image

26 Nov 2023 12:19 PM IST

Equity

എഫ്‍പിഐ-കളുടെ ഈ മാസത്തെ അറ്റവാങ്ങല്‍ 378 കോടി രൂപ

MyFin Desk

378 crore in net purchases by fpi this month
X

Summary

  • മൂലധന ഉല്‍പ്പന്നങ്ങളിലും ബാങ്കിംഗിലും എഫ്‍പിഐ ഒഴുക്ക് പ്രതീക്ഷിക്കുന്നു
  • ഡെറ്റ് വിപണിയില്‍ എഫ്‍പിഐകള്‍ വാങ്ങല്‍ തുടരുന്നു


യുഎസ് ട്രഷറി ബോണ്ട് യീൽഡിൽ കുത്തനെ ഇടിവുണ്ടായതിനെ തുടര്‍ന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐകൾ) ഇന്ത്യന്‍ ഓഹരികളിലെ വാങ്ങലിലേക്ക് തിരിച്ചെത്തി. നവംബർ മാസത്തിൽ 378 കോടി രൂപയുടെ അറ്റ ​​നിക്ഷേപമാണ് ഇന്ത്യൻ ഇക്വിറ്റികളിൽ എഫ്‍പിഐകള്‍ നടത്തിയതെന്ന് ഡിപ്പോസിറ്ററികളിലെ ഡാറ്റ വ്യക്തമാക്കുന്നു.

ഒക്ടോബറിൽ 24,548 കോടി രൂപയും സെപ്റ്റംബറിൽ 14,767 കോടി രൂപയും ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്ന് എഫ്‍പിഐകള്‍ പുറത്തേക്കൊഴുക്കിയിരുന്നു. അതിന് മുമ്പ്, മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള ആറ് മാസങ്ങളിൽ എഫ്പിഐകൾ തുടർച്ചയായി ഇന്ത്യൻ ഓഹരികൾ വാങ്ങുകയും ഈ കാലയളവിൽ 1.74 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപം കൊണ്ടുവരുകയും ചെയ്തു.

ഈ കലണ്ടർ വർഷം ഇതുവരെ എഫ്‍പിഐകള്‍ 96,340 കോടി രൂപയുടെ അറ്റ നിക്ഷേപം ഇക്വിറ്റികളില്‍ നടത്തിയത്.

“മുന്നോട്ട്, യുഎസിലെ റിസ്ക് രഹിത ആസ്‍തികളിലെ ആദായം കുറയുന്നത് വികസ്വര വിപണികളിക്കും ഇന്ത്യയിലേക്ക് സവിശേഷമായും എഫ്‍പിഐകളെ ആകർഷിക്കുമെന്ന് ഞങ്ങൾ കരുതുന്നു,” യെസ് സെക്യൂരിറ്റീസ് ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് റിസർച്ച് സ്ട്രാറ്റജിസ്റ്റ് ഹിതേഷ് ജെയിൻ പറഞ്ഞു. .

കണക്കുകൾ പ്രകാരം, ഈ മാസം നവംബർ 24 വരെ ഇന്ത്യൻ ഇക്വിറ്റികളിൽ എഫ്‍പിഐകള്‍ 378.2 കോടി രൂപയുടെ അറ്റ ​​നിക്ഷേപം നടത്തി. അവലോകന കാലയളവിൽ ഡെറ്റ് മാർക്കറ്റില്‍ 12,400 കോടി രൂപയുടെ അറ്റ നിക്ഷേപവും എഫ്‍പിഐകളില്‍ നിന്ന് ഉണ്ടായി. ഒക്ടോബറിൽ 6,381 കോടി രൂപയാണ് കടവിപണിയില്‍ എഫ്‍പിഐകള്‍ നിക്ഷേപിച്ചിരുന്നത്.

ജെപി മോർഗൻ ഗവൺമെന്റ് ബോണ്ട് ഇൻഡക്‌സ് എമർജിംഗ് മാർക്കറ്റുകളിൽ ഇന്ത്യൻ ജി-സെക്കിനെ ഉൾപ്പെടുത്തിയത് ഇന്ത്യൻ ബോണ്ട് വിപണികളിൽ വിദേശ ഫണ്ട് പങ്കാളിത്തത്തിന് പ്രചോദനമായി.

കഴിഞ്ഞ 3 മാസമായി എഫ്‍പിഐകള്‍ വില്‍പ്പന നടത്തിയിരുന്ന ബാങ്കിംഗ് ഓഹരികളില്‍ അവര്‍ വാങ്ങലുകാരാകാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാർ മൂലധന ചെലവിടല്‍ വര്‍ധിപ്പിക്കും എന്നതിനാല്‍ മൂലധന ഉല്‍പ്പന്നങ്ങളിലും കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളിലും എഫ്‍പിഐ ഒഴുക്ക് പ്രതീക്ഷിക്കുന്നുണ്ട്.