image

28 May 2023 11:05 AM IST

Market

എഫ്‍പിഐ വരവ് 9 മാസത്തെ ഉയര്‍ച്ചയില്‍

MyFin Desk

fpi inflows at 9-month high
X

Summary

  • നിഫ്റ്റി സമീപ ഭാവിയില്‍ പുതിയ ഉയരം കുറിക്കാന്‍ സാധ്യത
  • എഫ്‍പിഐ പിന്തുണയില്‍ മേയില്‍ നിഫ്റ്റി 2.4% ഉയർന്നു
  • ധനകാര്യ മേഖലയില്‍ മികച്ച വാങ്ങല്‍


വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) മേയ് മാസത്തില്‍ ഉടനീളം ഇന്ത്യൻ ഇക്വിറ്റികളിലെ വാങ്ങല്‍ തുടർന്നു. മേയ് 26 വരെയുള്ള കണക്ക് പ്രകാരം 37,317 കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ ഓഹരി വിപണിയില്‍ എഫ്‍പിഐ-കള്‍ നടത്തിയത്, ഇത് ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന എഫ്‍പിഐ നിക്ഷേപമാണ്. എഫ്‍പിഐ നിക്ഷേപത്തിലെ ഈ പ്രവണത തുടര്‍ന്നാല്‍ നിഫ്റ്റി സമീപ ഭാവിയില്‍ തന്നെ പുതിയ റെക്കോഡ് ഉയരും കുറിക്കുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

"എഫ്‌പിഐകൾ എല്ലാ മേഖലകളിലെ ഓഹരികളും വാങ്ങുന്നുണ്ട്. അവർ ഓട്ടോമൊബൈൽ, ക്യാപിറ്റൽ ഗുഡ്‌സ്, ഹെൽത്ത് കെയർ, ഓയിൽ & ഗ്യാസ്, ടെലികോം തുടങ്ങിയ മേഖലകളിൽ അവർ നിക്ഷേപം നടത്തി. സാമ്പത്തിക സേവനങ്ങളിൽ വൻതോതിലുള്ള വാങ്ങലുകൾ കാണാനായി, പ്രത്യേകിച്ച് ബാങ്കിംഗില്‍," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ വിജയകുമാർ പറഞ്ഞു,

എഫ്‍പിഐകളുടെ സുസ്ഥിരമായ വാങ്ങൽ മേയില്‍ നിഫ്റ്റിയെ 2.4 % ഉയർത്തി. ജപ്പാൻ, തായ്‌വാൻ, ദക്ഷിണ കൊറിയ, ബ്രസീൽ തുടങ്ങിയ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിപണികളിൽ ഒന്നാണ് ഇന്ത്യ. മെയ് 26ന് അവസാനിച്ച വ്യാപാര ആഴ്ചയിൽ സെൻസെക്‌സ് 588.13 പോയിന്റ് അഥവാ 0.95 ശതമാനം ഉയര്‍ന്നെങ്കിലും അതിനെ കവച്ചുവെക്കുന്ന പ്രകടനം നടത്തി നിഫ്റ്റി 50 248.75 പോയിന്റ് അഥവാ 1.36 ശതമാനം ഉയർന്നു. നിലവിൽ സെൻസെക്‌സ് 62,501.69ലും നിഫ്റ്റി 50 18,499.35ലുമാണ്.

ശക്തമായ സൂക്ഷ്മ സാമ്പത്തിക ഘടകങ്ങള്‍, പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത, പോസിറ്റീവ് വരുമാന വീക്ഷണം, ഓഹരികളുടെ മൂല്യം ഇടിവ് എന്നിവയെല്ലാമാണ് ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ ആകർഷിക്കുന്നത്. ഏപ്രിലിൽ ഇക്വിറ്റികളിൽ 11,630 കോടി രൂപയും മാർച്ചിൽ 7,936 കോടി രൂപയും എഫ്‍പിഐകള്‍ അറ്റനിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ 2023ന്‍റെ ആദ്യ രണ്ട് മാസങ്ങളില്‍ മൊത്തം 34,000 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്‍പിഐകള്‍ നടത്തിയത്.

"ഈ വർഷം സാധാരണ മൺസൂൺ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രവചിക്കുന്നു. ഇത് കാർഷിക മേഖലയ്ക്കും അനുബന്ധ മേഖലകൾക്കും ഗുണം ചെയ്യും, ഖാരിഫ് ഉൽപാദനം വർധിക്കും. കാർഷിക വരുമാനം വർധിക്കുന്നതിനൊപ്പം ഓട്ടോമൊബൈൽ, രാസവളങ്ങൾ, കാർഷിക രാസവസ്തുക്കൾ, എഫ്എംസിജി തുടങ്ങിയ മൊത്തത്തിലുള്ള ഗ്രാമീണ ഉപഭോഗം പ്രയോജനപ്പെടുത്തുന്ന മേഖലകളെ ഇത് പിന്തുണയ്ക്കും. പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതു കൂടി കണക്കിലെടുത്താല്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ ധനനയത്തില്‍ അയവ് വരുന്നത് പ്രതീക്ഷിക്കാനാകും," റിലയൻസ് സെക്യൂരിറ്റീസിലെ റിസർച്ച് മേധാവി മിതുൽ ഷാ പറഞ്ഞു. ഇത് എഫ്‍പിഐ വരവിനെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.