21 May 2023 2:21 PM IST
Summary
- 1,057 കോടി രൂപയാണ് ഡെറ്റ് വിപണിയിലെ നിക്ഷേപം
- മിതമായ ഓഹരിവിലയും മികച്ച കോര്‍പ്പറേറ്റ് വരുമാന പ്രതീക്ഷയും നിക്ഷേപകരെ ആകര്‍ഷിക്കുന്നു
- ധനകാര്യത്തില്‍ 8,382 കോടി രൂപയുടെ നിക്ഷേപം
ശക്തമായ സൂക്ഷ്മ സാമ്പത്തിക ഘടകങ്ങള്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത, പോസിറ്റീവ് വരുമാന വീക്ഷണം, ഓഹരികളുടെ മൂല്യം ഇടിവ് എന്നിവയുടെ ഫലമായി വിദേശ നിക്ഷേപകർ മെയ് മാസത്തിൽ ഇതുവരെ ഇന്ത്യൻ ഓഹരികളിൽ 30,945 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്‍പിഐ അറ്റ നിക്ഷേപം 2023ൽ ഇതുവരെ 16,365 കോടി രൂപയിൽ എത്തിയതായി ഡെപ്പോസിറ്ററികളിൽ നിന്ന് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും കോർപ്പറേറ്റ് വരുമാന വളർച്ചയുടെയും സാധ്യതകൾ ഇപ്പോൾ പ്രകടമായതിനാൽ ഇന്ത്യയിൽ എഫ്‌പിഐ നിക്ഷേപം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു. ഡെപ്പോസിറ്ററികളിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, മെയ് 2 മുതൽ മെയ് 19 വരെ എഫ്‍പിഐകൾ ഇന്ത്യൻ ഇക്വിറ്റികളിൽ 30,945 കോടി രൂപ നിക്ഷേപിച്ചു. ഏപ്രിലിൽ ഇക്വിറ്റികളിൽ 11,630 കോടി രൂപയും മാർച്ചിൽ 7,936 കോടി രൂപയും എഫ്‍പിഐകള്‍ അറ്റനിക്ഷേപം നടത്തിയിരുന്നു. 2023 ന്‍ ആദ്യ രണ്ട് മാസങ്ങളില്‍ മൊത്തം 34,000 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്‍പിഐകള്‍ നടത്തിയത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിരക്ക് വർധന താൽക്കാലികമായി നിർത്തിയതാണ് ഇന്ത്യൻ ഓഹരികളിലേക്കുള്ള ഒഴുക്കിന്റെ പ്രാഥമിക ട്രിഗർ എന്ന് ഗ്രീൻ പോർട്ട്‌ഫോളിയോ പിഎംഎസിന്‍റെ സ്ഥാപകൻ ദിവ്യം ശർമ്മ പറഞ്ഞു. "കൂടാതെ, ഇന്ത്യയുടെ ജിഡിപി വളർച്ച 2023-24ൽ 7.5 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ആഗോള ശരാശരിയേക്കാൾ കൂടുതലാണ്, കൂടാതെ കുറഞ്ഞ പണപ്പെരുപ്പവും കറന്റ് അക്കൗണ്ട് മിച്ചവും ചേർന്ന് ഇത് ഇന്ത്യയെ ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നു," റൈറ്റ് റിസർച്ച് സ്ഥാപക സോനം ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യൻ കോർപ്പറേറ്റ് വരുമാനം സംബന്ധിച്ച വളർച്ചാ പ്രവചനവും ഇന്ത്യൻ ഇക്വിറ്റികളിലെ സമീപകാല ഇടിവും, ഇപ്പോൾ ചരിത്രപരമായ ശരാശരിയേക്കാൾ കുറഞ്ഞ വില-വരുമാന അനുപാതത്തിൽ ഓഹരികള്‍ വ്യാപാരം ചെയ്യുന്നതും എഫ്‍പിഐ നിക്ഷേപത്തിലെ കുതിച്ചുചാട്ടത്തിന് കാരണമായെന്ന് അവർ കൂട്ടിച്ചേർത്തു.
മെയ് മാസത്തിൽ ഇതുവരെ 1,057 കോടി രൂപയാണ് ഡെറ്റ് മാർക്കറ്റിൽ എഫ്‍പിഐകള്‍ നിക്ഷേപിച്ചത്. ഓട്ടോ, ഓട്ടോ കംപൊണന്‍റ്സ്, മൂലധന വസ്തുക്കൾ, എഫ്എംസിജി, ഹെൽത്ത് കെയർ, ടെലികോം, റിയൽറ്റി, ഓയിൽ & ഗ്യാസ് തുടങ്ങിയ നിരവധി മേഖലകളിൽ എഫ്പിഐകൾ സ്ഥിരമായി വാങ്ങുന്നവരാണ്. മേയില്‍ ധനകാര്യമേഖലയിലും കാര്യമായ വാങ്ങല്‍ എഫ്‍പിഐകള്‍ നടത്തി. 8,382 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയില്‍ എഫ്‍പിഐകള്‍ നടത്തി.