12 July 2025 5:28 PM IST
Summary
കരുതല്‍ ശേഖരം 699.736 ബില്യണ്‍ ഡോളറായി കുറഞ്ഞു
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 699.736 ബില്യണ്‍ ഡോളറിലേക്ക് ഇടിഞ്ഞു. കാരണമായത് രൂപയുടെ മൂല്യത്തകര്‍ച്ച കുറയ്ക്കാന്‍ ആര്‍ബിഐ നടത്തിയ ഫോറെക്‌സ് മാര്‍ക്കറ്റ് ഇടപെടല്‍.
ജൂലൈ 4ന് അവസാനിച്ച ആഴ്ചയിലാണ് വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവുണ്ടായത്. ആഭ്യന്തര തലത്തില്‍ സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വുണ്ടെങ്കിലും രൂപ സമ്മര്‍ദ്ദത്തില്‍ തുടരുകയാണ്. ഇത്തരം സാഹചര്യത്തില്‍ ഡോളറിനെതിരായ രൂപയുടെ മൂല്യസ്ഥിരത നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് വിദേശ നാണ്യശേഖരം പ്രയോജപ്പെടുത്താറുണ്ട്.
ഇതിനായി കരുതല്‍ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് എടുക്കാറുള്ളത്. ഈ വര്‍ഷം ജനുവരി മുതലുള്ള കാലയളവില്‍ നിരവധി തവണ റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരം വിറ്റൊഴിച്ച് രൂപയെ പിന്തുണച്ചിരുന്നു. കൂടാതെ ഡോളറിന്റെ മൂല്യനിര്‍ണ്ണയത്തിലെ മാറ്റങ്ങളും കരുതല്‍ ശേഖരം കുറയുന്നതിലേക്ക് നയിച്ചതായി റിസര്‍വ് ബാങ്ക് ഡേറ്റ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ചയില്‍, വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ 4.8 ബില്യണ്‍ ഡോളറിന്റെ വര്‍ധന വന്നിരുന്നു. അതായത് കരുതല്‍ ശേഖരം 702.78 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു. ഇതില്‍ നിന്നാണ് ഒരാഴ്ച ഇടവേളയില്‍ കുറവ് വന്നത്. കരുതല്‍ ശേഖരത്തില്‍ വിദേശ കറന്‍സി ആസ്തികള്‍ 3.537 ബില്യണ്‍ഡോളര്‍ കുറഞ്ഞ് 591.287 ബില്യണിലേക്ക് എത്തി. എന്നാല്‍ സ്വര്‍ണ്ണ കരുതല്‍ ശേഖരം 342 മില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 84.846 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചിട്ടുണ്ട്.
ആഗോള അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരത്തിലേക്ക് ഡോളറിന് പകരം സുരക്ഷിത ആസ്തിയായ സ്വര്‍ണത്തിന്റെ അളവ് കൂട്ടാന്‍ ശ്രമിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതേസമയം, വിദേശ വിനിമയ കരുതല്‍ ശേഖരത്തിലും 39 ബില്യണിന്റെ മുന്നേറ്റമാണുണ്ടായിട്ടുള്ളതെന്ന് റിസര്‍വ് ബാങ്ക് ഡാറ്റ വ്യക്തമാക്കുന്നു.