ ഉയര്‍ന്ന ഇടപാടുകള്‍ നടന്ന ജപ്പാനില്‍ ഇന്ന് വില 314 യെന്നായി താഴ്ന്നു. വിദേശത്തെ തളര്‍ച്ച കണ്ട് ഇന്ത്യന്‍ വ്യവസായികള്‍ നാലാം ഗ്രേഡ് റബര്‍ വില 20,500 രൂപയില്‍ നിന്നും 20,300 ലേയ്ക്ക് താഴ്ത്തി.
ഉല്‍പാദന മേഖലയില്‍ നടന്ന ഏലക്ക ലേലത്തില്‍ ആഭ്യന്തര വിദേശ വാങ്ങലുകാരില്‍ നിന്നും കൂടുതല്‍ അന്വേഷണങ്ങളെത്തി. ഇതിനിടയില്‍ ഹൈറേഞ്ചിലെ ചില ഭാഗങ്ങളില്‍ മഴ മൂലം ഏലം കൃഷിക്ക് നേരിട്ട തിരിച്ചടികള്‍ മുന്‍ നിര്‍ത്തി ഒരു വിഭാഗം കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും വില്‍പ്പന നിയന്ത്രിച്ചു. ഇന്ന് ആകെ 14,296 കിലോഗ്രാം ഏലക്ക എത്തിയതില്‍ 13,120 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 2673 രൂപയില്‍ കൈമാറി.
ഓണം അടുത്തതോടെ ആകര്‍ഷകമായ വിലയ്ക്ക് തേങ്ങ വിറ്റുമാറാനാവുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍. ഓഫ് സീസണായതിനാല്‍ വിളവ് കുറവാണെങ്കിലും ഉയര്‍ന്ന വില തേങ്ങയ്ക്ക് ഉറപ്പ് വരുത്താനാവുമെന്നാണ് വിലയിരുത്തുന്നത്. നഗരപ്രദേശങ്ങളില്‍ പച്ചതേങ്ങ കിലോ 88 രൂപയായി ഉയര്‍ന്നാണ് വിപണനം നടന്നത്. ഇതിനിടയില്‍ കര്‍ഷകരില്‍ നിന്നും തേങ്ങ സംഭരണത്തിന് സര്‍ക്കാര്‍ ഏജന്‍സികള്‍ നീക്കം തുടങ്ങി. ഓണ വേളയില്‍ കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ വിപണിയില്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് സ്പ്ലൈകോ.