8 Sept 2025 3:40 PM IST
Summary
അന്താരാഷ്ട്ര റെക്കോര്‍ഡിന് തൊട്ടരികെയാണ് ഇപ്പോള്‍ സ്വര്‍ണവില
അന്താരാഷ്ട്ര സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 3,586.81 ഡോളറിലെത്തി. രാജ്യത്തും വില കൂടുതല്‍ ഉയരുമെന്ന ആശങ്കയിലാണ് ജനം.
ഔണ്‍സിന് 3,599 ഡോളര്‍ ആണ് അന്താരാഷ്ട്ര വിലയിലെ സര്‍വകാല ഉയരം. ഇതിന് തൊട്ടടുത്താണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഡിസംബറിലെ യുഎസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ ഔണ്‍സിന് 3,626 ഡോളറിലാണുള്ളത്. രാജ്യത്ത് 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1.08 ലക്ഷം രൂപയിലുമെത്തി.
യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് വിലയെ സ്വാധീനിച്ചിരിക്കുന്നത്. അമേരിക്കയില്‍ പുതിയ തൊഴിലവസരങ്ങള്‍ കുത്തനെ കുറഞ്ഞെന്ന തൊഴില്‍ ഡേറ്റയും പുറത്ത് വന്നു. തൊഴില്‍ കുറവ് ഫെഡിനെ പലിശ കുറയ്ക്കാന്‍ പ്രേരിപ്പിക്കും. പലിശ നിരക്ക് കുറയുന്നതോടെ ഡോളറില്‍ നിന്നും ബോണ്ടില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്ക് മാറും. ഇതാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്നത്.
ഫെഡറല്‍ റിസര്‍വില്‍ ഒഴിവുള്ള ഗവര്‍ണര്‍മാരെ ഉടന്‍ നിയമിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതോടെ ഫെഡില്‍ ട്രംപിന്റെ സ്വാധീനം ശക്തമാവുകയാണ്. പലിശ നിരക്ക് കുറയ്ക്കണമെന്നാണ് ട്രംപിന്റെയും ആവശ്യം. ഇതും വരും മാസങ്ങളില്‍ സ്വര്‍ണ വില ഉയര്‍ത്താം. കൂടാതെ അമേരിക്കയുടെ വരാനിരിക്കുന്ന പണപ്പെരുപ്പ ഡേറ്റയും സ്വര്‍ണ വിപണിയെ സ്വാധീനിക്കാം.