7 Feb 2023 7:00 PM IST
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജ്വല്ലേഴ്സ് ലിമിറ്റഡിന്റെ അറ്റാദായം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 10.34 ശതമാനം വര്‍ധിച്ച് 148.43 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 134.52 കോടി രൂപയായിരുന്നു. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 13.06 ശതമാനം വര്‍ധിച്ച് 3,435.39 കോടി രൂപയില്‍ നിന്ന് 3,884.09 കോടി രൂപയായി.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ എബിറ്റെട 253 കോടി രൂപയില്‍ നിന്ന് 276 കോടി രൂപയായി.കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഇ കൊമേഴ്സ് വിഭാഗമായ കാന്‍ഡറെയുടെ വരുമാനം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലുണ്ടായിരുന്ന 47 കോടി രൂപയില്‍ നിന്ന് 44 കോടി രൂപയായി.
മിഡില്‍ ഈസ്റ്റില്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 24 ശതമാനം വര്‍ധിച്ച് 515 കോടി രൂപയില്‍ നിന്ന് 641 കോടി രൂപയായി. കമ്പനിയുടെ മൊത്ത വരുമാനത്തില്‍ 16.5 ശതമാനവും മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്നാണ്.
സ്വര്‍ണ്ണ വിലയില്‍ കുതിച്ചു ചാട്ടമുണ്ടെങ്കിലും, വിവാഹ സീസണോടനുബന്ധിച്ച് ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും ശക്തമായ വര്‍ധനവുണ്ടെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ രമേശ് കല്യാണ രാമന്‍ പറഞ്ഞു.
ഈ പാദത്തില്‍ കമ്പനി 2023 ല്‍ 52 പുതിയ ഷോറൂമുകള്‍ കൂടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അക്ഷയ തൃതീയക്ക് മുന്‍പായി 20 ലധികം ഷോറൂമുകളില്‍ ഏകദേശം 900 ജീവനക്കാരെ ഈ പാദത്തില്‍ കമ്പനി നിയമിച്ചിട്ടുണ്ടെന്നും കല്യാണ രാമന്‍ പറഞ്ഞു.