8 Oct 2025 10:50 AM IST
Summary
പവന് വില 90,320 രൂപ
സ്വര്‍ണവില 90,000 വും കടന്നു! സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിലാണ്. പവന് 840 രൂപ വര്‍ധിച്ചതോടെ വില 90,320 രൂപയിലെത്തി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത് 105 രൂപയാണ്. ഇതോടെ ഗ്രാമിന് വില 11,290 രൂപയിലെത്തി.
സെപ്റ്റംബര്‍ ഒന്‍പതിനാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 80,000 രൂപ എന്ന കടമ്പ കടന്നത്. അതിനുശേഷം പതിനായിരം രൂപയുടെ വ്യത്യാസമാണ് ഒരുമാസത്തിനിടെ പൊന്നിനുണ്ടായത്.
18 കാരറ്റ് സ്വര്‍ണത്തിനും വിലവര്‍ധനവുണ്ടായി. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9290 രൂപയിലാണ് ഇന്ന് വ്യാപാരം. വെള്ളിക്കും വില വര്‍ധിച്ചു. ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച് 163 രൂപയാണ് ഇന്നത്തെ വിപണിവില.
അന്താരാഷ്ട്ര സ്വര്‍ണവില 4000 ഡോളര്‍ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് മറികടന്നത്. ഇതാണ് സംസ്ഥാനത്തും വിലവര്‍ധിക്കാന്‍ കാരണമായത്. 2008 ല്‍ 1000 ഡോളറും, 2011ല്‍ 2000 ഡോളറും, 2021ല്‍ 3000 ഡോളറും, മറികടന്നതിനുശേഷം ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലെത്തിയിരിക്കുകയാണ് പൊന്ന്. യുഎസിലുണ്ടായ ഭരണസ്തംഭനവും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി.
ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിന് ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജസും ചേര്‍ത്താല്‍ ഇന്ന് 98621 രൂപയെങ്കിലും നല്‍കേണ്ടിവരും.