9 Oct 2023 5:15 PM IST
Summary
- റബര്‍ ഉത്പാദനത്തില്‍ ഉണര്‍വ്
മികച്ചയിനം കുരുമുളകിന് ആഭ്യന്തര വിപണിയില്‍ ആവശ്യം ഉയര്‍ന്നു. ജലാംശം കുറഞ്ഞതും പൂപ്പല്‍ ബാധയ്ക്ക് സാധ്യതയില്ലാത്തും ഉണക്കും സാന്ദ്രത കൂടിയതുമായ മുളകിനായി ആഭ്യന്തര വ്യാപാരികള്‍ നെട്ടട്ടോമോടുന്നു.
ഹൈറേഞ്ച്, വയനാടന്‍ മേഖലയിലെ ഇത്തരം ചരക്കുണ്ടെങ്കിലും കര്‍ഷകര്‍ വില്‍പ്പനയ്ക്ക് കാര്യമായ ഉത്സാഹം കാണിച്ചില്ല. ഇതിനിടയില്‍ വാങ്ങലുകാര്‍ വില കൂടി ചരക്ക് സംഭരണത്തിന് തയ്യാറായിട്ടും സ്റ്റോക്കിസ്റ്റുകള്‍ മുളകില്‍ പിടിമുറുക്കി. സെപ്റ്റംബര്‍ അവസാന വാരത്തെ അപേക്ഷിച്ച് കഴിഞ്ഞ വാരം കൊച്ചി ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ മുളക് വരവ് 58 ടണ്‍ കുറഞ്ഞ് 121 ടണ്ണില്‍ ഒതുങ്ങി. ഇതിനിടയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെ ചരക്ക് ക്ഷാമം കണ്ട് ശ്രീലങ്കന്‍ കയറ്റുമതിക്കാര്‍ അവരുടെ വില ടണ്ണിന് 6250 ഡോളറില്‍ നിന്നും 6800 ഡോളറാക്കി. കൊളംമ്പോയിലെ കയറ്റുമതിക്കാരുടെ നീക്കം കണക്കിലെടുത്താല്‍ അവിടെയും മുളക് ലഭ്യത ചുരുങ്ങുന്നതായി വേണം വിലയിരുത്താന്‍. പിന്നിട്ടവാരം കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റ്റലിന് 800 രൂപ ഉയര്‍ന്ന് 63,300 രൂപയായി.
ക്ഷാമത്തില്‍ ഏലം
ഏലത്തിന് താങ്ങ് പകരാന്‍ ഉല്‍പാദകര്‍ സംഘടിതമായി ചരക്ക് നീക്കത്തില്‍ വരുത്തിയ നിയന്ത്രണം വരും ദിനങ്ങളിലും തുടര്‍ന്നാല്‍ ലേല കേന്ദ്രങ്ങളില്‍ നിന്നും വില ഉയര്‍ത്തി ചരക്ക് എടുക്കാന്‍ വാങ്ങലുകാര്‍ തയ്യാറാവും. ഇന്ന് ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ ആകെ വില്‍പ്പനയ്ക്ക് വന്നത് 19,291 കിലോ ഏലക്ക മാത്രമാണ്. ഇതില്‍ 18,109 കിലോയും ഇടപാടുകാര്‍ കൊത്തി പെറുക്കി. ശരാശരി ഇനങ്ങള്‍ കിലോ 1782 രൂപയിലും മികച്ചയിനങ്ങള്‍ 2280 രൂപയിലും കൈമാറി. കഴിഞ്ഞ വാരം രണ്ട് ദിവസങ്ങളിലായി നടന്ന നാല് ലേലങ്ങളില്‍ ഏകദേശം രണ്ട് ലക്ഷം കിലോ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങിയത് വില തകര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.
റബര്‍ ഉത്പാദനത്തില്‍ ഉണര്‍വ്
റബര്‍ ഉത്പാദനത്തിലെ ഉണര്‍വ് മുന്‍ നിര്‍ത്തി ടയര്‍ നിര്‍മ്മാതാക്കളും ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികളും നിരക്ക് ഉയര്‍ത്താതെ പരമാവധി ഷീറ്റ് വാങ്ങി കൂട്ടാനുള്ള ശ്രമത്തിലാണ്. കൊച്ചി, കോട്ടയം വിപണികളില്‍ വ്യവസായികള്‍ തമ്പടിച്ചത് വില മെച്ചപ്പെടുത്തുമെന്ന് സ്റ്റോക്കിസ്റ്റുകള്‍ കണക്ക് കൂട്ടിയെങ്കിലും നാലാം ഗ്രേഡ് കിലോ 146 രൂപയില്‍ സ്റ്റെഡിയായി നിലകൊണ്ടു, ലാറ്റക്സ്, ഒട്ടുപാല്‍ വിലകളിലും മാറ്റം സംഭവിച്ചില്ല.