3 Sept 2025 10:45 AM IST
Summary
രണ്ടാഴ്ചകൊണ്ട് സ്വര്‍ണത്തിന് വര്‍ധിച്ചത് 5000 രൂപ
സംസ്ഥാനത്ത് വീണ്ടും കത്തിക്കയറി സ്വര്‍ണവില. പവന് വില 78,000 കടന്നു. സര്‍വകാല റെക്കോര്‍ഡുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെയാണ് പൊന്നിന്റെ കുതിപ്പ്. ഇന്ന് പവന് വര്‍ധിച്ചത് 640 രൂപയാണ്. സ്വര്‍ണം ഗ്രാമിന് 80 രൂപയും വര്‍ധിച്ചു.
ഇന്നത്തെ കുതിപ്പോടെ ഗ്രാമിന് 9805 രൂപയും പവന് 78,440 രൂപയുമായി ഉയര്‍ന്നു. രണ്ടാഴ്ചകൊണ്ട് സ്വര്‍ണത്തിന് 5000 രൂപയാണ് വര്‍ധിച്ചത്. പൊന്നിന്റെ ചരിത്രത്തിലുണ്ടാകാത്ത കുതിപ്പാണ് ഇപ്പോള്‍ ഉണ്ടാകുന്നത്.
അമിതമായ വില വര്‍ധന ഓണത്തിന് സ്വര്‍ണം വാങ്ങാനിരുന്നവര്‍ക്ക് തിരിച്ചടിയാണ്. അമിതമായ വില വര്‍ധന വ്യാപാരത്തെ ബാധിക്കുമോയെന്ന് കച്ചവടക്കാരും ആശങ്കപ്പെടുന്നുണ്ട്.
18 കാരറ്റ് സ്വര്‍ണവിലയും ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 8050 രൂപയിലെത്തി. ഒന്‍പത് കാരറ്റിന്റെ വിലപോലും 4040 രൂപയിലെത്തി.
വെള്ളിവിലയും കുതിച്ചുയരുന്നു. ഗ്രാമിന് ഇന്ന് രണ്ടൂപ വര്‍ധിച്ച് 133 രൂപയ്ക്കാണ് വ്യാപാരം.
അന്താരാഷ്ട്ര സ്വര്‍ണവിലയിലുണ്ടായ കുതിപ്പാണ് സംസ്ഥാനത്തെ വിലവര്‍ധനക്കും കാരണമായത്. ആഗോളതലത്തിലെ വ്യാപാര തര്‍ക്കങ്ങളും താരിഫ് യുദ്ധവും സ്വര്‍ണത്തിനെ കൂടുതല്‍ സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും കണക്കാക്കിയാല്‍പോലും 85,000 രൂപയ്ക്ക് മുകളില്‍വേണം.