5 Aug 2025 5:53 PM IST
Summary
ഒരാഴ്ചക്കിടെ തമിഴ്നാട്ടില്‍ വെളിച്ചെണ്ണയ്ക്ക് കുറഞ്ഞത് ക്വിന്റലിന് 2325 രൂപ
അയല്‍ സംസ്ഥാനങ്ങളില്‍ വന്‍കിട നാളികേര കര്‍ഷകര്‍ വിളവെടുപ്പിനുള്ള തിരക്കിട്ട നീക്കത്തില്‍. കേരളം വെളിച്ചെണ്ണ വിലക്കയറ്റത്തിന് നിയന്ത്രണം വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചത് ദക്ഷിണേന്ത്യന്‍ വിപണികളില്‍ എണ്ണ വില കുറയാന്‍ ഇടയാക്കി.
മൂത്ത് വിളഞ്ഞ നാളികേരം വില്‍പ്പനയ്ക്ക് ഇറക്കാനുള്ള തിടുക്കത്തിലാണ് വന്‍കിട തോട്ടങ്ങള്‍. ഒരാഴ്ച്ചക്കിടയില്‍ തമിഴ്നാട്ടില്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 2325 രൂപ ഇടിഞ്ഞത് ഉല്‍പാദകരെ ആശങ്കയിലാക്കി. ഓണം മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ ലിറ്ററിന് 349 രൂപയ്ക്ക് വെളിച്ചെണ്ണ വില്‍പ്പന നടത്തുമെന്ന പ്രഖ്യാപനവും അയല്‍ സംസ്ഥാനങ്ങളിലെ വന്‍കിട മില്ലുകാരെ വില്‍പ്പനകാരാക്കി. കൊച്ചിയില്‍ നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല.
പുതിയ ഏലക്ക പ്രവാഹം വാങ്ങലുകാരെ പിന്നോക്കം വലിച്ചു. ഇന്നലെ രണ്ട് ലേലങ്ങളിലായി ഒരു ഒരുലക്ഷത്തില്‍ അധികം കിലോ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങിയതാണ് ആഭ്യന്തര വിദേശ ഇടപാടുകാരുടെ ആവേശം കുറച്ചത്. അതേ സമയം ഇന്ന് ശാന്തന്‍പാറയില്‍ നടന്ന ലേലത്തില്‍ ആകെ 18,089 കിലോ എലക്ക മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിയത്. ഇതില്‍ 18,013 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 2493 രൂപ.
പ്രമുഖ വിപണികള്‍ക്ക് ഒപ്പം ഇന്ത്യന്‍ മാര്‍ക്കറ്റിലും ഇന്ന് റബര്‍ വില വര്‍ദ്ധിച്ചു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ കിലോ 202 രൂപയില്‍ നിന്ന് 203 ലേയ്ക്ക് കയറി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ മൂലം ടാപ്പിങ് സ്തംഭിച്ചതാണ് ചരക്ക് പിടിക്കാന്‍ സ്റ്റോക്കിസ്റ്റുകളെ പ്രേരിപ്പിക്കുന്നത്. റെയിന്‍ ഗാര്‍ഡ് ഇല്ലാത്ത തോട്ടങ്ങളില്‍ വെട്ട് പുനരാരംഭിക്കാന്‍ കാലതാമസം നേരിടും.
ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികള്‍ ലാറ്റക്സ് കിലോ 133 രൂപയ്ക്ക് ശേഖരിച്ചു. തായ് മാര്‍ക്കറ്റായ ബാങ്കോക്കില്‍ ഷീറ്റ് വില കിലോ നാല് രൂപ വര്‍ദ്ധിച്ച് 182 രൂപയായി. ജപ്പാന്‍, സിംഗപ്പുര്‍, ചൈനീസ് വിപണികളിലും ഉണര്‍വ് കണ്ടു.