image

19 Nov 2023 1:30 PM IST

Equity

വാങ്ങലുകാരായി എഫ്‍പിഐ-കള്‍; നവംബറില്‍ ഇതുവരെ 1433 കോടി

MyFin Desk

fpi as buyers, 1433 crore so far in november
X

Summary

  • കട വിപണിയില്‍ എഫ്‍പിഐകള്‍ വാങ്ങല്‍ തുടരുന്നു
  • എഫ്‍പിഐകളടെ പ്രിയ നിക്ഷേപ വിഭാഗങ്ങളായി ഓട്ടോമൊബൈലും മൂലധന ഉല്‍പ്പന്നങ്ങളും
  • യുഎസ് ട്രഷറി ആദായം താഴുന്നത് എഫ്‍പിഐ വരവിന് അനുകൂലം


കഴിഞ്ഞ രണ്ടര മാസത്തെ തുടർച്ചയായ വിൽപ്പനയ്ക്ക് ശേഷം, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്‍പിഐകൾ) നവംബറിൽ ഇന്ത്യന്‍ ഇക്വിറ്റികളില്‍ വാങ്ങലിലേക്ക് തിരിച്ചെത്തി. ഈ മാസം ഇതുവരെ 1,433 കോടി രൂപയുടെ അറ്റവാങ്ങലാണ് ഇന്ത്യൻ ഇക്വിറ്റികളില്‍ എഫ്‍പിഐകള്‍ നടത്തിയത്. പ്രധാനമായും യുഎസ് ട്രഷറി ആദായത്തിലും ക്രൂഡ് ഓയിൽ വിലയിലും ഉണ്ടായ ഇടിവാണ് എഫ്‍പിഐകളുടെ യു ടേണിന് കാരണമായത്.

നവംബർ 15 വരെയുള്ള കണക്കില്‍ എഫ്‌പിഐകള്‍ അറ്റ ​​വിൽപ്പനക്കാരായിരുന്നു. എന്നിരുന്നാലും, നവംബർ 16-17 കാലയളവിലെ നിക്ഷേപത്തോടെ എഫ്‍പിഐകള്‍ വിൽപ്പന പ്രവണതയെ മാറ്റിമറിച്ചതായി ഡിപ്പോസിറ്ററികളിലെ ഡാറ്റ കാണിക്കുന്നു.

"ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഉത്സവ സീസൺ, ഇന്ത്യൻ വിപണിയിൽ എഫ്‍പിഐകളുടെ പുതിയ താൽപ്പര്യത്തിന് സംഭാവന നൽകുന്ന ഘടകമായി കാണുന്നു. ഇതോടൊപ്പം, യുഎസ് ട്രഷറി ബോണ്ട് വരുമാനത്തിലുണ്ടായ കുറവും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും വില്‍പ്പന സമ്മര്‍ദങ്ങളെ ലഘൂകരിച്ചു," മോണിംഗ്സ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ - മാനേജർ ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.

"വിപണി വിദഗ്ധർ ഇപ്പോൾ വിശ്വസിക്കുന്നത് യുഎസ് ഫെഡ് നിരക്ക് വർധനയുടെ ചക്രം പൂർത്തിയാക്കിയതെന്നും 2024-ൽ നിരക്ക് കുറയ്ക്കൽ സാവധാനം ആരംഭിക്കുമെന്നുമാണ്. യുഎസ് പണപ്പെരുപ്പത്തിലെ ഇടിവ് തുടരുകയാണെങ്കിൽ, ഫെഡറൽ റിസർവ് 2024 പകുതിയോടെ നിരക്കുകൾ കുറച്ചേക്കാം. ഇത് ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികളിലേക്കുള്ള എഫ്‍പിഐ ഒഴുക്ക് സുഗമമാക്കും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു

എഫ്‍പിഐകൾ ഒക്ടോബറിൽ 24,548 കോടി രൂപയും സെപ്റ്റംബറിൽ 14,767 കോടി രൂപയും ഇന്ത്യൻ ഇക്വിറ്റികളില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിയിരുന്നു. അതിന് മുമ്പ്, മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള ആറ് മാസങ്ങളിൽ എഫ്‍പിഐകൾ തുടർച്ചയായി ഇന്ത്യൻ ഓഹരികളില്‍ വാങ്ങലുകാരായി നില്‍ക്കുകയും ഈ കാലയളവിൽ 1.74 ലക്ഷം കോടി രൂപ എത്തിക്കുകയും ചെയ്തു

നവംബറില്‍ ഇതുവരെ കട വിപണിയില്‍ 12,330 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. ജെപി മോർഗൻ ഗവൺമെന്റ് ബോണ്ട് ഇൻഡക്‌സ് എമർജിംഗ് മാർക്കറ്റുകളിൽ ഇന്ത്യയുടെ സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ ഉൾപ്പെടുത്തിയത് ഇന്ത്യൻ ബോണ്ട് വിപണികളിൽ വിദേശ ഫണ്ട് പങ്കാളിത്തത്തിന് പ്രചോദനമായി.ഒക്ടോബറിൽ 6,381 കോടി രൂപയായിരുന്നു കട വിപണയിലെ എഫ്‍പിഐകളുടെ അറ്റ നിക്ഷേപം.

ഇതോടെ, ഈ വർഷം ഇതുവരെയുള്ള കണക്കില്‍, എഫ്‍പിഐകളുടെ ഇക്വിറ്റിയിലെ അറ്റ നിക്ഷേപം 97,405 കോടി രൂപയിലും ഡെറ്റ് മാർക്കറ്റിലെ അറ്റ നിക്ഷേപം 47,800 കോടി രൂപയിലുമെത്തി.

ഓട്ടോമൊബൈല്‍, മൂലധന ഉല്‍പ്പന്നങ്ങള്‍, ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, ഐടി എന്നീ മേഖലകളിലെ നിക്ഷേപത്തിനാണ് എഫ്‍പിഐകള്‍ കൂടുതലായും താല്‍പ്പര്യപ്പെടുന്നത്.