28 Jan 2023 12:50 PM IST
Summary
- വിദേശ കറന്‍സി ആസ്തിയിലും, സ്വര്‍ണ്ണ ശേഖരത്തിലും ഉണ്ടായ വര്‍ധനയാണ് ഉയര്‍ച്ചക്ക് കാരണം.
മുംബൈ: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ജനുവരി 20 ന് അവസാനിച്ച ആഴ്ചയില്‍ 1.7 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 573.73 ബില്യണ്‍ ഡോളറിലേക്കെത്തി. വിദേശ കറന്‍സി ആസ്തിയിലും, സ്വര്‍ണ്ണ ശേഖരത്തിലും ഉണ്ടായ വര്‍ധനയാണ് ഉയര്‍ച്ചക്ക് കാരണം.വിദേശ കറന്‍സി ആസ്തി 839 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 506.06 ബില്യണ്‍ ഡോളറായപ്പോള്‍, സ്വര്‍ണ്ണ ശേഖരം 821 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 43.71 ബില്യണ്‍ ഡോളറായി.
കഴിഞ്ഞയാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 0.3 ശതമാനം വര്‍ധിച്ചു. ബ്ലൂംബെര്‍ഗ് പുറത്തു വിട്ട കണക്കു പ്രകാരം ഡോളര്‍ സൂചിക 102.2 നിലയിലാണ് അവസാനിച്ചത്. 2022 ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍, കരുതല്‍ ധനത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ആര്‍ബിഐ കഴിഞ്ഞ മൂന്ന് മാസമായി കരുതല്‍ ധനം വര്‍ധിപ്പിക്കുകയാണ്.
സെപ്റ്റംബര്‍ മാസം മുതല്‍ ജനുവരി ആറ് വരെയുള്ള കാലയളവില്‍ കരുതല്‍ ധനം 28.9 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 561.6 ബില്യണ്‍ ഡോളറായി. 2022 മെയ് മാസത്തിനു ശേഷം നവംബറിലാണ് ആര്‍ബിഐ ഡോളറിന്റെ അറ്റ വാങ്ങല്‍ നടത്തിയത്. 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍, കറന്‍സി വിപണിയില്‍ ആര്‍ബിഐ തുടര്‍ച്ചയായി ഡോളര്‍ വിറ്റഴിച്ചിരുന്നു. ഫെഡറല്‍ റിസര്‍വ് നിരന്തരമായ നിരക്ക് വര്‍ധന നടത്തിയതു മൂലം രൂപയുടെ വിനിമയ നിരക്കിലുണ്ടായ അസ്ഥിരതയാണ് ഇതിനു കാരണം.