image

5 Nov 2023 3:00 PM IST

Equity

വില്‍പ്പന തുടര്‍ന്ന് എഫ്‍പിഐ; നവംബറിലെ ആദ്യ 3 ദിനങ്ങളില്‍ കൈയൊഴിഞ്ഞത് 3,400 കോടി രൂപ

MyFin Desk

fpi followed by selling, 3,400 crore was lost in the first 3 days of november
X

Summary

  • വില്‍പ്പന പ്രവണത ഈ നിലയില്‍ തുടരാനിടയില്ലെന്ന് വിദഗ്ധര്‍
  • ഡെറ്റ് വിപണിയില്‍ എഫ്‍പിഐകള്‍ നിക്ഷേപം തുടര്‍ന്നു


വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്‌പിഐ) വിൽപ്പന നവംബറിന്‍റെ തുടക്കത്തിലും തുടർന്നു, നവംബറിലെ ആദ്യ മൂന്ന് ട്രേഡിംഗ് സെഷനുകളിൽ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിൽ നിന്ന് 3,400 കോടി രൂപയുടെ അറ്റ പിന്‍വലിക്കാണ് എഫ്‍പിഐകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പലസ്തീനിലെ യുദ്ധം ഇസ്രയേല്‍ തുടരുന്നതും ഉയര്‍ന്ന പലിശ നിരക്കുമാണ് വിദേശ നിക്ഷേപകരെ വില്‍പ്പന തുടരാന്‍ പ്രേരിപ്പിക്കുന്നത്.

ഒക്ടോബറിൽ 24,548 കോടി രൂപയുടെയും സെപ്റ്റംബറിൽ 14,767 കോടി രൂപയുടെയും പുറത്തേക്കൊഴുക്ക് എഫ്‍പിഐകള്‍ രേഖപ്പെടുത്തിയിരുന്നു. അതിനു മുമ്പ്, മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള ആറ് മാസങ്ങളിൽ എഫ്‍പിഐകള്‍ തുടർച്ചയായി ഇന്ത്യൻ ഓഹരികൾ വാങ്ങുകയും ഈ കാലയളവിൽ 1.74 ലക്ഷം കോടി രൂപ കൊണ്ടുവരുകയും ചെയ്തു.

യുഎസ് ഫെഡ് റിസര്‍വ് സമീപ ഭാവിയില്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതിനുള്ള സാധ്യത മങ്ങിയതിനാലും യുഎസിന്‍റെ 10 വര്‍ഷ ബോണ്ടുകളിലെ ആദായം ഇടിഞ്ഞതും എഫ്‍പിഐകളെ വാങ്ങലിലേക്ക് തിരിച്ചെത്തിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. എങ്കിലും യുദ്ധവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും നിക്ഷേപകരെ സ്വാധീനിക്കും.

ഡിപ്പോസിറ്ററികളുമായുള്ള ഡാറ്റ അനുസരിച്ച്, നവംബർ 1-3 കാലയളവിൽ എഫ്പിഐകൾ 3,412 കോടി രൂപയുടെ ഓഹരികൾ വിറ്റു. കട വിപണിയില്‍ 1,984 കോടി രൂപയുടെ അറ്റ നിക്ഷേപം ഇക്കാലയളവില്‍ ഉണ്ടായെന്നും ഡിപ്പോസിറ്ററികളില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. ഒക്ടോബറിൽ 6,381 കോടി രൂപയായിരുന്നു ഡെറ്റ് വിപണിയിലെ അറ്റ നിക്ഷേപം.

ഇതോടെ ഈ വർഷം ഇതുവരെ ഇക്വിറ്റിയിലെ എഫ്‍പിഐകളുടെ അറ്റ നിക്ഷേപം 92,560 കോടി രൂപയിലും ഡെറ്റ് വിപണിയിലെ അറ്റ നിക്ഷേപം 37,485 കോടി രൂപയിലും എത്തി. ബാങ്കിംഗ്, ഓട്ടോമൊബൈൽ, ക്യാപിറ്റൽ ഗുഡ്‌സ്, ഐടി, റിയൽ എസ്റ്റേറ്റ് എന്നിവയിലെ മിഡ് ക്യാപ്‌സ് ഓഹരികളിലെ നിക്ഷേപങ്ങളിലാണ് എഫ്‍പിഐകള്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടമാക്കിയിട്ടുള്ളത്.