image

29 Dec 2023 6:38 PM IST

Commodity

കുരുമുളകിന് നേട്ടം; മാറ്റമില്ലാതെ റബര്‍വില

MyFin Desk

കുരുമുളകിന് നേട്ടം;  മാറ്റമില്ലാതെ റബര്‍വില
X

Summary


    വര്‍ഷാന്ത്യ വ്യാപാരങ്ങളില്‍ കുരുമുളകിന് നേട്ടം. കുരുളക് വാങ്ങാനായി ഇടപാടുകാര്‍ മത്സരിച്ചത് വിലയില്‍ ഒരു കുതിച്ചു ചാട്ടത്തിനാണ് അവസരം ഒരുക്കിയത്. ക്വിന്റ്റലിന് 700 രൂപ വര്‍ധിച്ച് 59,400 ലാണ് ഇടപാടുകള്‍ പുനരാരംഭിച്ചത്. വ്യാപാരാവസാനത്തില്‍ വില 59,600 ലേയ്ക്ക് കയറി. ഹൈറേഞ്ച് മുളകിന് വിപണിയില്‍ അനുഭവപ്പെട്ട കടുത്ത ക്ഷാമം വര്‍ഷാരംഭത്തിലും നിലനില്‍ക്കുമെന്ന സൂചനകള്‍ വാങ്ങല്‍ താല്‍പര്യം ഇരട്ടിപ്പിച്ചു.

    അതേസമയം 2024 ലെ ഉല്‍പാദനം സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ പുറത്തുവിടുന്നതില്‍ സ്‌പൈസസ് ബോര്‍ഡിന് നേരിട്ട പരാജയം കര്‍ഷകരെ മുള്‍മുനയിലാക്കി. കാലവര്‍ഷം ദുര്‍ബലമായ അവസരത്തില്‍ തന്നെ അടുത്ത സീസണിലെ വിളവ് ചുരുങ്ങുമെന്ന കാര്‍ഷിക മേഖലയില്‍ നിന്നും മുറവിളി ഉയര്‍ന്നെങ്കിലും വിളവ് സംബന്ധിച്ച് പഠനം നടത്തി ഉല്‍പാദകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍ക്കാന്‍ കേന്ദ്ര ഏജന്‍സി തയ്യാറായില്ല. വ്യക്തമായ കണക്കുകള്‍ പുറത്തുവന്നിരുന്നങ്കില്‍ അത് വിപണിക്കും കര്‍ഷകര്‍ക്കും അനുകൂലമാകുമായിരുന്നു. അടുത്ത മാസം ചില ഭാഗങ്ങളില്‍ വിളവെടുപ്പിന് തുടക്കം കുറിക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമാവുന്ന വിവരം. അതേ സമയം വിളവെടുപ്പിന് കാലതാമസം നേരിട്ടാല്‍ കുരുമുളക് വില ജനുവരി ആദ്യ പകുതിയില്‍ വീണ്ടും ഉയരാം.

    ആഗോള റബര്‍ ഉല്‍പാദനത്തില്‍ മുന്‍പന്തിയില്‍ നിലകൊള്ളുന്ന തായ്‌ലണ്ടില്‍ കനത്ത മഴ വെള്ളപ്പൊക്കത്തിന് ഇടയാക്കി. പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചനകള്‍ കണക്കിലെടുത്താല്‍ ഈ വര്‍ഷം ഇനി റബര്‍ ടാപ്പിങിന് കര്‍ഷകര്‍ക്ക് അവസരം ലഭിക്കില്ല. ഉല്‍പാദനത്തിലെ പ്രതിസന്ധി അവരുടെ റബര്‍ കയറ്റുമതിയെയും ബാധിക്കാം. വ്യവസായിക ഡിമാന്റില്‍ അവിടെ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില കിലോ അഞ്ച് രൂപ വര്‍ധിച്ച് 151 രൂപയായി. കേരളത്തിലെ വിപണികളില്‍ മികച്ചയിനം ഷീറ്റ് കിലോ 155 രൂപയില്‍ സ്റ്റെഡിയാണ്. ക്രിസ്തുമസിന് ശേഷവും വിപണികളില്‍ ഷീറ്റ് ക്ഷാമം തുടരുന്നു.

    ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ഏലക്ക പ്രവാഹത്തിന് ഇടുക്കി സാക്ഷ്യം വഹിച്ചു. വര്‍ഷാന്ത്യത്തിലെ ഹോളി ഡേ മൂഡിനിടയിലും ഏലക്ക വിറ്റുമാറാന്‍ എല്ലാ ഭാഗങ്ങളിലെയും ഇടപാടുകാര്‍ മത്സരിക്കുന്ന സ്ഥിതിയാണ്. രണ്ട് ലക്ഷം കിലോയോളും ചരക്ക് എത്തുന്നത് ആദ്യം. ഒറ്റ ദിവസം രണ്ട് ലേല കേന്ദ്രങ്ങളിലേയ്ക്കായി വില്‍പ്പനയ്ക്ക് വന്നത് മൊത്തം 1.90 ലക്ഷം കിലോ ഏലക്കയാണ്. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. മികച്ചയിനങ്ങള്‍ കിലോ 2852 രൂപ വരെ കയറിയപ്പോള്‍ ശരാശരി ഇനങ്ങള്‍ 1858 ലേയ്ക്ക് ഉയര്‍ന്നു.