22 May 2025 8:45 PM IST
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 36 പൈസ ഇടിഞ്ഞു. വിനിമയ മൂല്യം 85.95 എന്ന നിലയിലേക്കാണ് ഇടിഞ്ഞത്. ഇറക്കുമതിക്കാരിൽ നിന്നും വിദേശ ബാങ്കുകളിൽ നിന്നുമുള്ള ഡോളർ ഡിമാൻഡ്, ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടം എന്നിവയാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്.
ഇൻ്റർബാങ്ക് വിദേശനാണ്യ വിനിമയത്തിൽ 85.59 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 85.95 ലേക്ക് ഇടിയുകയായിരുന്നു. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 85.59 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
അതേസമയം, ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.25 ശതമാനം ഉയർന്ന് 99.80 ൽ വ്യാപാരം നടത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ ബാരലിന് 1.45 ശതമാനം ഇടിഞ്ഞ് 63.97 ഡോളറിലെത്തി.
ഓഹരി വിപണിയിൽ സെൻസെക്സ് 644.64 പോയിന്റ് അഥവാ 0.79 ശതമാനം ഇടിഞ്ഞ് 80,951.99 ലും നിഫ്റ്റി 203.75 പോയിന്റ് അഥവാ 0.82 ശതമാനം ഇടിഞ്ഞ് 24,609.70 ലും എത്തി.