25 April 2023 5:15 PM IST
Summary
- രാജ്യാന്തര റബര്‍ അവധി വ്യാപാരത്തിലെ വില്‍പ്പന സമ്മര്‍ദ്ദം മൂലം റബറിന് കൂടുതല്‍ മുന്നേറ്റങ്ങള്‍ കാഴ്ച്ചവെക്കാനായില്ല
വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ ഏഷ്യന്‍ കറന്‍സികള്‍ പലതും മികവ് കാണിച്ചു. ഇതിനിടയില്‍ കുരുമുളക് ഉത്പാദന രാജ്യങ്ങള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിരക്ക് ഉയര്‍ത്തി. ഇന്തോനേഷ്യയും വിയറ്റ്നാമും ശ്രീലങ്കയും കുരുമുളക് വിലയില്‍ വരുത്തിയ മാറ്റം ഇന്ത്യന്‍ വിപണിയെയും സ്വാധീനിച്ചു. വിയറ്റ്നാം ടണ്ണിന് 400 ഡോളര്‍ ഉയര്‍ത്തി പുതിയ ക്വട്ടേഷനുമായി രംഗത്ത് ഇറങ്ങിയതിനാല്‍ യുഎസ് യുറോപ്യന്‍ വാങ്ങലുകാര്‍ തിരക്കിട്ട് പുതിയ വ്യാപാരങ്ങള്‍ക്ക് നീക്കം നടത്തുമെന്ന നിഗമനത്തിലാണ് കയറ്റുമതി രാജ്യങ്ങള്‍. ഈ വര്‍ഷം ഒരു ലക്ഷം ടണ്‍ കുരുമുളക് ചൈനയിലേയ്ക്ക് വിയറ്റ്നാം കയറ്റുമതി നടത്തിയെന്ന വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍ വിലക്കയറ്റത്തിന് വേഗത പകരാന്‍ ഇടയുണ്ട്. സംസ്ഥാനത്തെ കര്‍ഷകര്‍ ചരക്ക് വില്‍പ്പനയ്ക്ക് ഉത്സാഹം കുറച്ചു. കാത്തിരുന്നാല്‍ വിപണി വില കൂടുതല്‍ ഉയരുമെന്ന നിഗമനത്തിലാണ് കര്‍ഷകര്‍. അണ്‍ ഗാര്‍ബിള്‍ഡ് മുളക് ക്വിന്റ്റലിന് 100 രൂപ ഉയര്‍ന്ന് 48,200 രൂപയില്‍ വിപണനം നടന്നു.
വില്‍പ്പന സമ്മര്‍ദ്ദത്തില്‍ റബര്‍
രാജ്യാന്തര റബര്‍ അവധി വ്യാപാരത്തിലെ വില്‍പ്പന സമ്മര്‍ദ്ദം മൂലം റബറിന് കൂടുതല്‍ മുന്നേറ്റങ്ങള്‍ കാഴ്ച്ചവെക്കാനായില്ല. ചൈനീസ് വിപണിക്ക് ഒപ്പം ജപ്പാനിലും റബര്‍ വില താഴ്ന്നത് മുന്‍ നിര്‍ത്തി ഇന്ത്യന്‍ വ്യവസായികള്‍ നിരക്ക് ഉയര്‍ത്താതെ റബര്‍ സംഭരണത്തിനുള്ള ശ്രമത്തിലാണ്. അതേ സമയം സംസ്ഥാനത്ത് റബറിന് നേരിടുന്ന രുക്ഷമായ ക്ഷാമം കണക്കിലെടുത്താല്‍ കുറഞ്ഞ വിലയ്ക്ക് ചരക്ക് കൈമാറാന്‍ കാര്‍ഷിക മേഖല താല്‍പര്യം കാണിക്കില്ലെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍. ലാറ്റക്സ് കിലോ 111 രൂപയില്‍ വ്യാപാരം നടന്നു.
പ്രതീക്ഷ കൈവിടാതെ ഏലം
ഏലക്ക ശേഖരിക്കാന്‍ ആഭ്യന്തര വിദേശ വ്യാപാരികള്‍ രംഗത്തുണ്ടെങ്കിലും വിലക്കയറ്റം നിയന്ത്രിച്ചാണ് അവര്‍ ലേലത്തില്‍ നിന്നും ചരക്ക് സംഭരിക്കുന്നത്. അതേ സമയം ഓഫ് സീസണായതിനാല്‍ ഏലം വില ഉയരുമെന്ന വിശ്വാസം കാര്‍ഷിക മേഖല നിലനിര്‍ത്തുന്നു. തേക്കടിയില്‍ നടന്ന ലേലത്തില്‍ 43,695 കിലോ ഏലക്കയുടെ കൈമാറ്റം നടന്നു. മികച്ചയിനങ്ങള്‍ കിലോ 1636 രൂപയിലും ശരാശരി ഇനങ്ങള്‍ 1112 രൂപയിലുമാണ്.