image

30 April 2025 6:54 PM IST

Gold

അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1500 കോടി രൂപയുടെ സ്വർണം

MyFin Desk

gold etf to invest in gold
X

കഴിഞ്ഞവർഷം അക്ഷയതൃതീയ ദിനത്തിലെ സ്വർണ്ണവില 6700 ഇന്ന് 8980. 34% വില വർധനമാണ് ഒരു വർഷത്തിനുള്ളിൽ സ്വർണത്തിൽ അനുഭവപ്പെട്ടത്. നിക്ഷേപം എന്ന നിലയിൽ മികച്ച വരുമാനമാണ് സ്വർണ്ണത്തിൽ നിന്ന് ലഭിച്ചത്. അക്ഷയതൃതീയ സ്വർണ്ണോത്സവം കേരളത്തിലെ സ്വർണ വിപണിയിൽ പുത്തൻ ഉണർവാണ് പകർന്നു നൽകിയത്. കഴിഞ്ഞവർഷത്തേക്കാൾ 35% ത്തോളം മികച്ച വരുമാനമാണ് സ്വർണ്ണത്തിൽ നിന്ന് ലഭിച്ചത്. വിലവർധനവുണ്ടായിട്ടും സ്വർണം വാങ്ങുന്നവരുടെ പർച്ചേസ് പവറിൽ യാതൊരു കുറവും വന്നിട്ടില്ല.

സ്വർണ്ണ വ്യാപാര മേഖലയിൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. സ്വർണ്ണം ആഭരണമായി അണിയുന്നതിന് മാത്രമല്ല,മികച്ച വരുമാനം കൂടിയാണെന്ന തിരിച്ചറിവാണ് സ്വർണം വാങ്ങാനുള്ളവരുടെ എണ്ണം വർദ്ധിച്ചത്. പരമ്പരാഗതമായ ആഘോഷ രീതികളോടെയാണ് അക്ഷയതൃതീയ സ്വർണ്ണോത്സവത്തിന് ആരംഭം കുറിച്ചത്. മിക്കവാറും എല്ലാ ജ്വല്ലറികളിലും രാവിലെ നിലവിളക്കുകൾ കൊളുത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ജ്വല്ലറികൾ രാവിലെ എട്ടുമണിക്ക് തന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചിരുന്നു. രാവിലെ തന്നെ സ്വർണ വ്യാപാരശാലകളിൽ സ്വർണ്ണ വാങ്ങാൻ എത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടു. അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, കോയിനുകൾ, 24 കാരറ്റ് ബാറുകൾ, ഡയമണ്ട്,പ്ലാറ്റിനം, സിൽവർ ആഭരണങ്ങൾ തുടങ്ങിയവ എല്ലാ ആഭരണശാലകളിലും ഒരുക്കിയിട്ടുണ്ടായിരുന്നു.

നൂറു മില്ലിഗ്രാം മുതലുള്ള ആഭരണങ്ങൾ സ്വർണ വ്യാപാരശാലകളിൽ ലഭ്യമായിരുന്നു. ഏറ്റവും കുറഞ്ഞ തൂക്കം സ്വർണ്ണമെങ്കിലും വാങ്ങിക്കുക എന്നതായിരുന്നു പ്രത്യേകത. കേരളമെമ്പാടുമുള്ള പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിലേക്ക് 5 ലക്ഷത്തോളം കുടുംബങ്ങൾ സ്വർണ്ണം വാങ്ങാൻ എത്തിയതായും, പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വ്യാപാരം നടന്നതായും അസോസിയേഷൻ അറിയിച്ചു.

1500 കോടി രൂപയ്ക്ക് മുകളിൽ സ്വർണ്ണ വ്യാപാരം നടന്നതായിട്ടാണ് സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നും ലഭിക്കുന്ന സൂചനകൾ എന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.